യോഹ. 14:13 “നിങ്ങൾ എൻ്റെ നാമത്തിൽ *അപേക്ഷിക്കുന്നതു* ഒക്കെയും പിതാവ് പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും”
നമ്മുടെ കർത്താവിൻ്റെ പരസ്യ ശുശ്രൂഷാനാളുകളിൽ പല പ്രശ്നങ്ങളാൽ കഷ്ടത അനുഭവിച്ചുകൊണ്ടിരുന്ന നിരവധി ആളുകൾ അവിടുത്തെ തേടിവന്നു. അവർ കർത്താവിനോട്, തങ്ങളെ സഹായിക്കണമേ, രക്ഷിക്കേണമേ, തൊടേണമേ... എന്നു പറഞ്ഞപ്പോൾ കർത്താവ് അവരോട് മനസ്സലിഞ്ഞു.
ഒരിക്കൽ ഊമനും ചെകിടനുമായ മകനെയുംകൊണ്ട് ഒരു പിതാവ്
യേശു കർത്താവിൻ്റെ അടുക്കൽവന്ന്, ഞങ്ങളെ *
സഹായിക്കേണമേ* എന്ന് കർത്താവിനോട് അപേക്ഷിച്ചു. യേശു കർത്താവ് അവൻ്റെ കൈക്കു പിടിച്ച് എഴുന്നേൽപ്പിച്ച് അവനെ സൌഖ്യമാക്കി (മർക്കൊ. 9:22..).
മറ്റൊരിക്കൽ പള്ളിപ്രമാണിയായ യായിറോസ് എന്ന വ്യക്തി യേശുകർത്താവിൻ്റെ അടുക്കൽ വന്ന് രോഗിയായ തൻ്റെ മകളുടെമേൽ *കൈവെക്കേണമേ* എന്നു അപേക്ഷിച്ചു. കർത്താവ് അവൻ്റെ വീട്ടിൽചെന്ന് കുട്ടിയുടെ കൈക്കു പിടിച്ചു; ബാലേ എഴുന്നേൽക്ക എന്നു കൽപ്പിച്ചു. പന്ത്രണ്ടു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ആ കുട്ടി കിടക്കയിൽനിന്ന് എഴുന്നേറ്റു (മർക്കൊ. 5:23..).
പിന്നീടൊരിക്കൽ കർത്താവിൻ്റെ ശിഷ്യനായ പത്രൊസ് കാറ്റു കണ്ട് പേടിച്ചു വെള്ളത്തിൽ മുങ്ങിത്തുടങ്ങുന്ന വേളയിൽ, കർത്താവേ, എന്നെ *രക്ഷിക്കേണമേ* എന്നു നിലവിളിച്ചപ്പോൾ നാഥൻ കരംനീട്ടി അവനെ പിടിച്ചു (മത്തായി 14:30..)
ഇനിയും നിരവധി സംഭവങ്ങൾ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്; അവർ കർത്താവിനെ നോക്കി, തങ്ങളെ *രക്ഷിക്കേണമേ,* *സഹായിക്കേണമേ,* *തൊടേണമേ*.. എന്നു അപേക്ഷിച്ചപ്പോൾ യേശു കർത്താവ് അവരോട് മനസ്സലിഞ്ഞു (അവരെ രക്ഷിച്ചു, സഹായിച്ചു, തൊട്ടുസൌഖ്യമാക്കി). ഇന്നും കർത്താവിനെ വിളിച്ച് അപേക്ഷിക്കുന്നവരോട് അവിടുന്ന് കരുണ കാണിക്കുന്നു.
*1)* ശതാധിപൻ യേശുവിനോട് അപേക്ഷിച്ചു കർത്താവ് ആ അപേക്ഷ സ്വീകരിച്ച് അവന്റെ ബാല്യക്കാരനെ സൌഖ്യമാക്കി (മത്തായി 8:6)
*2)* പട്ടണവാസികൾ യേശുവിനോട് അപേക്ഷിച്ചു കർത്താവ് ആ അപേക്ഷ സ്വീകരിച്ച് പട്ടണം വിട്ടുപോയി (മത്തായി 8:34)
*3)* കുഷ്ഠരോഗി യേശുവിനോട് അപേക്ഷിച്ചു കർത്താവ് ആ അപേക്ഷ സ്വീകരിച്ച് അവനെ സൌഖ്യമാക്കി (മർക്കൊ. 1:40)
*4)* യവനസ്ത്രീ മകൾക്കുവേണ്ടി യേശുവിനോട് അപേക്ഷിച്ചു കർത്താവ് ആ അപേക്ഷ സ്വീകരിച്ച് അശുദ്ധാത്മാവ് ബാധിച്ചിരുന്ന അവളുടെ മകളെ സൌഖ്യമാക്കി (മർക്കൊ. 7:26)
*5)* വിക്കനായോരു ചെകിടനുവേണ്ടി യേശുവിനോട് അപേക്ഷിച്ചു കർത്താവ് അവരുടെ അപേക്ഷ സ്വീകരിച്ച് അവനെ സൌഖ്യമാക്കി (മർക്കൊ. 7:32)
*6)* കുരുടനുവേണ്ടി യേശുവിനോട് അപേക്ഷിച്ചു കർത്താവ് ആ അപേക്ഷ സ്വീകരിച്ച് കുരുടന് കാഴ്ചനൽകി (മർക്കൊ. 8:22)
*7)* ശിമോൻ്റെ അമ്മാവിയമ്മയ്ക്കുവേണ്ടി യേശുവിനോട് അപേക്ഷിച്ചു കർത്താവ് ആ അപേക്ഷ സ്വീകരിച്ചു ജ്വരത്തെ ശാസിച്ച് അവളെ സൌഖ്യമാക്കി (ലൂക്കൊ. 4:38)
യേശുകർത്താവിൻ്റെ അടുക്കൽ അപേക്ഷയുമായി വന്ന ആരെയും അവിടുന്ന് കൈവിട്ടില്ല, ആരോടും ഇല്ല എന്നു പറഞ്ഞില്ല, ആരെയും നിരാശയോടെ പറഞ്ഞയച്ചില്ല. അതുകൊണ്ടാണ് അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തത്; “നിങ്ങൾ എൻ്റെ നാമത്തിൽ എന്നോട് അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും” (യോഹന്നാൻ 14:14).
ഈ മാസത്തിൻ്റെ തുടക്കത്തിൽതന്നെ ദൈവാത്മാവ് തരുന്ന ഈ ആലോചന ഏറ്റെടുത്തുകൊൾക, അവിടുന്ന് നമ്മുടെ അപേക്ഷയും സ്വീകരിക്കും, നിശ്ചയമായും നമ്മുടെ വിഷയങ്ങൾക്കും തീരുമാനമുണ്ടാക്കും, വിശ്വസിക്കുന്നവർക്ക് ആമേൻ പറയാം.
വചനമാരി സുവിശേഷപ്രവർത്തനങ്ങൾക്ക് സ്തോത്രക്കാഴ്ചയും ദശാംശവും അയക്കുന്നവരുടെ ശ്രദ്ധയ്ക്ക് വചനമാരിയുടെ അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു
1) Bank A/C No. 13500100172414, VACHANAMARI, Federal Bank, M P Ngarag, Bhopal (IFSC : FDRL0001350)
2) Bank A/C No. 10020041096, SHAIJU JOHN, State Bank of India, Nayapura, Bhopal (IFSC : SBIN0010526)
GooglePay (UPI) No. 9424400654