ഉല്പത്തി 37:19,20 “അതാ സ്വപ്നക്കാരൻ വരുന്നു; …അവൻ്റെ സ്വപ്നങ്ങൾ എന്താകുമെന്ന് നമുക്കുകാണാമല്ലോ എന്നു തമ്മിൽ തമ്മിൽ പറഞ്ഞു”
യോസേഫ് വരുന്നതു കണ്ട് അവൻ്റെ സഹോദരന്മാർ തമ്മിൽ തമ്മിൽ പറഞ്ഞ കാര്യമാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ‘അവൻ്റെ സ്വപ്നങ്ങൾ എന്താകുമെന്ന് *നമുക്കുകാണാം* ’ എന്ന വെല്ലുവിളി നടത്തിയത് വാസ്തവത്തിൽ അവർ ദൈവത്തോടായിരുന്നു. കാരണം ആ സ്വപ്നങ്ങൾ യോസേഫിനെ കാണിച്ചത് സർവ്വശക്തനായ ദൈവംതമ്പുരാനായിരുന്നു.
സഹോദരന്മാർ തമ്മിൽ തമ്മിൽ പറഞ്ഞ ആ കാര്യം ദൂരെനിന്ന് വന്നുകൊണ്ടിരുന്ന യോസേഫ് പക്ഷേ കേട്ടിരുന്നില്ല, എന്നാൽ ആ സ്വപ്നങ്ങൾ അവനെ കാണിച്ച സ്വർഗ്ഗത്തിലെ ദൈവം അതുകേട്ടു, അതുകൊണ്ട് ‘ *നമുക്കുകാണാം* ’ എന്ന അവരുടെ ആ വെല്ലുവിളി സ്വർഗ്ഗം ഏറ്റെടുത്തു.
നമുക്കുകാണാം, ഞാൻ കാണിച്ചുതരാം, ഞാൻ വെച്ചിട്ടുണ്ട്, ഞാൻ ശരിയാക്കിക്കളയും.. ഇതുപോലുള്ള വാക്കുകളും ഭീഷണികളും ഒക്കെ ദൈവമക്കളോട് പറയുന്നവർക്ക് അറിയില്ല, ആ വെല്ലുവിളി സ്വർഗ്ഗം നേരിട്ടുതന്നെ ഏറ്റെടുക്കും എന്ന്. നമുക്കു ദർശനങ്ങളും വാഗ്ദത്തങ്ങളും ഉറപ്പുകളും തന്നിരിക്കുന്നവൻ നമ്മുടെ കർത്താവാണ്, അവിടുന്ന് അതു നിവർത്തിക്കുവാൻ വിശ്വസ്തനും കെൽപ്പുള്ളവനുമാണ്. അതുകൊണ്ട് വെല്ലുവിളികൾ സ്വീകരിച്ചുകൊണ്ട് നമ്മുടെ ഉത്തരവാദിയായ കർത്താവ് നമുക്കുവേണ്ടി ഇറങ്ങും.
ഒരിക്കൽ ഫെലിസ്ത്യമല്ലനായ ഗൊല്യാത്ത് ദൈവജനത്തെ വെല്ലുവിളിച്ചു (1 ശമു. 17:10 “.. *ഞാൻ ഇന്നു യിസ്രായേൽ നിരകളെ വെല്ലുവിളിക്കുന്നു;* ..”) അന്ന് അവൻ്റെ അവസാനമായിരുന്നു. അതിനുമുമ്പ് അവൻ പലരെയും വെല്ലുവിളിച്ച്, കൊന്നുമുടിച്ച് നടന്നവനൊക്കെയായിരുന്നിരിക്കാം. പക്ഷേ ഇവിടെ അവൻ വെല്ലുവിളിച്ചത് ദൈവജനത്തോടായിരുന്നതാണ് അവന് വിനയായത്. ദൈവം ദാവീദ് എന്ന ബാലനെക്കൊണ്ട് അവന് തക്ക മറുപടി കൊടുക്കുകയും അവൻ്റെ വാളുകൊണ്ടുതന്നെ അവൻ്റെ തലയെടുക്കുകയും ചെയ്തു.
“യഹോവ ഇന്നു നിന്നെ എൻ്റെ കയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്നു നിൻ്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്നു ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്നു സർവ്വഭൂമിയും അറിയും. യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നതു എന്നു ഈ സംഘമെല്ലാം അറിവാൻ ഇടവരും; യുദ്ധം യഹോവെക്കുള്ളതു; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.” (1 ശമു. 17:46,47).
സ്വർഗ്ഗത്തിലെ ദൈവംതന്നെയാണ് ദാവീദിൽക്കൂടെ ഫെലിസ്ത്യരോടു യുദ്ധംചെയ്തതും, ദൈവജനത്തെ വെല്ലുവിളിച്ചവൻ്റെ തല എടുത്തതും. സ്തോത്രം !
‘ അവൻ്റെ സ്വപ്നങ്ങൾ എന്താകുമെന്ന് നമുക്കുകാണാമല്ലോ’ എന്നു യോസേഫിനെ കളിയാക്കി പറഞ്ഞ ആ സഹോദരന്മാരെ ദൈവം ആ സ്വപ്നങ്ങൾ നിറവേറുന്നതു കാണിച്ചുകൊടുത്തു. അതുകണ്ട അവർ ‘സ്തംഭിച്ചുപോയി‘ എന്നാണ് വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് (ഉൽപ്പ. 45:26).
