തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന, ദൈവം എണ്ണുന്ന വിഷയങ്ങളെ ആധാരമാക്കിയുള്ള ഈ ധ്യാനസന്ദേശത്തിൽ ഇതുവരെ ആറു വിഷയങ്ങളെക്കുറിച്ചാണ് നമ്മൾ ചിന്തിച്ചത്. ഇന്ന് ഏഴാമത്തെ വിഷയം ധ്യാനിക്കാം.
*7) യെഹെ. 28:16 “..ഞാൻ നിന്നെ അശുദ്ധൻ എന്നു എണ്ണി ദേവപർവ്വതത്തിൽ നിന്നു തള്ളിക്കളഞ്ഞു..”*
ഒരിക്കൽ ദൈവസന്നിധിയിൽ ദൂതന്മാരോടൊപ്പം ദൈവത്തെ ആരാധിച്ചിരുന്ന, അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്ന കെരൂബ് (അരുണോദയപുത്രനായ ശുക്രൻ) ദൈവസന്നിധിയിൽ നിന്ന് തള്ളപ്പെട്ട്, വെട്ടേറ്റ് ആകാശത്തുനിന്ന് വീഴുവാനുണ്ടായ കാരണം തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് നമുക്കു വായിക്കാം;
യെശ. 14:12.. “അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു! “ഞാൻ സ്വർഗ്ഗത്തിൽ കയറും; എൻ്റെ സിംഹാസനം ദൈവത്തിൻ്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിൻ്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു. എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിൻ്റെ അടിയിലേക്കു തന്നേ വീഴും”
യെഹെ. 28:14.. “നീ ചിറകു വിടർത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു. നിന്നെ സൃഷ്ടിച്ച നാൾമുതൽ നിങ്കൽ നീതികേടു കണ്ടതുവരെ നീ നടപ്പിൽ നഷ്കളങ്കനായിരുന്നു. നിൻ്റെ വ്യാപാരത്തിൻ്റെ പെരുപ്പംനിമിത്തം നിൻ്റെ അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞു നീ പാപം ചെയ്തു; അതുകൊണ്ടു *ഞാൻ നിന്നെ അശുദ്ധൻ എന്നു എണ്ണി* ദേവപർവ്വതത്തിൽ നിന്നു തള്ളിക്കളഞ്ഞു; മറെക്കുന്ന കെരൂബേ, ഞാൻ നിന്നെ അഗ്നിമയരഥങ്ങളുടെ മദ്ധ്യേനിന്നു മുടിച്ചുകളഞ്ഞു. നിൻ്റെ സൗന്ദെര്യംനിമിത്തം നിൻ്റെ ഹൃദയം ഗർവ്വിച്ചു, നിൻ്റെ പ്രഭനിമിത്തം നീ നിൻ്റെ ജ്ഞാനത്തെ വഷളാക്കി; ഞാൻ നിന്നെ നിലത്തു തള്ളിയിട്ടു, രാജാക്കന്മാർ നിന്നെ കണ്ടു രസിക്കത്തക്കവണ്ണം നിന്നെ അവരുടെ മുമ്പിൽ ഇട്ടുകളഞ്ഞു. നിൻ്റെ അകൃത്യബാഹുല്യംകൊണ്ടും നിൻ്റെ വ്യാപാരത്തിൻ്റെ നീതികേടുകൊണ്ടും നീ നിൻ്റെ വിശുദ്ധമന്ദിരങ്ങളെ അശുദ്ധമാക്കി; അതുകൊണ്ടു ഞാൻ നിൻ്റെ നടുവിൽനിന്നു ഒരു തീ പുറപ്പെടുവിക്കും; അതു നിന്നെ ദഹിപ്പിച്ചുകളയും; നിന്നെ കാണുന്ന ഏവരുടെയും മുമ്പിൽ ഞാൻ നിന്നെ നിലത്തു ഭസ്മമാക്കിക്കളയും.”
അഹങ്കാരം, ഗർവ്വം, നിഗളം, ഞാൻ എന്ന ഭാവം.. അവൻ ഹൃദയത്തിൽ ചിന്തിച്ചതും പറഞ്ഞതുമെല്ലാം ദൈവം കേട്ടപ്പോൾ അവനെ അശുദ്ധനെന്ന് എണ്ണി ദൈവസന്നിധിയിൽനിന്ന് വീഴ്ത്തിക്കളഞ്ഞു.
