*നോക്കിനിൽക്കുന്നവരുടെ മുമ്പിൽ മാനിക്കുന്ന ദൈവം* (ഭാഗം 3)
യോന4:5 “അനന്തരം യോന.. നഗരത്തിന്നു *എന്തുഭവിക്കുമെന്നുകാണുവാൻ* .. പാർത്തു”.
യോന ആഗ്രഹിച്ചതും പ്രസംഗിച്ചതും നീനെവേയിലെ ജനങ്ങൾ മാനസാന്തരപ്പെടുന്നതിനും അവർ ദൈവകോപത്തിൽനിന്ന് രക്ഷപ്പെടുന്നതിനും വേണ്ടിയായിരുന്നില്ല. താൻ ദൈവത്തോട് അനുസരണക്കേടു കാണിച്ചപ്പോൾ തന്നെ എന്നേക്കും തള്ളിക്കളയാതെ തൻ്റെ പ്രാർത്ഥനകേട്ട് തനിക്ക് ഒരവസരംകൂടെ നൽകിയ ദൈവം, അതുപോലെ ഒരവസരം നീനെവേയിലെ
ഒരുലക്ഷത്തിയിരുപതിനായിരത്തോളം ജനത്തിനു നൽകുന്നതുകണ്ടപ്പോൾ അത് അംഗീകരിക്കാൻ കഴിയാതെ അവരുടെ നാശംകാണുവാൻ അവൻ കാത്തിരുന്നു.
യോനയുടെ ഈ സ്വഭാവം ഇന്നത്തെ ആത്മീയഗോളത്തിലും കാണുന്നുണ്ട് എന്നുള്ളത് വേദനിപ്പിക്കുന്ന ഒരു യാഥാർത്ഥ്യമാണ്. ചില മാസങ്ങൾക്കുമുമ്പ് എന്റെ മൊബൈലിൽ ഒരു ദൈവദാസൻ്റെ വോയ്സ് മെസ്സേജും ഒരു ക്ഷണക്കത്തും ലഭിച്ചു. ബോംബെയിൽ ഒരിടത്ത് അദ്ദേഹം നടത്തുവാൻപോകുന്ന നിരപ്പിൻ്റെ കൂട്ടായ്മയിലേക്ക് കടന്നുവരണമെന്നായിരുന്നു ആ ക്ഷണക്കത്തിലുണ്ടായിരുന്നത്. ഞാൻ വളരെയധികം ബഹുമാനിക്കുന്ന ഒരു ദൈവദാസനാണ് അദ്ദേഹം. പക്ഷേ ചില വല്ലാത്ത പിടിവാശികൾ അദ്ദേഹത്തിനുണ്ടായിരുന്നത് എനിക്ക് അറിയാമായിരുന്നു. നിരപ്പിൻ്റെ കൂട്ടായ്മയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള അദ്ദേഹത്തിൻ്റെ വോയ്സ് മെസ്സേജും ക്ഷണക്കത്തും കണ്ടപ്പോൾ ഏകദേശം മുപ്പത് വർഷങ്ങൾക്കുമുമ്പ് അദ്ദേഹത്തോട് ക്ഷമചോദിച്ചുകൊണ്ട് ഒരു സഹോദരിയും കുടുംബവും ചെൈന്നയിലെ അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്ന കാര്യമാണ് എനിക്കോർമ്മ വന്നത്. അന്ന്അ വരെ ഒന്നു കാണുവാൻപോലും അദ്ദേഹം തയ്യാറായില്ല. അവരും ഭർത്താവും കരഞ്ഞുകൊണ്ട് മടങ്ങിപോകുന്ന രംഗം ഇന്നും ഞാൻ ഓർക്കുന്നുണ്ട്. അന്ന് അവരെ ഒന്നു കാണുവാൻ തയ്യാറായിരുന്നുവെങ്കിൽ, അവർക്ക് നിരപ്പുനൽകി ക്ഷമിച്ച് അവരെ ഒന്നു അനുഗ്രഹിച്ച് പ്രാർത്ഥിച്ചയച്ചിരുന്നെങ്കിൽ പിന്നീട് ആ സഹോദരിയുടെ ജീവിതത്തിൽ സംഭവിച്ച അനർത്ഥങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. മുപ്പതു വർഷങ്ങൾവേണ്ടിവന്നു ഒരു നിരപ്പിൻ്റെ ശുശ്രൂഷയ്ക്ക് തയ്യാറാകുവാൻ.
കൂട്ടുവിശ്വാസികളെ ആത്മാർത്ഥമായി ഒന്ന് അനുഗ്രഹിച്ച് പ്രാർത്ഥിക്കുവാനോ, അവരുടെ ജീവിതത്തിൽ ദൈവം ചെയ്യുന്ന നന്മകൾ കണ്ട് ഹൃദയംതുറന്ന് അവരെ അനുമോദിക്കുവാനും അവരോടൊപ്പം സന്തോഷിക്കുവാനോ കഴിയാത്തവർ നമ്മുടെ ഇടയിൽ ഉണ്ട്. എല്ലാവരും തന്നെക്കാൾ ഒരുപടി താഴെ നിന്നാൽ മതി എന്ന മനസ്സിലിരുപ്പാണ് പലർക്കുമുള്ളത്. മറ്റുള്ളവർ തങ്ങളുടെ ഒപ്പമെത്തുന്നതോ, ഒരുപടി മുകളിലാകുന്നതോ കണ്ടാൽപിന്നെ ഇക്കൂട്ടരുടെ ഉറക്കവും സമാധാനവും പോകും. പിന്നെ അവരെ കണ്ണെടുത്താൽ കണ്ടുകൂടാ എന്ന രീതിയിലായിരിക്കും കാര്യങ്ങൾ. ഈ സ്വഭാവവും കയ്യിലിരിപ്പുംവെച്ചുകൊണ്ടാണ് പലരും വലിയ ശുശ്രൂഷകളിലും പദവിയിലുമൊക്കെ ഇരിക്കുന്നതു എന്നു കാണുമ്പോൾ, വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യോനയെയാണ് ഓർമ്മ വരുന്നത്. യോനയോട് ദൈവംപറഞ്ഞ മറുപടിയാണ് മനസ്സിൽ വരുന്നത്.
