അബ്രാഹാമിൻ്റെ രണ്ടു സഹയാത്രികർ

June-2025

കനാൻ ദേശത്തേക്കുള്ള യാത്രയിൽ ഈ രണ്ടു സഹയാത്രികൾ അബ്രാഹാമിൻ്റെ ഒപ്പമുണ്ടായിരുന്നു എങ്കിലും എല്യേസറിനെയിരുന്നു അബ്രാഹാം വിശ്വസ്തനായി എണ്ണിയത്. ഒരു ദൈവപൈതലിൻ്റെ ജീവിതവുമായി താരതമ്യപ്പെടുത്തി ഈ തിരുവചനഭാഗം ചിന്തിച്ചാൽ, ചില ആത്മീയ മർമ്മങ്ങൾ പരിശുദ്ധാത്മാവിന് നമ്മെ ബോധ്യപ്പെടുത്തുവാനുണ്ട്. സ്വർഗ്ഗീയ കനാൻ ദേശം ലക്ഷ്യമാക്കിയുള്ള നമ്മുടെ ഈ ജീവിതയാത്രയിൽ, ലോത്തിനെയും എല്യേസറിനെയും പോലുള്ള ചിലർ നമ്മുടെ ഒപ്പവും ഉണ്ടാകും. നീതിമാനായി അഭിനയിച്ചുകൊണ്ട് ചില വലഞ്ഞ നീതിമാന്മാരും, നമ്മിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ കട്ടയ്ക്ക് കൂടെനിൽക്കുന്ന വിശ്വസ്തന്മാരും.