ഹൃദയത്തിലെ ചിന്തകളും വിചാരങ്ങളുമെല്ലാം ദൈവം അറിയുന്നുണ്ട് അതിൻ്റെ എണ്ണവും കണക്കുമെല്ലാം അവൻ്റെ പക്കൽ ഉണ്ട് എന്ന കാര്യം മറന്നുപോകരുത്. ചില ആഴ്ചകൾക്ക് മുമ്പ് ഒരു സഹോദരി വലിയ അഹങ്കാരത്തോടെ എന്നോട് ഫോണിൽ സംസാരിക്കുക ഉണ്ടായി. അവർക്ക് വചനമാരി മാസിക അയച്ചപ്പോൾ വിലാസത്തോടൊപ്പം അവരുടെ ഫോൺ നമ്പർ എഴുതിയതാണ് അവരെ പ്രകോപിപ്പിച്ചത്. അവർ വലിയ പദവിയിലിരുന്ന് പെൻഷനായതാണെന്നും അവരുടെ ഫോൺ നമ്പർ സാധാരണക്കാർ കാണുമെന്നും, അത് ദുരുപയോഗം ചെയ്യുമെന്നും പറഞ്ഞു. അങ്ങനെയൊന്നും ഉണ്ടാകില്ല, ഇന്നത്തെകാലത്ത് നമുക്കു ലഭിക്കുന്ന കൊരിയർ പാക്കറ്റുകളിലും ഓൺലൈനായി വാങ്ങുന്ന സാധനങ്ങൾ അയക്കുമ്പോഴുമെല്ലാം വിലാസത്തോടൊപ്പം നമ്മുടെ ഫോൺ നമ്പർകൂടെ അവർ എഴുതാറുണ്ട്. അവ ഒന്നും നഷ്ടപ്പെടാതെ നമുക്കു ലഭിക്കുന്നതിനും, അവ കൊണ്ടുവരുന്നവർക്ക് വിലാസത്തിൽ വല്ല സംശയവും ഉണ്ടെങ്കിൽ ഫോൺ വിളിച്ചു ചോദിക്കുന്നതിനും വേണ്ടിയാണ് അതുകൊണ്ട് പേടിക്കേണ്ട കാര്യമൊന്നുമില്ല.
ഞാൻ ഈ കാര്യങ്ങൾ പറഞ്ഞതുകേട്ടപ്പോൾ അവർ പറഞ്ഞ ഉത്തരം; അതെല്ലാം വിലപിടിപ്പുള്ള സാധനങ്ങളല്ലെ, ഇത് വെറും ഒരു സുവിശേഷമാസിക അല്ലേ അതുകൊണ്ട് ഫോൺ നമ്പറൊന്നും വെക്കേണ്ട കാര്യമില്ല എന്നായിരുന്നു. അതുകേട്ടപ്പോൾ പിന്നെ ഞാൻ കൂടുതൽ ഒന്നും പറഞ്ഞില്ല അവരുടെ വിലാസത്തിൽ നിന്ന് ഫോൺ നമ്പർ ഡിലിറ്റ് ചെയ്തുകൊള്ളാമെന്ന് പറഞ്ഞ് ഫോൺ വെച്ചു. എൻ്റെ കർത്താവേ, സുവിശേഷമാസികയ്ക്കും അൽപം വിലയുണ്ട് എന്ന് അവരെ ഒന്നു ബോധ്യപ്പെടുത്തി അവരുടെ അഹങ്കാരം ഒന്നു കുറച്ചേക്കണേ എന്ന് മനസ്സിൽ പറഞ്ഞു.
അടുത്ത ഞായറാഴ്ച സഭയിൽ കർത്തൃമേശയിൽ സംബന്ധിക്കുവാൻ ഇരുന്നപ്പോൾ ഈ സംഭവം എൻ്റെ ഓർമ്മയിൽ വന്നു. അവരെ ഒരു പാഠം പഠിപ്പിക്കണേ എന്നു ഞാൻ പ്രാർത്ഥിച്ചത് ശരിയായില്ല എന്ന് ദൈവാത്മാവ് എന്നോടു പറഞ്ഞു. ദൈവസന്നിധിയിൽ എൻ്റെ തെറ്റ് ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കുകയും പിന്നീട് മേശയിൽ സംബന്ധിക്കുകയും ചെയ്തു. വീട്ടിൽ വന്ന ശേഷം ഞാൻ ആ സഹോദരിയെ ഫോണിൽ വിളിച്ചു, ഫോണിൽക്കൂടെ അവരുടെ ശബ്ദംകേട്ടപ്പോൾ ആളുമാറിപ്പോയോ എന്നുവരെ സംശയം തോന്നി, കാരണം അത്രമാത്രം ക്ഷീണം അവരുടെ ശബ്ദത്തിനുണ്ടായിരുന്നു. ഒരു പനി വന്നതാണ് ആശുപത്രിയിൽപോയി മരുന്നു കഴിക്കുന്നുണ്ട് ട്രിപ്പിട്ടു, പക്ഷേ പനിയും ക്ഷീണവും വിട്ടുമാറുന്നില്ല. ഞാൻ അവർക്കുവേണ്ടി പ്രാർത്ഥിച്ചു, പിന്നീട് അവർ സൗഖ്യമായി എന്നറിയുകയും ചെയ്തു.
ദൈവം ദാനമായി തരുന്ന പണവും പദവിയും പ്രശസ്തിയും ഒക്കെ തലക്കനം കൂട്ടാനുള്ളതാകരുത് ദൈവം അത് അശുദ്ധമായി എണ്ണും. എന്നാൽ അഹങ്കാരവും, ഗർവ്വവും, നിഗളവും, ഞാൻ എന്ന ഭാവവും ഒക്കെ വെടിഞ്ഞ് ദൈവസന്നിധിയിൽ താഴ്മയോടെ ജീവിക്കുമെങ്കിൽ സ്വർഗ്ഗം അതു പ്രസാദമായി എണ്ണും.
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ (മൊ. 9424400654)
ഭോപ്പാൽ, മധ്യപ്രദേശ്
ദൈവം എണ്ണുന്നു എന്ന ഈ ധ്യാന സന്ദേശത്തിൻ്റെ അടുത്ത ഭാഗങ്ങൾ അയക്കുന്നതായിരിക്കും. ഈ സന്ദേശം മറ്റുള്ളവർക്കും അയച്ചുകൊടുത്താലും. പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ വിളിക്കേണ്ട നമ്പർ: 9424400654, 7898211849, 8989004829