“നീ അദ്ധ്വാനിക്കയോ വളർത്തുകയൊ ചെയ്യാതെ ഒരു രാത്രിയിൽ ഉണ്ടായ്വരികയും ഒരു രാത്രിയിൽ നശിച്ചുപോകയും ചെയ്തിരിക്കുന്ന ആവണക്കിനെക്കുറിച്ചു നിനക്കു അയ്യോഭാവം തോന്നുന്നുവല്ലോ. എന്നാൽ വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരുല്കഷത്തിരുപതിനായിരത്തിൽ ചില്വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോടു എനിക്കു അയ്യോഭാവം തോന്നരുതോ എന്നു ചോദിച്ചു” (യോന 4:10,11)
ഇന്നും യോനയെപ്പോലെ ചിന്തിക്കുന്ന, ഇടുങ്ങിയ മനസ്സുള്ള, ദൈവജനമെന്ന് അവകാശപ്പെടുന്ന ചിലരോടുള്ള ബന്ധത്തിൽ ഈ വാക്യത്തിൻ്റെ ചുരുക്കം ഏകദേശം ഇപ്രകാരമായിരിക്കും ‘നീ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാതെ, അവരുടെ കണ്ണുനീരും ഉപവാസവും പ്രാർത്ഥനയും കണ്ട് മനസ്സലിഞ്ഞ ഞാൻ അവർക്കും കുടുംബത്തിനും തലമുറകൾക്കും ചെയ്യുന്ന നന്മകൾ കണ്ട് നീ അസൂയപ്പെടുന്നതും കണ്ണുകടിക്കുന്നതും എന്തിനാണ് ? എൻ്റെ തീരുമാനത്തെയും അധികാരത്തെയും ചോദ്യം ചെയ്യാൻ നിനക്കെന്തവകാശമാണ് ഉള്ളത് ?
ഒരിക്കൽ യഹോവയായ ദൈവം യോനയോട്, നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു അതിന്നു വിരോധമായി പ്രസംഗിക്ക എന്നു കൽപ്പിച്ചു. എന്നാൽ ദൈവം കല്പിച്ചതിന് വിപരീതമായി അവൻ തർശ്ശീശിലേക്ക് യാത്ര പുറപ്പെട്ടു. വഴിയിൽവെച്ച് അവൻ സഞ്ചരിച്ച കപ്പൽ വലിയ അപകടത്തിൽപെട്ടു. ആ കപ്പലിലുണ്ടായ അനർത്ഥങ്ങൾക്കെല്ലാം കാരണം യോനയാണെന്ന് മനസ്സിലാക്കിയ കപ്പൽ പ്രമാണിയും കൂട്ടരും യോനയെ കടലിൽ ഇട്ടു. ഒരു വലിയ മത്സ്യം യോനയെ വിഴുങ്ങി. മത്സ്യത്തിൻ്റെ വയറ്റിൽക്കിടന്നു യോന പ്രാർത്ഥിച്ചപ്പോൾ യഹോവ മത്സ്യത്തോട് കല്പിച്ചിട്ട് അതു യോനയെ കരെക്കു ഛർദ്ദിച്ചു. പിന്നീടു ദൈവത്തെ അനുസരിച്ച് നിനവെയിൽ ചെന്ന യോന അവർക്കു വരുവാൻ പോകുന്ന ന്യായവിധിയെക്കുറിച്ച് അവരോടു പ്രസംഗിച്ചു.
യോനയുടെ പ്രസംഗംകേട്ട നിനെവേക്കാർ മാനസാന്തരപ്പെട്ടു. അവർ ദൈവത്തിൽ വിശ്വസിച്ചു ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ ദൈവസന്നിധിയിൽ അടുത്തുചെന്നു. യഹോവയായ ദൈവം അവരുടെ പ്രാർത്ഥനയും നിലവിളിയും കണ്ട് മനസ്സലിഞ്ഞ് അവർക്ക് വരുത്തുമെന്നു പറഞ്ഞ അനർത്ഥമൊന്നും വരുത്തിയില്ല.
നാശംകാണാൻ നോക്കിനിൽക്കുന്നവരെ നിരാശരാക്കിക്കൊണ്ട്, അവരോട് പോയിപണിനോക്കാൻ പറഞ്ഞുകൊണ്ട്, യെശയ്യാവ് 55:10,11 വാക്യത്തിൽ എഴുതിയിരിക്കുന്നതുപോലെ കർത്താവ് തനിക്കിഷ്ടമുള്ളവരോട് തനിക്കിഷ്ടംപോലെ ചെയ്യും. ആർക്കും അതു തടയാനാകില്ല. സ്തോത്രം !
“മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതെപ്പാൻ വിത്തും തിന്മാൻ ആഹാരവും നല്കത്തക്കവണ്ണം ഭൂമിയെ നനെച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ എൻ്റെ വായിൽ നിന്നു പുറപ്പെടുന്ന എൻ്റെ വചനം ആയിരിക്കും; അതു വെറുതെ എൻ്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും”