നിങ്ങൾ മരിക്കില്ല രക്ഷപെടും നിശ്ചയം

September-2025

ഈശാനമൂലൻ എന്ന കൊടങ്കാറ്റു അടിച്ചപ്പോൾ കപ്പലിൻ്റെ നിയന്ത്രണം അവർക്ക് നഷ്ടപ്പെട്ടു. ഏതു നിമിഷവും കപ്പൽ തകരുമെന്ന സ്ഥിതിയിലായി. അങ്ങനെ സകല പ്രതീക്ഷകളും അസ്തമിച്ച് മരണത്തെ മുഖാമുഖംകണ്ട് ഹൃദയംതകർന്നിരുന്ന ആ രാത്രിയിൽ സ്വർഗ്ഗത്തിലെ ദൈവം തൻ്റെ ദൂതനെ അയച്ച് പൌലൊസിനോട്; പൌലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു.. എന്നു പറഞ്ഞു.


       അപ്പൊ. പ്ര. 27:34 “നിങ്ങളിൽ ഒരുത്തൻ്റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല *നിശ്ചയം* എന്നു പറഞ്ഞു..”
       *നിശ്ചയം* എന്ന ഉറപ്പുനൽകികൊണ്ട് വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാഗ്ദത്തങ്ങളെക്കുറിച്ചാണല്ലോ നമ്മൾ ധ്യാനിച്ചുകൊണ്ടിരിക്കുന്നത്.
അപ്പൊ. പൌലൊസിനെ സുവിശേഷവിരോധികൾ പിടിച്ച് ബന്ധനസ്ഥനാക്കി കപ്പൽമാർഗ്ഗം റോമിലേക്ക് കൊണ്ടുപോകുമ്പോൾ, യാത്രാമദ്ധ്യേ അവരുടെ കപ്പൽ അപകടത്തിൽ പെടുകയും പല ദിനരാത്രങ്ങൾ ആഴക്കടലിൽ അവർ ജീവനും മരണത്തിനുമിടയ്ക്ക് പോരാടിക്കൊണ്ടിരിക്കുന്നതുമായ ചരിത്രം പ്രവൃത്തികളുടെ പുസ്തകം 27 ാം അധ്യായത്തിൽ പരിശുദ്ധാത്മാവ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
കപ്പൽ ജീവനക്കാരും, ശതാധിപനും പട്ടാളക്കാരും, മറ്റു സഹതടവുകാരുമടക്കം ഏകദേശം 276 ആളുകളും, നിരവധി ചരക്കുകളും മറ്റുമായി യാത്ര പുറപ്പെട്ട ആ വലിയ കപ്പൽ പല തുറമുഖങ്ങളും ദ്വീപുകളും താണ്ടി യാത്ര തുടർന്നു എങ്കിലും പിന്നീട് കാലാവസ്ഥ പ്രതികൂലമാകുന്നതു കണ്ട്, ഇനിയും യാത്ര തുടർന്നാൽ അപകടമുണ്ടാകുമെന്ന പൌലൊസിൻ്റെ വാക്കുകൾ മുഖവിലക്കെടുക്കാതെ ക്രേത്തതുറമുഖം ലക്ഷ്യമാക്കി യാത്രതുടർന്നു. എന്നാൽ ഈശാനമൂലൻ എന്ന കൊടങ്കാറ്റു അടിച്ചപ്പോൾ കപ്പലിൻ്റെ നിയന്ത്രണം അവർക്ക് നഷ്ടപ്പെട്ടു. ഏതു നിമിഷവും കപ്പൽ തകരുമെന്ന സ്ഥിതിയിലായി. അങ്ങനെ സകല പ്രതീക്ഷകളും അസ്തമിച്ച് മരണത്തെ മുഖാമുഖംകണ്ട് ഹൃദയംതകർന്നിരുന്ന ആ രാത്രിയിൽ സ്വർഗ്ഗത്തിലെ ദൈവം തൻ്റെ ദൂതനെ അയച്ച് പൌലൊസിനോട്; പൌലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു.. എന്നു പറഞ്ഞു.


      (അപ്പൊ.പ്ര. 27:11.. “ശതാധിപനോ പൌലൊസ് പറഞ്ഞതിനെക്കാൾ മാലുമിയുടെയും കപ്പലുടമസ്ഥൻ്റെയും വാക്കു അധികം വിശ്വസിച്ചു. ആ തുറമുഖം ശീതകാലം കഴിപ്പാൻ തക്കതല്ലായ്കയാൽ അവിടെ നിന്നു നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നു കിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്തു കഴിവുണ്ടെങ്കിൽ ചെന്നു ശീതകാലം കഴിക്കേണം എന്നു മിക്കപേരും ആലോചന പറഞ്ഞു. തെക്കൻ കാറ്റു മന്ദമായി ഊതുകയാൽ താല്പര്യം സാധിച്ചു എന്നു തോന്നി, അവർ അവിടെ നിന്നു നങ്കൂരം എടുത്തു ക്രേത്ത ദ്വീപിൻ്റെ മറപറ്റി ഓടി. കുറെ കഴിഞ്ഞിട്ടു അതിന്നു വിരോധമായി ഈശാനമൂലൻ എന്ന കൊടങ്കാറ്റു അടിച്ചു. കപ്പൽ കാറ്റിൻ്റെ നേരെ നില്പാൻ കഴിയാതവണ്ണം കുടുങ്ങുകയാൽ ഞങ്ങൾ കൈവിട്ടു …. ഞങ്ങൾ കൊടുങ്കാറ്റിനാൽ അത്യന്തം അലയുകകൊണ്ടു പിറ്റെന്നു അവർ ചരക്കു പുറത്തുകളഞ്ഞു. മൂന്നാം നാൾ അവർ സ്വന്തകയ്യാൽ കപ്പൽകോപ്പും കടലിൽ ഇട്ടുകളഞ്ഞു. വളരെ നാളായിട്ടു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റു അടിച്ചുകൊണ്ടും ഇരിക്കയാൽ ഞങ്ങൾ രക്ഷപ്പെടും എന്നുള്ള ആശ ഒക്കെയും അറ്റുപോയി. അവർ വളരെ പട്ടിണി കിടന്നശേഷം….)


      സകല പ്രതീക്ഷകളും അസ്തമിച്ച് മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്ന ഒരു കൂട്ടം ജനം, അവർ കാണാത്ത, അവർ അറിയാത്ത, അവർ കേട്ടിട്ടുപോലുമില്ലാത്ത കർത്താവിൻ്റെ വാക്ക് (*നിശ്ചയം* എന്ന ഉറപ്പ്) വിശ്വസിച്ചു. വാക്യം 34…“നിങ്ങളിൽ ഒരുത്തൻ്റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല നിശ്ചയം എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ടു അപ്പം എടുത്തു എല്ലാവരും കാൺകെ ദൈവത്തെ വാഴ്ത്തിട്ടു നുറുക്കി തിന്നുതുടങ്ങി. അപ്പോൾ എല്ലാവരും ധൈര്യപ്പെട്ടു ഭക്ഷണം കഴിച്ചു…”
     ഒന്നുകൂടെ തെളിച്ചുപറഞ്ഞാൽ, പല നാളുകളായി പട്ടിണി കിടന്ന ആ ജനത്തോട് പൌലൊസ്; രാത്രിയിൽ ദൈവദൂതൻ വന്ന് ആർക്കും പ്രാണൻ നഷ്ടപ്പെടില്ല അതുകൊണ്ട് നിങ്ങൾ ധൈര്യത്തോടിരിക്ക എന്നു പറഞ്ഞപ്പോൾ, ആ കൂട്ടർക്ക് അത്ര ധൈര്യം വന്നില്ല. എന്നാൽ പിന്നീട് പൌലൊസ് അവരോട് അതേ കാര്യം തന്നെ ആവർത്തിച്ചു പറഞ്ഞപ്പോൾ അവർക്ക് ധൈര്യം വരികയും അവർ എല്ലാവരും എഴുന്നേറ്റ് ഭക്ഷണം കഴിക്കുകയും ചെയ്തു എന്ന കാര്യം വചനത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതു വായിക്കുമ്പോൾ ന്യായമായ ഒരു ചോദ്യം നമ്മുടെ ഉള്ളിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ആദ്യം പൌലൊസിന്റെ വാക്കുകേട്ട അവർ എന്തുകൊണ്ടാണ് അത്ര ധൈര്യപ്പെടാതിരിക്കയും എന്നാൽ പിന്നീട് പൌലൊസിൻ്റെ വാക്കുകേട്ടപ്പോൾ എല്ലാവരും ധൈര്യപ്പെട്ടു ഭക്ഷണം കഴിക്കയും ചെയ്തത് ?
      ഈ ചോദ്യത്തിനുള്ള ഉത്തരം ഞാൻ മനസ്സിലാക്കിയത്, പൌലൊസ് അവരെ ധൈര്യപ്പെടുത്തിക്കൊണ്ട് രണ്ടാമത് പറഞ്ഞ വാക്കുകളിൽ ‘നിശ്ചയം’ എന്ന പദം ഉപയോഗിച്ചിരുന്നു ആ വാക്കിൻ്റെമേലാണ് അവർ വിശ്വസിച്ചത് എന്നാണ്. സ്തോത്രം !
    *നിശ്ചയം* എന്ന ദൈവവാക്കിന് ഒരു വല്ലാത്ത ഉറപ്പുണ്ട്. അതു വായിക്കുകയും കേൾക്കുകയും ചെയ്യുന്നവരുടെ ഹൃദയത്തെ ബലപ്പെടുത്തുവാനും മനസ്സ് ഉറപ്പിക്കുവാനും ആ വാക്കിന് ശക്തിയുണ്ട്. ജീവിതത്തിൽ ഏതു പ്രതിസന്ധികളിൽക്കൂടെ കടന്നുപോകുന്നവരായാലും നമ്മൾ ഭയപ്പെടേണ്ടതില്ല ഈ വാഗ്ദത്ത വചനങ്ങളെ ഏറ്റെടുക്കുക, വാഗ്ദത്തം തന്നിരിക്കുന്നവൻ വിശ്വസ്തനാണ്.
      പ്രിയരേ, ‘നിശ്ചയം’ എന്ന വേദപുസ്തക വചനത്തെ അടിസ്ഥാനമാക്കി ദൈവാത്മാവ് എന്റെ ഹൃദയത്തിൽ പ്രകാശിപ്പിച്ചുതന്ന ചില ആലോചനകളാണ് ഈ ധ്യാനപരമ്പരയിൽ ഞാൻ കുറിച്ചിരിക്കുന്നത്. ഇനിയും ധാരാളം വാക്യങ്ങളും സംഭവങ്ങളും ഇതോടുള്ള ബന്ധത്തിൽ വേദപുസ്തകത്തിൽ കാണുവാൻ കഴിയും, മറ്റൊരവസരത്തിൽ കർത്താവ് അനുവദിക്കുന്നുവെങ്കിൽ നമുക്ക് അതു ധ്യാനിക്കാമെന്ന് പ്രത്യാശിക്കുന്നു.

