നിശ്ചയം !

September-2025

പ്രവാചകന്മാരും അഭിഷക്തരും വാനോളം വർണ്ണിച്ചെഴുതിയ മിശിഹായെ സ്വന്ത കണ്ണുകൊണ്ടു കാണുവാൻ വെമ്പലോടെ കാത്തിരുന്ന ശിമ്യോന് ദൈവപുത്രനെ കയ്യിലേന്തുവാനുള്ള മഹാഭാഗ്യമാണ് ലഭിച്ചത്. നമ്മൾ കർത്താവിൽ ആശവെച്ച് കാത്തിരിക്കുന്ന വിഷയങ്ങളിൽ സ്വർഗ്ഗം പ്രവർത്തിക്കുന്ന വിധങ്ങൾ അവർണ്ണനീയമായിരിക്കും.


      *നിശ്ചയം* എന്ന് അടിവരയിട്ടുകൊണ്ട് തിരുവചനത്തിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്ന വാഗ്ദത്തങ്ങളെക്കുറിച്ചാണല്ലോ ഈ ധ്യാനപരമ്പരയിൽ നമ്മൾ ചിന്തിച്ചുകൊണ്ടിരിക്കുന്നത്.
*6) യെശ. 53:4* “സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.”
           ഇവിടെ മലയാള തർജ്ജമയിൽ *സാക്ഷാൽ* എന്നാണ് എഴുതിയിരിക്കുന്നത്. മറ്റു ഭാഷകളിൽ *നിശ്ചയമായും* നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം.
*निश्चय* उसने हमारे रोगों को सह लिया और हमारे ही दु:खों को उठा लिया;
      നമ്മുടെ രോഗങ്ങളും വേദനകളും ചുമന്നുകൊണ്ട് കർത്താവ് നമുക്കുവേണ്ടി ക്രൂശുമരണം വഹിച്ചതിനാൽ നിശ്ചയമായും നമ്മുടെ രോഗങ്ങൾക്ക് സൗഖ്യമുണ്ട്. നമ്മുടെ വേദനകൾക്ക് അറുതിയുണ്ട്. സ്തോത്രം !
*7) സദൃശ്യ. 23:8* “ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിൻ്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല.”
        ഈ വാക്യം എത്ര സത്യമാണ് എന്ന് അക്കമിട്ടെഴുതുവാൻ നിരവധി ഉദാഹരണങ്ങളും ചരിത്രങ്ങളും വേദപുസ്തക താളുകളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവവാഗ്ദത്തങ്ങൾക്കുവേണ്ടി കാത്തിരുന്നവരുടെ പ്രത്യാശെക്കു ഭംഗം വന്നില്ല. ശിമ്യോൻ എന്നു പേരുള്ള ഭക്തനായ ഒരു മനുഷ്യനെക്കുറിച്ച് ലൂക്കൊസ് തൻ്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവൻ്റെ കുടുംബത്തെക്കുറിച്ചോ പാരമ്പര്യത്തെക്കുറിച്ചോ ഒന്നും പറയുന്നില്ല, പക്ഷേ അവൻ്റെ സ്വഭാവത്തെക്കുറിച്ചും പ്രത്യാശയെക്കുറിച്ചും പരിശുദ്ധാത്മാവ് പറയുന്നുണ്ട് (ലൂക്കൊ. 2:25..)
“യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിൻ്റെ ആശ്വാസത്തിന്നായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവൻ്റെ മേൽ ഉണ്ടായിരുന്നു. കർത്താവിൻ്റെ ക്രിസ്തുവിനെ കാണുംമുമ്പെ മരണം കാണ്കയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവന്നു അരുളപ്പാടു ഉണ്ടായിരുന്നു. അവൻ ആത്മനിയോഗത്താൽ ദൈവാലയത്തിൽ ചെന്നു. യേശു എന്ന പൈതലിന്നു വേണ്ടി ന്യായപ്രമാണത്തിൻ്റെ ചട്ടപ്രകാരം ചെയ്വാൻ അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ അവൻ അവനെ കയ്യിൽ ഏന്തി ദൈവത്തെ പുകഴ്ത്തി: “ഇപ്പോൾ നാഥാ തിരുവചനം പോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു. ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിൻ്റെ ജനമായ യിസ്രായേലിൻ്റെ മഹത്വവുമായി നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിൻ്റെ രക്ഷയെ എൻ്റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു…. പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ചു അവൻ്റെ അമ്മയായ മറിയയോടു: അനേകഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന്നു ഇവനെ യിസ്രായേലിൽ പലരുടെയും വീഴ്ചെയക്കും എഴുന്നേല്പിന്നും മറുത്തുപറയുന്ന അടയാളത്തിന്നുമായി വെച്ചിരിക്കുന്നു. നിൻ്റെ സ്വന്തപ്രാണനിൽകൂടിയും ഒരു വാൾ കടക്കും എന്നു പറഞ്ഞു.”
       ജീവിതത്തിൽ ദൈവവാഗ്ദത്തം പ്രാപിച്ചവരുടെ യോഗ്യതകൾ പരിശോധിച്ചാൽ ലോക മനുഷ്യർ അത്ഭുതപ്പെട്ടുപോകും കാരണം, അവർക്കാർക്കും എടുത്തുപറയത്തക്ക യോഗ്യതകൾ ഒന്നും ഇല്ല എന്നുള്ളതാണ് വാസ്തവം. ശിമ്യോൻ ആരാണ് ? അവൻ്റെ യോഗ്യത എന്താണ് ? അവന്റെ കുടുംബം ഏതാണ് ? ഇതൊന്നും വ്യക്തമല്ല, ഇതൊന്നും വാഗ്ദത്തനിവർത്തിക്ക് ആധാരവുമല്ല. ദൈവം അവൻ്റെ ഹൃദയം കണ്ടു, അവൻ്റെ സ്വഭാവം വിലയിരുത്തി, അവനിലുള്ള ഭക്തിയും മനസ്സിലാക്കി. *ന്യായപ്രമാണ പുസ്തകങ്ങൾ വായിച്ച് അതിൽ രേഖപ്പെടുത്തിയിരിക്കുന്ന മിശിഹയെ ഒരു നോക്കു കാണുവാൻ അവൻ എത്രമാത്രം കൊതിക്കുന്നുണ്ട് എന്ന് സ്വർഗ്ഗം അറിഞ്ഞു.*
മീഖാ 5:2, യെശ. 7:14, 11:1, ഹോശെ. 11:1, സങ്കീ. 2:12, 77:19, സദൃശ്യ. 30:4, സെഖ. 2:10, ദാനീ. 9:26, യിരെ. 23:5..
പ്രവാചകന്മാരും അഭിഷക്തരും വാനോളം വർണ്ണിച്ചെഴുതിയ മിശിഹായെ സ്വന്ത കണ്ണുകൊണ്ടു കാണുവാൻ വെമ്പലോടെ കാത്തിരുന്ന ശിമ്യോന് ദൈവപുത്രനെ കയ്യിലേന്തുവാനുള്ള മഹാഭാഗ്യമാണ് ലഭിച്ചത്.
      നമ്മൾ കർത്താവിൽ ആശവെച്ച് കാത്തിരിക്കുന്ന വിഷയങ്ങളിൽ സ്വർഗ്ഗം പ്രവർത്തിക്കുന്ന വിധങ്ങൾ അവർണ്ണനീയമായിരിക്കും. വിശ്വാസത്തോടെ ഈ വാക്കുകൾ ഏറ്റെടുത്തുകൊൾക.
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ
(മൊ. 9424400654)
ഈ സന്ദേശത്തിൻ്റെ അടുത്ത ഭാഗങ്ങൾ പുറകാലെ അയക്കുന്നതാണ്. ഈ സന്ദേശം അനുഗ്രഹമാകുമെന്ന് നിങ്ങൾ കരുതുന്നവരുടെ വാട്സ് നമ്പറുകൾ തന്നാൽ അവർക്കും അയച്ചുകൊടുക്കുന്നതായിരിക്കും. കൂടാതെ വിലാസങ്ങൾ തരുന്നവർക്ക് വചനമാരിയുടെ സാമ്പിൾ കോപ്പി അയക്കുന്നതായിരിക്കും.
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർക്കും വിളിക്കാവുന്നതാണ്; 7898211849, 7000477047, 9589741414, 07554297672
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”