യഹോവ എനിക്കു ചുറ്റും പരിച ആകുന്നു.

August-2025

രാജാവ് യുദ്ധത്തിൽ ജയിക്കുന്നത് അവൻ്റെ കയ്യിലിരിക്കുന്ന പരിചയുടെ മഹത്വത്താലല്ല, ആ പരിചയിൽ വ്യാപരിക്കുന്ന അഭിഷേകത്തിൻ്റെ ശക്തിയിലാണ് എന്ന് തിരുവചനം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. (2 ശമു. 1:21) .ശൌൽ ദൈവത്തെ അനുസരിച്ചുകൊണ്ട് ജീവിച്ചിരുന്ന കാലത്ത് അവൻ്റെ പരിചയിൽ തൈലാഭിഷേകമുണ്ടായിരുന്നു. അനുസരണക്കേട് കാണിച്ചപ്പോൾ അവൻ്റെ പരിചയിൽ നിന്ന് ആ അഭിഷേകം നഷ്ടപ്പെട്ടു. പിന്നീട് സംഭവിച്ചത് എന്താണ് എന്ന് ഗിൽബോവപർവ്വതങ്ങളിലെ യുദ്ധത്തിൽ കാണുന്നുണ്ട്, (അവിടെവെച്ചാണല്ലോ ശൌൽ ഫെലിസ്ത്യരോട് യുദ്ധത്തിൽ തോൽക്കുകയും ആത്മഹത്യചെയ്യുകയും ഉണ്ടായത് 1 ശമു. 31:1..).


      സങ്കീ. 3:3 “നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എൻ്റെ മഹത്വവും എൻ്റെ തല ഉയർത്തുന്നവനും ആകുന്നു.”
     ദൈവപുരുഷനായ ദാവീദ് പാടിയ സങ്കീർത്തന വരികളാണ് ഇത്. ഏതു സാഹചര്യത്തിലാണ് താൻ ഇത് പാടിയത് എന്ന് മൂന്നാം സങ്കീർത്തനത്തിൻ്റെ തലക്കെട്ട് വായിക്കുമ്പോൾ നമുക്കു മനസ്സിലാകും. തൻ്റെ മകൻ്റെ കൈയ്യിൽപെടാതെ പ്രാണരക്ഷാർത്ഥം ഓടിപ്പോകുമ്പോഴാണ് ദാവീദ് ഈ സങ്കീർത്തനം പാടിയിരിക്കുന്നത്.
ആരോഗ്യവും പ്രാപ്തിയുമുള്ള മക്കൾ മാതാപിതാക്കൾക്ക് ഒരു അനുഗ്രഹമാണ്. പ്രായമാകുമ്പോൾ അവരുടെ സംരക്ഷണത്തിലും കരുതലിലും ജീവിക്കുവാനാണ് ഏതു മാതാപിതാക്കളും ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ജ്ഞാനിയായ ശലോമോൻ 127 ാം സങ്കീർത്തനത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നത് “മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ. വീരൻ്റെ കയ്യിലെ അസ്ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൌവനത്തിലെ മക്കൾ. അവയെക്കൊണ്ടു തൻ്റെ ആവനാഴിക നിറെച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ; നഗരവാതിൽക്കൽവെച്ചു ശത്രുക്കളോടു സംസാരിക്കുമ്പോൾ അങ്ങനെയുള്ളവർ ലജ്ജിച്ചുപോകയില്ല.”
      മാതാപിതാക്കൾക്ക് അനുഗ്രഹമാകേണ്ട / അവരെ സംരക്ഷിക്കേണ്ട മക്കൾ (പരിചയും, മഹത്വവും, മാതാപിതാക്കളുടെ തല ഉയർത്തേണ്ടവരുമായ മക്കൾ) ശത്രുക്കളെപ്പോലെ ആയാലോ, ഉപദ്രവിക്കുവാൻ ശ്രമിച്ചാലോ, എന്തു ചെയ്യും ?
     ദാവീദിനെപ്പോലെ ദൈവത്തിൽ ആശ്രയിക്കുകയാണ് വേണ്ടത്. തനിക്ക് പരിചയാകേണ്ട മകൻ പ്രാണനെടുക്കുവാൻ വാളോങ്ങിയപ്പോൾ ദാവീദ് തൻ്റെ ദൈവത്തോട് പറഞ്ഞ വാക്കുകളാണ് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് (“നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എൻ്റെ മഹത്വവും എൻ്റെ തല ഉയർത്തുന്നവനും ആകുന്നു).
     സ്വർഗ്ഗത്തിലെ ദൈവം നമുക്കു പരിചയായി ഉണ്ട് എങ്കിൽ (2 ശമു. 22:31, സദൃശ്യ.2:7), ഒരു വാളിൻ്റെ വായ്ത്തലയ്ക്കും നമ്മെ ഒരു പോറലുപോലും ഏൽപ്പിക്കാൻ കഴിയില്ല സ്തോത്രം !