     ഒരിക്കൽ യഹോവയായ ദൈവം അബ്രാഹാമിനെ വിളിച്ച് പാലും തേനും ഒഴുകുന്ന കനാൻ ദേശം അവകാശമായി തരുമെന്നു പറഞ്ഞു. ദൈവവിളികേട്ട അബ്രാഹാം തൻ്റെ ദേശംവിട്ട് കുടുംബസമേതം കനാനിലേക്ക് യാത്ര ആരംഭിച്ചു.
     അബ്രാഹാമിൻ്റെ കനാൻദേശത്തേക്കുള്ള യാത്രയിൽ പ്രധാനപ്പെട്ട രണ്ടു സഹയാത്രികർ അബ്രാഹാമിനൊപ്പമുണ്ടായിരുന്നു. *ഒന്ന്:* തൻ്റെ സഹോദരൻ്റെ മകനായ ലോത്ത്, *രണ്ട്:* തൻ്റെ വീടിന്നു മൂപ്പനും തനിക്കുള്ളതിന്നൊക്കെയും വിചാരകനുമായ എല്യേസർ. ഈ രണ്ടു വ്യക്തികളുടെ സ്വഭാവവും രീതികളും തികച്ചും വ്യത്യസ്തമായിരുന്നു. നീതിമാനായ അബ്രാഹാമിൻ്റെ തണലിൽ ജീവിച്ചതുകൊണ്ടുമാത്രം നീതിമാൻ്റെ ഒരു ചെറിയ ഗുണം ലോത്തിനും കിട്ടിപ്പോയി. അതുകൊണ്ടാണ് ദൈവദൂതന്മാരെ തൻ്റെ വീട്ടിൽകൈക്കൊൾകയും അവർക്ക് വിരുന്നൊരുക്കുകയും ചെയ്തത്. അതിനപ്പുറം എടുത്തുപറയത്തക്ക ഒരു നന്മയും ലോത്തിൻ്റെ ജീവിതത്തിൽ കാണുന്നില്ല.
     അബ്രാഹാമിന് കനാൻ ദേശത്തെക്കുറിച്ച് ഒരു ദർശനവും കാഴ്ച്ചപ്പാടുമുണ്ടായിരുന്നു. എന്നാൽ ലോത്തിൻ്റെ കാഴ്ച്ചപ്പാട് അതിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ദുഷ്ടന്മാരും മഹാപാപികളും ജീവിച്ചിരുന്ന സോദോം കണ്ടപ്പോൾ അതു യഹോവയുടെ തോട്ടംപോലെയാണ് ലോത്തിന് തോന്നിയത്. അബ്രാഹാമിനോട് കൂടെ യാത്രചെയ്തിരുന്നെങ്കിലും, ലോത്ത് ഒരിക്കലും അബ്രാഹാമിൻ്റെ ദൈവത്തിന് ഒരു യാഗപീഠം പണിയുകയോ ഒരു യാഗം അർപ്പിക്കുകയോ ചെയ്തില്ല. ഉല്പ. 17 അധ്യായത്തിൽ അബ്രാഹാമിൻ്റെ ഭവനത്തിൽ പരിചേഛദന ഏറ്റവരുടെ കൂട്ടത്തിലും ലോത്തിനെ കാണുന്നില്ല.
    എന്നാൽ എല്യേസർ അങ്ങനെയായിരുന്നില്ല. അവൻ ഒരിക്കലും അബ്രാഹാമിനെ ഉപേക്ഷിച്ച് പോയില്ല. അവൻ പരിചേഛദന ഏറ്റ് ദൈവനിയമിൻ്റെ ഭാഗമായിത്തീർന്നു. ശരീരത്തിൽ നിത്യനിയമത്തിൻ്റെ അടയാളം ഏറ്റ് അബ്രാഹാമിൻ്റെ കൂടെ വിശ്വസ്തനായി പാർത്തു. അതുകൊണ്ടാണ് തൻ്റെ മകനായ യിസ്ഹാക്കിന് ഭാര്യയെ കണ്ടെത്തുന്നതിനുവേണ്ടി അബ്രാഹാം വിശ്വസ്തനായ എല്യേസറിനെതന്നെ തൻ്റെ ദേശത്തേക്കും ചാർച്ചക്കാരുടെ അടുക്കലേക്കുമയക്കുന്നത്. അവിടെചെന്ന എല്യേസർ തൻ്റെ യജമാനനായ അബ്രാഹാമിനെക്കുറിച്ച് പറയുന്ന സാക്ഷ്യംമതി എല്യേസർ ആരാണ് എന്ന് മനസ്സിലാക്കുവാൻ. (ഉല്പ. 24:27..) “എൻ്റെ യജമാനനായ അബ്രാഹാമിൻ്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ എൻ്റെ യജമാനനോടുള്ള ദയയും വിശ്വസ്തതയും ഉപേക്ഷിച്ചിട്ടില്ല….”
       കനാൻ ദേശത്തേക്കുള്ള യാത്രയിൽ ഈ രണ്ടു സഹയാത്രികൾ അബ്രാഹാമിൻ്റെ ഒപ്പമുണ്ടായിരുന്നു എങ്കിലും എല്യേസറിനെയിരുന്നു അബ്രാഹാം വിശ്വസ്തനായി എണ്ണിയത്.
ഒരു ദൈവപൈതലിൻ്റെ ജീവിതവുമായി താരതമ്യപ്പെടുത്തി ഈ തിരുവചനഭാഗം ചിന്തിച്ചാൽ, ചില ആത്മീയ മർമ്മങ്ങൾ പരിശുദ്ധാത്മാവിന് നമ്മെ ബോധ്യപ്പെടുത്തുവാനുണ്ട്. സ്വർഗ്ഗീയ കനാൻ ദേശം ലക്ഷ്യമാക്കിയുള്ള നമ്മുടെ ഈ ജീവിതയാത്രയിൽ, ലോത്തിനെയും എല്യേസറിനെയും പോലുള്ള ചിലർ നമ്മുടെ ഒപ്പവും ഉണ്ടാകും. നീതിമാനായി അഭിനയിച്ചുകൊണ്ട് ചില വലഞ്ഞ നീതിമാന്മാരും, നമ്മിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ കട്ടയ്ക്ക് കൂടെനിൽക്കുന്ന വിശ്വസ്തന്മാരും.
     ദൈവമക്കളുടെ ഉള്ളിലുള്ള രണ്ടു സ്വഭാവങ്ങളായി ഈ ലോത്തിനെയും എല്യേസറിനെയും കാണാം. വിശ്വാസിയാണ് എന്നു പറയുകയും വിശുദ്ധിയും വേർപാടും ആരാധനയും ഇല്ലാത്ത നാമധേയ വിശ്വാസികൾ ലോത്തിനെപ്പോലെയാണ്. നിത്യഉടമ്പടിയുടെ അടയാളമായ യേശുക്രിസ്തുവിൻ്റെ രക്തം ആത്മാവിലും ശരീരത്തിലും വഹിക്കുന്നവർ എല്യേസറിനെപ്പോലെയാണ്.
ഈ രണ്ടുകൂട്ടരിൽ ആരെ നമ്മൾ തിരഞ്ഞെടുക്കും ? ആരെ നമ്മൾ കൂടെ നിർത്തും ?
ദൈവകരങ്ങളിൽ സമർപ്പിച്ചുകൊടുത്ത് പ്രാർത്ഥിക്കാം
കർത്താവനുഗ്രഹിക്കട്ടെ,
ഒരു നല്ലദിനം ആശംസിച്ചുകൊണ്ട്,
ഭോപ്പാലിലെ വചനമാരിയിൽനിന്ന്
ഷൈജു പാസ്റ്റർ (മൊ. 9424400654)
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കേണ്ടതിന്നു വിളിക്കേണ്ട നമ്പർ: 9589741414, 7000477047, 07554297672, 7898211849
ഈ ആത്മീയ സന്ദേശം മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
https://chat.whatsapp.com/JaqhFgqRSauGZo6Mi5M1ss  വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”