ഈ വിഷയത്തെക്കുറിച്ച് കഴിഞ്ഞ ദിവസം നമ്മൾ ധ്യാനിച്ചത് ഇയ്യോബ് 14:16 “.. നീ എൻ്റെ കാലടികളെ എണ്ണുന്നു;...” എന്ന വചനഭാഗമാണല്ലോ. ദൈവം എണ്ണുന്ന മറ്റൊരു കാര്യം തിരുവചനത്തിൽ നിന്ന് ഇന്ന് പരിശോധിക്കാം.
*2) സങ്കീ. 56:8 നീ “എൻ്റെ ഉഴൽചകളെ എണ്ണുന്നു;* എൻ്റെ കണ്ണുനീർ നിൻ്റെ തുരുത്തിയിൽ ആക്കിവെക്കേണമേ; അതു നിൻ്റെ പുസ്തകത്തിൽ ഇല്ലയോ?”
ഉഴൽചകൾ എന്ന പദം വേദപുസ്തകത്തിൽ ഇവിടെ മാത്രമേ രേഖപ്പെടുത്തിയിരിക്കുന്നതായി കാണുന്നുള്ളൂ. അതുകൊണ്ട് ഈ വാക്യത്തിൻ്റെ പൂർണ്ണമായ അർത്ഥം മനസ്സിലാക്കണമെങ്കിൽ മറ്റു ചില പരിഭാഷകൾ കൂടെ പരിശോധിക്കുന്നത് നന്നായിരിക്കും. ഈ വാക്യത്തിൻ്റെ ചില ഇംഗ്ലീഷ് പരിഭാഷകൾ ചുവടെ ചേർക്കുന്നു.
(a) You keep track of all my sorrows. You have collected all my tears in your bottle. You have recorded each one in your book.
(b) You know how troubled I am; …….
(c) You number my wanderings; …..
(d) You have taken account of my miseries; …….
(e) You have kept count of my tossings; …..
എൻ്റെ സങ്കടങ്ങൾ എണ്ണുന്നു, എൻ്റെ ക്ലേശങ്ങളും ബുദ്ധിമുട്ടുകളും എണ്ണുന്നു, എൻ്റെ അലച്ചിലുകൾ എണ്ണുന്നു, എൻ്റെ ദുരിതങ്ങളും പരാധീനതകളും എണ്ണുന്നു, എൻ്റെ തകർച്ചകളും പരാജയങ്ങളും എണ്ണുന്നു… ഇതൊക്കെയാണ് മുകളിലെ വാക്യത്തിൻ്റെ ഏകദേശ അർത്ഥങ്ങൾ എന്നു മനസ്സിലാക്കാം.
ജീവിതത്തിൽ പരീക്ഷകളും പ്രശ്നങ്ങളും വരുമ്പോൾ മനുഷ്യൻ ദൈവത്തോട് ചോദിച്ചുപോകുന്ന ചില ചോദ്യങ്ങളാണല്ലോ ഇവ എല്ലാം. ദൈവമേ നീ കാണുന്നില്ലേ ? കർത്താവേ നീ അറിയുന്നില്ലേ ? നാഥാ നിനക്ക് വിചാരമില്ലേ ? ഈ ചോദ്യങ്ങൾക്കുള്ള വ്യക്തമായ ഉത്തരമാണ് സങ്കീ. 56:8 സ്വർഗ്ഗത്തിലെ ദൈവം എല്ലാം എണ്ണുന്നുണ്ട് നമ്മുടെ കണ്ണുനീരിന് അവിടുത്തെ സന്നിധിയിൽ കണക്കുണ്ട്.
ഒന്നോ രണ്ടോ തുള്ളി കണ്ണുനീരല്ല, കർത്താവിൻ്റെ പാദം നനെയുവാൻമാത്രം കണ്ണുനീരുണ്ടായിരുന്നു ആ സ്ത്രീക്ക്, അവൾ കർത്താവിൻ്റെ പുറകിൽ കരഞ്ഞുകൊണ്ടു നിന്നു എന്നാണ് തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് (ലൂക്കൊ. 7:38). യേശുകർത്താവ് അവളെ അപ്പോൾ ഒന്നു തിരിഞ്ഞുപോലും നോക്കിയില്ല. അതു കണ്ടിട്ടാണ്, 'കർത്താവ് ഒരു പ്രവാചകൻ ആയിരുന്നെങ്കിൽ പുറകിൽനിന്ന് കരഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു' എന്ന് പരീശൻ ഉള്ളിൽ പറഞ്ഞത്. അതായത്, പുറകിൽ നിൽക്കുന്ന ആൾ ആരാണ് എന്ന് തിരിഞ്ഞുനോക്കാതെ പറയാൻപോലും കഴിവില്ലാത്ത ഒരു പ്രവാചകനാണ് യേശു എന്നാണ് അവൻ കരുതിയത് എന്നു സാരം. എങ്കിൽപിന്നെ ശിമോനോട് രണ്ടുവർത്തമാനം പറഞ്ഞിട്ടേ ഇനി തിരിഞ്ഞു നോക്കുന്നുള്ളൂ എന്ന് കർത്താവും തീരുമാനിച്ചു. എന്നിട്ട് രണ്ടു കടക്കാരുടെ ഒരു ഉപമ അവനോട് പറഞ്ഞു (വാക്യം 41.. “കടം കൊടുക്കുന്ന ഒരുത്തന്നു രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരുത്തൻ അഞ്ഞൂറു വെള്ളിക്കാശും മറ്റവൻ അമ്പതു വെള്ളിക്കാശും കൊടുപ്പാനുണ്ടായിരുന്നു. വീട്ടുവാൻ അവർക്കു വക ഇല്ലായ്കയാൽ അവൻ ഇരുവർക്കും ഇളെച്ചുകൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും? അധികം ഇളെച്ചുകിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു എന്നു ശിമോൻ പറഞ്ഞു. അവൻ അവനോടു: “നീ വിധിച്ചതു ശരി” എന്നു പറഞ്ഞു.”