      പരിചയെക്കുറിച്ച് നിരവധി കാര്യങ്ങൾ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ശത്രുവിൻ്റെ ആക്രമണത്തെ തടയുന്നതിനുവേണ്ടിയും തങ്ങൾക്ക് മുറിവേൽക്കാതിരിക്കുന്നതിനും വേണ്ടിയാണ് പടയാളികൾ പരിച കയ്യിലെടുക്കുന്നത്. രാജാക്കന്മാരും സൈനികരും തങ്ങളുടെ സമ്പത്തിൻ്റെ അടിസ്ഥാനത്തിൽ, മരത്തിൻ്റെ പരിച തുടങ്ങി സ്വർണ്ണപരിചകൾ വരെ യുദ്ധത്തിൽ ഉപയോഗിച്ചിരുന്നു എന്ന് കാണുവാൻ കഴിയും (1 രാജാ. 10:16). എന്നാൽ രാജാവ് യുദ്ധത്തിൽ ജയിക്കുന്നത് അവൻ്റെ കയ്യിലിരിക്കുന്ന പരിചയുടെ മഹത്വത്താലല്ല, ആ പരിചയിൽ വ്യാപരിക്കുന്ന അഭിഷേകത്തിൻ്റെ ശക്തിയിലാണ് എന്ന് തിരുവചനം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. 2 ശമു. 1:21 “ഗിൽബോവപർവ്വതങ്ങളേ, നിങ്ങളുടെ മേൽ മഞ്ഞോ മഴയോ പെയ്യാതെയും വഴിപാടുനിലങ്ങൾ ഇല്ലാതെയും പോകട്ടെ. അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞതു; ശൌലിൻ്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നേ.”
      ശൌൽ ദൈവത്തെ അനുസരിച്ചുകൊണ്ട് ജീവിച്ചിരുന്ന കാലത്ത് അവൻ്റെ പരിചയിൽ തൈലാഭിഷേകമുണ്ടായിരുന്നു. അനുസരണക്കേട് കാണിച്ചപ്പോൾ അവൻ്റെ പരിചയിൽ നിന്ന് ആ അഭിഷേകം നഷ്ടപ്പെട്ടു. പിന്നീട് സംഭവിച്ചത് എന്താണ് എന്ന് ഗിൽബോവപർവ്വതങ്ങളിലെ യുദ്ധത്തിൽ കാണുന്നുണ്ട്, (അവിടെവെച്ചാണല്ലോ ശൌൽ ഫെലിസ്ത്യരോട് യുദ്ധത്തിൽ തോൽക്കുകയും ആത്മഹത്യചെയ്യുകയും ഉണ്ടായത് 1 ശമു. 31:1..).
      47 ാം സങ്കീർത്തനത്തിൽ കോരഹ്പുത്രന്മാർ പരിചയെക്കുറിച്ച് ‘ഭൂമിയിലെ പരിചകൾ’ എന്ന് എഴുതിയിരിക്കുന്നതു കാണുന്നുണ്ട്. ജീവിതത്തിൽ തങ്ങൾക്ക് പരിചയായി നിൽക്കേണ്ട മാതാപിതാക്കളെയും ഉറ്റവരെയും ഭൂമി വായിതുറന്ന് വിഴുങ്ങിക്കളഞ്ഞപ്പോൾ (സംഖ്യ 26:11), കോരഹ് പുത്രന്മാർ യഹോവയായ ദൈവത്തെ തങ്ങളുടെ പരിചയാക്കി.


മനുഷ്യനിർമ്മിതമായ പരിചകൾക്കും, പരിച സമമായ ബന്ധങ്ങൾക്കുമൊന്നും ആരെയും പൂർണ്ണമായി സംരക്ഷിക്കുവാൻ കഴിയില്ല എന്ന് ഇതുപോലുള്ള നിരവധി വേദപുസ്തക സംഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ട്. എന്നാൽ;
     സ്വന്തമകൻ തനിക്കുനേരെ വാളെടുത്തപ്പോൾ ദാവീദ് യഹോയ ദൈവത്തോട് എൻ്റെ പരിചയായിരിക്കേണമേ എന്നു പ്രാർത്ഥിച്ചതുപോലെ….,

     മാതാപിതാക്കളും ഉറ്റവരും നഷ്ടപ്പെട്ട കോരഹ്പുത്രന്മാർക്ക് സ്വർഗ്ഗത്തിലെ ദൈവം പരിചയായി മാറിയതുപോലെ….,

ദൈവപുരുഷനായ മോശെയ്ക്ക് അത്യുന്നതനായ ദൈവം പരിചയും പലകയുമായിരുന്നതുപോലെ (സങ്കീ. 91:4)…’

ഇന്ന് നമുക്കും കർത്താവിനോട് പ്രാർത്ഥിക്കാം:
     പ്രിയ കർത്താവേ, എന്നെ തകർക്കുവാനും ഇല്ലാതാക്കുവാനും ശത്രുവിൻ്റെ തീയ്യമ്പുകൾ എൻ്റെ നേരെവരുമ്പോൾ അവിടുന്ന് എനിക്കു ചുറ്റും പരിചയായിരിക്കേണമേ, *ആമേൻ*

ഈ തിരുവചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ,
പ്രാർത്ഥനയോടെ,
ഭോപ്പാലിലെ വചനമാരിയിൽനിന്നും
ഷൈജു പാസ്റ്റർ (9424400654)


പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7000477047, 9589741414

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