ഏറ്റവും വിശേഷതയുള്ളവരായി എണ്ണുന്നു

October-2025

കർത്താവ് നമ്മെ വിശേഷതയുള്ളവരായി എണ്ണിയിരിക്കുന്നു എന്നാണ് ഇതിൻ്റെ അർത്ഥം. അതുകൊണ്ട് മുടിയുടെ എണ്ണത്തിലോ കഷണ്ടിയിലോ അല്ല കാര്യം, *ദൈവത്തിൻ്റെ കരുതലിലും ശ്രദ്ധയിലും (ഓർമ്മയിലും) നമ്മൾ എപ്പോഴുമുണ്ട് എന്ന ഉറപ്പിലാണ് കാര്യം.* സ്തോത്രം !


     ഈ വിഷയത്തോടുള്ള ബന്ധത്തിൽ ദൈവം എണ്ണുന്ന നാലു കാര്യങ്ങൾ തിരുവചനത്തിൽനിന്ന് ഇതുവരെ നമ്മൾ ചിന്തിച്ചു, ഇന്ന് അഞ്ചാമത്തെ വിഷയം ധ്യാനിക്കാം;
*5) ലൂക്കൊസ് 12:7 “നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ.”*
      മത്തായി 10:30 വാക്യത്തിലും ഇതേ കാര്യംതന്നെ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വാക്യം വായിച്ച ഒരു പൈതൽ ഒരിക്കൽ ഒരു കുസൃതിചോദ്യം ചോദിച്ചു, ‘അപ്പോൾ കഷണ്ടിക്കാരുടെ തലയിലെ മുടി ദൈവം എങ്ങനെ എണ്ണും?’ ന്യായമായ ഒരു ചോദ്യമല്ലേ എന്നു തോന്നും, എന്നാൽ അക്ഷരാർത്ഥത്തിൽ എടുക്കേണ്ട ഒരു കാര്യമല്ല, ആലങ്കാരികമായ ഒരു ഭാഷാപ്രയോഗം മാത്രമാണ് ഇത് എന്ന് ഈ വാക്യത്തോട് ചേർത്ത് എഴുതിയിരിക്കുന്ന വിഷയം വായിക്കുമ്പോൾ മനസ്സിലാക്കാം;
*ആകയാൽ ഭയപ്പെടേണ്ട;..നിങ്ങൾ വിശേഷതയുള്ളവർ* (ലൂക്കൊ. 12:7)
*ആകയാൽ ഭയപ്പെടേണ്ട… നിങ്ങൾ വിശേഷതയുള്ളവരല്ലോ* (മത്താ. 10:31)
      അതായത്, കർത്താവ് നമ്മെ വിശേഷതയുള്ളവരായി എണ്ണിയിരിക്കുന്നു എന്നാണ് ഇതിൻ്റെ അർത്ഥം. അതുകൊണ്ട് മുടിയുടെ എണ്ണത്തിലോ കഷണ്ടിയിലോ അല്ല കാര്യം, *ദൈവത്തിൻ്റെ കരുതലിലും ശ്രദ്ധയിലും (ഓർമ്മയിലും) നമ്മൾ എപ്പോഴുമുണ്ട് എന്ന ഉറപ്പിലാണ് കാര്യം.* സ്തോത്രം !
       മത്തായി 6:26 “ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ ?”
      ലൂക്കൊ. 12:24 “കാക്കയെ നോക്കുവിൻ; അതു വിതെക്കുന്നില്ല, കൊയ്യുന്നില്ല, അതിന്നു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലർത്തുന്നു. പറവജാതിയെക്കാൾ നിങ്ങൾ എത്ര വിശേഷമുള്ളവർ!”
     നമ്മൾ ഏറെ വിശേഷതയുള്ളവരും ദൈവത്തിൻ്റെ കരുതലിൽ ഉള്ളവരുമാണ് എന്ന ഉറപ്പുതന്നിട്ട് ഒരു കാര്യം കൂടെ വചനത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു; *“ആകയാൽ ഭയപ്പെടേണ്ട..”*
ജീവിതത്തിൽ ഇന്ന് നമ്മെ ഭയപ്പെടുത്തുന്ന ചില വിഷയങ്ങൾ ഉണ്ടാകാം (ഈ സന്ദേശം എഴുതിക്കൊണ്ടിരിക്കുമ്പോൾ പ്രാർത്ഥനാ വിഷയങ്ങൾ അറിയിച്ചുകൊണ്ട് എനിക്കു വന്ന മൂന്നു ഫോൺ കോളുകളിൽ അവർ എത്രമാത്രം ഭയപ്പെട്ടിരിക്കുകയാണ് എന്ന് മനസ്സിലായി, അടുത്ത ദിവസം നട്ടെല്ലിന് ഓപ്പറേഷനുവേണ്ടി ബുക്ക് ചെയ്തിരിക്കുന്ന ഒരു സഹോദരി, ആറുമണിക്കൂർ ദൈർഘ്യമുള്ള ഓപ്പറേഷനെക്കുറിച്ച് ഓർത്ത് ഭയത്തോടെ ഇരിക്കുന്നു. മറ്റൊരു സഹോദരി ഗൾഫിൽ നിന്ന് വന്ന് ഓപ്പറേഷൻ കഴിഞ്ഞ് ബയോപ്സിയുടെ റിസൾട്ട് അറിയുവാൻ ഭയത്തോടെ കാത്തിരിക്കുന്നു. ഒരു മാതാവ് അവരുടെ മകളുടെ കുടുംബപ്രശ്നങ്ങൾ ഓർത്ത് വേവലാതിയോടെ വിളിച്ച്, മകളുടെയും കുഞ്ഞുങ്ങളുടെയും ഭാവി എന്താകുമെന്ന് ചിന്തിച്ച് ഭയത്തോടെയിരിക്കുന്നു…)
      ഈ തിരുവചനം ഓർമ്മപ്പെടുത്തിക്കൊണ്ട് ഇന്ന് പരിശുദ്ധാത്മാവിന് നമ്മോട് പറയാനുള്ളത് ഇതാണ്; ഭയപ്പെടേണ്ട, കർത്താവ് മറന്നുപോയിട്ടില്ല, അവിടുന്ന് കരുതിക്കൊള്ളും, കാരണം, ഏറ്റവും വിശേഷതയുള്ളവരായിട്ടാണ് അവിടുന്ന് നമ്മെ എണ്ണിയിരിക്കുന്നത്. സ്തോത്രം ! ഹല്ലേലൂയ്യാ !
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ (മൊ. 9424400654)
ഭോപ്പാൽ, മധ്യപ്രദേശ്
ദൈവം എണ്ണുന്നു എന്ന ഈ ധ്യാന സന്ദേശത്തിൻ്റെ അടുത്ത ഭാഗങ്ങൾ പുറകാലെ അയക്കുന്നതായിരിക്കും. ഈ അനുഗ്രഹ സന്ദേശം മറ്റുള്ളവരുമായും ഷെയർ ചെയ്താലും. പ്രാർത്ഥനാ സഹായത്തിന് വിളിക്കേണ്ട നമ്പർ 9424400654, 7898211849, 8989004829
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ക്രൂശിലെ സ്നേഹം

