ദൈവം എണ്ണുന്നു

October-2025

ദൈവം നമ്മുടെ കാലടികളെ എണ്ണുന്നു എന്നു പറഞ്ഞാൽ അതിൻ്റെ അർത്ഥം നമ്മുടെ നടപ്പ് സ്വർഗ്ഗം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. നമ്മുടെ കാലടികൾ വെക്കേണ്ട ഇടങ്ങളും പാതകളും ഏതാണ് എന്ന മാർഗ്ഗനിർദ്ദേശങ്ങളും ഉപദേശങ്ങളും തിരുവചനം നമുക്കു വ്യക്തമായി നൽകുന്നുണ്ട്. അപ്രകാരം ദൈവം അനുവദിച്ചുതന്നിരിക്കുന്ന ഇടങ്ങളിൽ മാത്രം കാലടികൾവെച്ച് വിശ്വാസ ജീവിതയാത്ര ചെയ്യുന്ന ഒരു ദൈവപൈതലിൻ്റെ കാലടികൾ വഴുതിപ്പോകുവാൻ ദൈവം അനുവദിക്കയില്ല (സങ്കീ. 66:9). സ്തോത്രം !


       വിശുദ്ധ വേദപുസ്തകത്തിൽ പല ആവർത്തി രേഖപ്പെടുത്തിയിരിക്കുന്ന ഒരു വിഷയമാണ് ഇത്. ദൈവം മനുഷ്യരെ എണ്ണുക എന്നു പറഞ്ഞാൽ അവരുടെ പൂർണ്ണ അവസ്ഥ പരിശോധിക്കുന്നു എന്നാണർത്ഥം. അപ്രകാരം എണ്ണുന്നു എന്ന് പ്രത്യേകമായി എടുത്തുപറഞ്ഞുകൊണ്ട് തിരുവചനത്തിൽ കുറിച്ചിരിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ് എന്നു പരിശോധിക്കാം;
*1) ഇയ്യോബ് 14:16 “ഇപ്പോഴോ നീ എൻ്റെ കാലടികളെ എണ്ണുന്നു;...”*
       ഇയ്യോബ് 31:4 വാക്യത്തിലും ദൈവഭക്തനായ ഇയ്യോബ് ഇതേ കാര്യംതന്നെ ആവർത്തിച്ചു പറയുന്നുണ്ട്. മാത്രമല്ല 37 വാക്യത്തിൽ ഇയ്യോബ് പറയുന്നത് “എൻ്റെ കാലടികളുടെ എണ്ണം ഞാൻ അവനെ ബോധിപ്പിക്കും;..” എന്നാണ്. കാലടികളെ എണ്ണുക മാത്രമല്ല, അവയുടെ നടപ്പൊക്കെയും കുറിച്ചുവെക്കുകയും കാലടികളുടെ ചുറ്റും വര വരെക്കുകയും ചെയ്യുന്ന (ഇയ്യോ. 13:27) ദൈവത്തിൻ്റെ സൂക്ഷ്മ ദൃഷ്ടികൾക്ക് മറഞ്ഞിരിക്കുവാൻ ആരുടെയും കാലടികൾക്കു കഴിയില്ല. അതുകൊണ്ടാണ്; ഞാൻ കാലടി വെക്കേണ്ടതിന്നു നീ വിശാലത വരുത്തി എൻ്റെ നരിയാണികൾ വഴുതിപ്പോയതുമില്ല“ (2 ശമു.22:37, സങ്കീ.18:36) എന്നും “എൻ്റെ നടപ്പു നിൻ്റെ ചുവടുകളിൽ തന്നേ ആയിരുന്നു; എൻ്റെ കാൽ വഴുതിയതുമില്ല” (സങ്കീർ. 17:5) എന്നും ഭക്തനായ ദാവീദ് പാടിയത്. അതായത്, ദൈവം നമ്മുടെ കാലടികളെ എണ്ണുന്നു എന്നു പറഞ്ഞാൽ അതിൻ്റെ അർത്ഥം നമ്മുടെ നടപ്പ് സ്വർഗ്ഗം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. നമ്മുടെ കാലടികൾ വെക്കേണ്ട ഇടങ്ങളും പാതകളും ഏതാണ് എന്ന മാർഗ്ഗനിർദ്ദേശങ്ങളും ഉപദേശങ്ങളും തിരുവചനം നമുക്കു വ്യക്തമായി നൽകുന്നുണ്ട്. അപ്രകാരം ദൈവം അനുവദിച്ചുതന്നിരിക്കുന്ന ഇടങ്ങളിൽ മാത്രം കാലടികൾവെച്ച് വിശ്വാസ ജീവിതയാത്ര ചെയ്യുന്ന ഒരു ദൈവപൈതലിൻ്റെ കാലടികൾ വഴുതിപ്പോകുവാൻ ദൈവം അനുവദിക്കയില്ല (സങ്കീ. 66:9). സ്തോത്രം !
        നമ്മുടെ കാലടികൾ എങ്ങോട്ടാണ് എന്ന് സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു കൂട്ടർ കൂടെ ഉണ്ട്, അതും ദാവീദിന് അറിയാമായിരുന്നു അതുകൊണ്ടാണ് 56 സങ്കീർത്തനത്തിൽ; എൻ്റെ ശത്രുക്കൾ ഇടവിടാതെ എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നു.. അവർ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു; എൻ്റെ പ്രാണന്നായി പതിയിരിക്കുമ്പോലെ അവർ എൻ്റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു. എന്ന് ദാവീദ് പറയുന്നത്. അവർ കാലടികളെ നോക്കിക്കൊണ്ടിരിക്കുക മാത്രമല്ല, അവ തെറ്റിയെന്നു കണ്ടാൽ വീഴിക്കേണ്ടതിനുവേണ്ടി അവർ കാലടികൾക്കു ഒരു വലവിരിച്ചു കാത്തിരിക്കുകയുമാണ് (സങ്കീ. 57:6). വേറെ ചിലർ കാലടികളെ മറിച്ചുകളവാൻ നോക്കിയിരിക്കുന്നവരുമുണ്ട് (സങ്കീ. 140:4). മറ്റൊരുകൂട്ടർ അവസരം ലഭിക്കുമ്പോഴൊക്കെയും ദൈവമക്കളുടെ കാലടികളെ നിന്ദിക്കുകയും ചെയ്യുന്നു (സങ്കീ. 89:51) മറ്റു ചിലർ ചൊവ്വേയുള്ള വഴികളിൽ നടത്തില്ല എന്നു വാതുകെട്ടി കാലടികൾക്കു പതിയിരിക്കുന്നു (വിലാ. 4:18), വേറൊരുകൂട്ടർ ദൈവമക്കളുടെ കാലടികൾക്ക് ചുറ്റും വളഞ്ഞുനിന്ന് നിലത്ത് തള്ളിവീഴ്ത്താൻ ശ്രമിക്കുന്നു (സങ്കീ. 17:11).
നമ്മുടെ കാലടികൾക്ക് വലവിരിച്ച് കാത്തിരിക്കുന്നവരുടെയും, നമ്മുടെ കാലടികൾ മറിച്ചുകളയുവാൻ തക്കം നോക്കിയിരിക്കുന്നവരുടെയും, നമ്മുടെ കാലടികളെ നോക്കി നിന്ദിച്ചുകൊണ്ടിരിക്കുന്നവരുടെയും ഒക്കെ കെണിയിൽ വീഴാതിരിക്കേണ്ടതിന് നമ്മൾ എന്തു ചെയ്യേണം ?
ഉത്തരം:
*1)* “എൻ്റെ കാലടികളെ നിൻ്റെ വചനത്തിൽ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ” (സങ്കീ. 119:133) എന്ന് കർത്താവിനോട് ദിനവും പ്രാർത്ഥിക്കണം.
*2)* ദൈവവചനും വായിക്കുകയും കേൾക്കുകയും അനുസരിക്കുകയും ചെയ്യണം (സദൃ. 4:10..12)
*3)* നമ്മുടെ കാലടികൾ ക്രമപ്പെടുത്തേണ്ടതിനായി യഹോവയ്ക്ക് സമർപ്പിക്കണം (സദൃ. 16:9).
*4)* ദൈവവചനം ഹൃദയത്തിൽ സംഗ്രഹിച്ച് വാഗ്ദത്തങ്ങൾ ഏറ്റു പറഞ്ഞുകൊണ്ടിരിക്കണം (സങ്കീ. 37:31).
*5)* സത്യ ഉപദേശത്തിൻ്റെ വഴിവിട്ട് കാലടികൾ അണുയിട മാറ്റരുത് (സങ്കീ. 44:19).
*6)* നമുക്ക് പിന്തുടരുവാൻ ഉത്തമമാതൃക വെച്ചിട്ടുപോയിരിക്കുന്ന യേശുക്രിസ്തുവിൻ്റെ കാൽച്ചുവടുകളെ മാത്രം പിൻഗമിക്കണം (1 പത്രൊ. 2:21).
*7)* പരിശുദ്ധാത്മാവിൻ്റെ ആലോചനയിൽ / നടത്തിപ്പിൽ നമ്മുടെ കാലടികൾ സഞ്ചരിക്കണം (2 കൊരി. 12:18).

       നമ്മുടെ കാലടികളുടെ എണ്ണവും കണക്കും ദൈവസന്നിധിയിൽ കൃത്യമായി ഉണ്ട് എന്ന് മറന്നുപോകരുത്. കാലടികൾ മാറി സഞ്ചരിച്ചാൽ ഉണ്ടാകാവുന്ന ചില അപകടങ്ങളെക്കുറിച്ചും ദൈവവചനം മുന്നറിയിപ്പ് നൽകുന്നുണ്ട്. അവയിൽ നിന്നും ചിലത് മാത്രം ഓർമ്മിപ്പിക്കാം;


*1) സദൃശ്യ. 5:5* “അവളുടെ കാലുകൾ മരണത്തിലേക്കു ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികൾ പാതാളത്തിലേക്കു ഓടുന്നു”
പരസ്ത്രീബന്ധം അഥവാ വ്യഭിചാരം പാതാളത്തിലേക്ക് കാലടികൾവെച്ചുകൊണ്ടുള്ള യാത്രയാണ് എന്ന് തിരുവചനം മുന്നറിയിപ്പ് നൽകുന്നു. ഈ മഹാപാപത്തെ ലാഘവത്തോടെടുക്കുന്ന ഒരു തലമുറയെയാണ് ഇന്ന് കണ്ടുവരുന്നത്. ലിവിംഗ് ടുഗെതർ പോലുള്ള സംസ്കാരം സമൂഹത്തിൽ വർദ്ധിച്ചുവരുന്നത് അതിനുള്ള തെളിവാണ്. വ്യഭിചാരികൾ കാലടികൾവെച്ച് നീങ്ങുന്ന പാതാളത്തിലെ യാതനകൾ തിരിച്ചറിയുവാൻ അവരുടെ കണ്ണുകൾ തുറക്കേണ്ടതിനുവേണ്ടിയും മാനസാന്തരപ്പെട്ട് ദൈവവഴികളിലേക്ക് തിരിയേണ്ടതിനായും പ്രാർത്ഥിക്കാം.


*2) ഇയ്യോ. 18:7* “അവൻ ചുറുക്കോടെ കാലടി വെക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും.”
തന്നിഷ്ടപ്രകാരം തോന്നിയതുപോലെ കാലടികൾവെച്ചാൽ ജീവിതത്തിലെ ഒരു വൻവീഴ്ചയിലായിരിക്കും അതു ചെന്നവസാനിക്കുക. അതുകൊണ്ട് സ്വന്ത ആലോചനകളല്ല, ദൈവീക ആലോചനകൾക്ക് സമർപ്പിക്ക.
*3)* സങ്കീ. 73: 2,3 “എന്നാൽ എൻ്റെ കാലുകൾ ഏകദേശം ഇടറി; എൻ്റെ കാലടികൾ ഏറക്കുറെ വഴുതിപ്പോയി. ദുഷ്ടന്മാരുടെ സൗഖ്യം കണ്ടിട്ടു എനിക്കു അഹങ്കാരികളോടു അസൂയ തോന്നി.”
അസൂയയും അഹങ്കാരവും നിഗളവും എല്ലാം മനുഷ്യൻ്റെ കാലടികൾ വഴുതുവാൻ കാരണമാകും. അപ്രകാരം ദൈവഭക്തന്മാരായ ചിലരുടെ കാലടികൾ വഴുതിപ്പോയ ചരിത്രങ്ങൾ നമ്മുടെ മുമ്പിലുണ്ടല്ലോ !

      ആകയാൽ പ്രിയരേ, നമ്മുടെ കാലടികളെ ദൈവം എണ്ണുന്നുണ്ട് എന്ന ബോധത്തോടും തിരിച്ചറിവോടുംകൂടെ ഈ നാളുകളിൽ വിശ്വാസ ജീവിതം നയിക്കുവാൻ സ്വർഗ്ഗം കൃപതരേണ്ടതിനായി പ്രാർത്ഥിക്കാം. നമ്മൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന ഈ തിരുവചനങ്ങൾ സ്വർഗ്ഗീയ കനാൻ ദേശത്തേക്കുള്ള ഈ യാത്രയിൽ നമ്മുടെ കാലടികളെ ഉറെപ്പിക്കുന്നതിനും ബലപ്പെടുത്തുന്നതിനും കാരണമാകട്ടെ, എന്നു പ്രാർത്ഥിച്ചുകൊണ്ട്,
ക്രിസ്തുവിൽ സ്നേഹപൂർവ്വം..

ഷൈജു പാസ്റ്റർ (മൊ. 9424400654)
ഭോപ്പാൽ, മധ്യപ്രദേശ്

ദൈവം എണ്ണുന്നു എന്ന ഈ ധ്യാന സന്ദേശത്തിൻ്റെ അടുത്ത ഭാഗങ്ങൾ പുറകാലെ അയക്കുന്നതായിരിക്കും. ഈ സന്ദേശം മറ്റുള്ളവർക്കും അയച്ചുകൊടുത്താലും. ഈ സന്ദേശം അനുഗ്രഹമാകുമെന്ന് നിങ്ങൾ കരുതുന്നവരുടെ വാട്സ് നമ്പറുകൾ തന്നാൽ അവർക്കും അയച്ചുകൊടുക്കുന്നതായിരിക്കും. കൂടാതെ വിലാസങ്ങൾ തരുന്നവർക്ക് വചനമാരി മാസികയുടെ സാമ്പിൾ കോപ്പിയും അയക്കുന്നതായിരിക്കും.
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർക്കും വിളിക്കാവുന്നതാണ്; 7898211849, 7000477047, 9589741414, 07554297672

വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/JaqhFgqRSauGZo6Mi5M1ss

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”