      ന്യായമായ ഒരു ചോദ്യം നിങ്ങളുടെ മുമ്പിൽവെച്ചുകൊണ്ട് ഈ സന്ദേശം ഞാൻ അവസാനിപ്പിക്കട്ടെ,
സങ്കടകയത്തിൽ കിടന്ന ഒരു കൂട്ടം ജനം, തങ്ങൾ അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ദൈവത്തിൻ്റെ ഉറപ്പുള്ള (നിശ്ചയമായ) വാക്കുകളെ വിശ്വസിച്ച് ധൈര്യപ്പെട്ട് എഴുന്നേറ്റു എങ്കിൽ ആ നല്ല കർത്താവിനോട് എന്നും പ്രാർത്ഥിക്കുന്നവരായ നമുക്ക് ദൈവവചന വാഗ്ദത്തങ്ങളിൽ എപ്പോഴെങ്കിലും സംശയം തോന്നാറുണ്ടോ ? (സംശയം തോന്നാൻ പാടുണ്ടോ ?) ഒരിക്കലും അരുത്. പ്രത്യാശയോടെ കാത്തിരിക്ക കർത്താവ് നമ്മെ സന്ദർശിക്കും, നിശ്ചയം.

പ്രാർത്ഥനയോടെ,

ഷൈജു പാസ്റ്റർ
(മൊ. 9424400654)


വചനമാരി ധ്യാനസന്ദേശങ്ങൾ അനുഗ്രഹമാകുമെന്ന് നിങ്ങൾ കരുതുന്നവരുടെ വാട്സ് നമ്പറുകൾ തന്നാൽ അവർക്കും അയച്ചുകൊടുക്കുന്നതായിരിക്കും. കൂടാതെ വിലാസങ്ങൾ തരുന്നവർക്ക് വചനമാരി മാസികയുടെ സാമ്പിൾ കോപ്പി അയക്കുന്നതായിരിക്കും.
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർക്കും വിളിക്കാവുന്നതാണ്; 7898211849, 7000477047, 9589741414, 07554297672

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”