ശിമോനോട് ഇത്രയും പറഞ്ഞിട്ടാണ് യേശു ആ സ്ത്രീയെ തിരിഞ്ഞുനോക്കിയത്, എന്നിട്ട് അവൻ്റെ ചങ്കിൽ കൊള്ളുന്ന വേറെയും ചില കാര്യങ്ങളും കൂട്ടിച്ചേർത്തു; (വാക്യം 44… “ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിൻ്റെ വീട്ടിൽ വന്നു, നീ എൻ്റെ കാലിന്നു വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ടു എൻ്റെ കാൽ നനെച്ചു തലമുടികൊണ്ടു തുടെച്ചു. നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാൻ അകത്തു വന്നതു മുതൽ ഇടവിടാതെ എൻ്റെ കാൽ ചുംബിച്ചു. നീ എൻ്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ടു എൻ്റെ കാൽ പൂശി. ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോടു പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു”. പിന്നെ അവൻ അവളോടു: “നിൻ്റെ പാപങ്ങൾ മോചിച്ചു തിന്നിരിക്കുന്നു” എന്നു പറഞ്ഞു”.
ചുരുക്കിപ്പറഞ്ഞാൽ, കർത്താവിൻ്റെ പുറകിൽ നിൽക്കുന്നത് ആരാണെന്ന് തിരിഞ്ഞുനോക്കാതെ പറയാനുള്ള കഴിവ് യേശുവിനുണ്ടോ എന്ന് സംശയിച്ച ശിമോൻ, അവളുടെ അവസ്ഥയും സങ്കടങ്ങളും അവൾ വന്നസമയംമുതൽ ചെയ്ത ഓരോ കാര്യങ്ങളും വിശദീകരിച്ച് പറയുക മാത്രമല്ല, ആ സ്ത്രീയും ശിമോനും തമ്മിലുള്ള വ്യത്യാസം എത്രമാത്രമുണ്ട് എന്ന് കർത്താവ് അക്കമിട്ട് പറയുന്നതുംകേട്ടപ്പോൾ ലജ്ജകൊണ്ട് അവൻ തല താഴ്ത്തി നിന്നിരിക്കണം.
കണ്ണുനീരിൻ്റെ കണക്ക് ആരും കർത്താവിനെ പഠിപ്പിക്കാൻ നോക്കണ്ട ! പുറകിൽ നിന്ന് കരയുന്നവരെയും ദൂരെനിന്ന് കരയുന്നവരെയും ഒക്കെ അവിടുത്തേക്ക് നന്നായി അറിയാം കാരണം, അവൻ നമ്മുടെ ഉഴൽചകളെ എണ്ണുകയും; നമ്മുടെ കണ്ണുനീർ തുരുത്തിയിൽ ആക്കിവെച്ച്; അതു പുസ്തകത്തിൽ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ആകയാൽ നമ്മൾ ദൈവസന്നിധിയിൽ ഒഴുക്കുന്ന ഓരോതുള്ളി കണ്ണുനീരിനും കർത്താവിൻ്റെ സന്നിധിയിൽ വലിയ വിലയുണ്ട്, ആ കണ്ണുനീരിന് പരിഹാരം വരുത്തുവാൻ അവൻ ഇന്നും വിശ്വസ്തനുമാണ്. സ്തോത്രം ! ഹല്ലേലൂയ്യാ !
ഈ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ !
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ (മൊ. 9424400654)
ഭോപ്പാൽ, മധ്യപ്രദേശ്
ദൈവം എണ്ണുന്നു എന്ന ഈ ധ്യാന സന്ദേശത്തിൻ്റെ അടുത്ത ഭാഗങ്ങൾ പുറകാലെ അയക്കുന്നതായിരിക്കും. ഈ സന്ദേശം മറ്റുള്ളവർക്കും അയച്ചുകൊടുത്താലും. ഈ സന്ദേശം അനുഗ്രഹമാകുമെന്ന് നിങ്ങൾ കരുതുന്നവരുടെ വാട്സ് നമ്പറുകൾ തന്നാൽ അവർക്കും അയച്ചുകൊടുക്കുന്നതായിരിക്കും. കൂടാതെ വിലാസങ്ങൾ തരുന്നവർക്ക് വചനമാരി മാസികയുടെ സാമ്പിൾ കോപ്പിയും അയക്കുന്നതായിരിക്കും.