ഒരു മുഷ്യശരീരത്തിൽ ഉള്ള രക്തത്തിൻ്റെ അളവ് ഏകദേശം 6 ലിറ്ററാണ് എന്ന് കണക്കാക്കപ്പെടുന്നു. ഒലിവ് മലയിൽവെച്ച് യേശുകർത്താവ് പ്രാർത്ഥിച്ചപ്പോൾ ലൂക്കൊ. 22:44 വിയർപ്പുതുള്ളിപോലെ ഒഴുകുവാനാരംഭിച്ച നാഥൻ്റെ ശരീരത്തിലെ, അവസാനതുള്ളി രക്തം, യോഹ. 19:34 ൽ ഒഴുകിതീർന്ന് ഇനിയും ഒരുതുള്ളിപോലും ആ ശരീരത്തിൽ അവശേഷിക്കുന്നില്ല എന്നതിൻ്റെ അടയാളമായി വെള്ളവും ഒഴുകിവന്നു. വേല്യപുസ്തകം 17:11 ൽ വായിക്കുന്നതുപോലെയും വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നതും ജീവൻ രക്തത്തിലാണല്ലോ ഇരിക്കുന്നത്; അതായത്, അവസാനതുള്ളി രക്തവും നമുക്കുവേണ്ടി ഊറ്റിതന്ന യേശുനാൻ അവിടുത്തെ ജീവൻതന്നെ നമുക്കുവേണ്ടി യാഗമായി അർപ്പിക്കുകയായിരുന്നു. സ്തോത്രം.