എന്തായിരുന്നു യോസേഫ് കണ്ട സ്വപ്നങ്ങൾ ? ഉൽപ്പത്തി 37:5..
“യോസേഫ് ഒരു സ്വപ്നം കണ്ടു. അതു തൻ്റെ സഹോദരന്മാരോട് അറിയിച്ചതുകൊണ്ട് അവർ അവനെ പിന്നെയും അധികം പകച്ചു. അവൻ അവരോടു പറഞ്ഞത്: ഞാൻ കണ്ട സ്വപ്നം കേട്ടുകൊൾവിൻ. നാം വയലിൽ കറ്റ കെട്ടിക്കൊണ്ടിരുന്നു; അപ്പോൾ എൻ്റെ കറ്റ എഴുന്നേറ്റു നിവർന്നു നിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റും നിന്ന് എൻ്റെ കറ്റയെ നമസ്കരിച്ചു. അവൻ്റെ സഹോദരന്മാർ അവനോട്: നീ ഞങ്ങളുടെ രാജാവാകുമോ? നീ ഞങ്ങളെ വാഴുമോ എന്നു പറഞ്ഞു, അവൻ്റെ സ്വപ്നങ്ങൾ നിമിത്തവും അവൻ്റെ വാക്കു നിമിത്തവും അവനെ പിന്നെയും അധികം ദ്വേഷിച്ചു. അവൻ മറ്റൊരു സ്വപ്നം കണ്ടു തൻ്റെ സഹോദരന്മാരോട് അറിയിച്ചു: ഞാൻ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു. അവൻ അത് അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോൾ അപ്പൻ അവനെ ശാസിച്ച് അവനോട്: നീ ഈ കണ്ട സ്വപ്നം എന്ത്? ഞാനും നിൻ്റെ അമ്മയും നിൻ്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാൻ വരുമോ എന്നു പറഞ്ഞു.”
അവൻ്റെ സ്വപ്നങ്ങൾ കാരണം അവന് എല്ലാവരുടെയും പഴികേൾക്കേണ്ടിവന്നു. അപ്പൻ്റെ ശാസന കേൾക്കേണ്ടി വന്നു, കൂടെപ്പിറപ്പുകളെ വെറുപ്പിക്കേണ്ടി വന്നു, സഹോദരങ്ങൾ ശത്രുക്കളായി. എന്നിട്ടും അവൻ ഒരിക്കലും തൻ്റെ സ്വപ്നങ്ങളെ തള്ളിപ്പറഞ്ഞില്ല, സ്വപ്നങ്ങൾ വേണ്ടെന്നുവെച്ചില്ല, അവൻ തൻ്റെ സ്വപ്നങ്ങൾക്കു പിന്നാലെ പോയി, തൻ്റെ സ്വപ്നങ്ങൾ ദൈവത്തിൽ നിന്നുള്ളവയാണ് എന്ന് അവൻ വിശ്വസിച്ചു (ഉൽപ്പ. 40:8 “..യോസേഫ് അവരോട്: സ്വപ്നവ്യാഖ്യാനം ദൈവത്തിനുള്ളതല്ലയോ? അത് എന്നോടു പറവിൻ എന്നു പറഞ്ഞു” , ഉൽപ്പ. 41:16 “..ഞാനല്ല, ദൈവം തന്നെ..”).
അവസാനം അവൻ്റെ സ്വപ്നങ്ങൾ സത്യമായി, അവൻ്റെ ദർശനം നിവർത്തിയായി എന്ന് തിരുവചനത്തിൽ പരിശുദ്ധാത്മാവ് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്;
ഉൽപ്പത്തി 43:26 “യോസേഫ് വീട്ടിൽ വന്നപ്പോൾ അവർ കൈവശമുള്ള കാഴ്ച അകത്തു കൊണ്ടുചെന്ന് അവൻ്റെ മുമ്പാകെ വച്ച് *അവനെ സാഷ്ടാംഗം നമസ്കരിച്ചു* .”.
അവർ അവൻ്റെ മുമ്പാകെ സാഷ്ടാംഗംവീണ് നമസ്കരിച്ചു. കളിയാക്കിയവരെയും, ദ്വേഷിച്ചവരെയും, ദ്രോഹിച്ചവരെയും ദൈവം അവൻ്റെ മുമ്പിൽകൊണ്ടുവന്ന് അവൻ്റെ കാൽക്കൽ കിടത്തി.
എൻ്റെ സന്ദേശം വായിക്കുന്ന പ്രിയരേ, ഭാവിയെക്കുറിച്ച്, മക്കളെക്കുറിച്ച്, ജോലിയെക്കുറിച്ച്, ആത്മാക്കളെക്കുറിച്ച്… ദൈവം നിങ്ങൾക്ക് തന്നിരിക്കുന്ന ദർശനങ്ങളും സ്വപ്നങ്ങളും മുറുകെ പിടിച്ചുകൊൾക. ആരുടെയും വാക്കുകേട്ട് വിഷമിക്കേണ്ട, ആരുടെയും കുറ്റപ്പെടുത്തലുകൾ കേട്ട് കരയേണ്ട, ആരുടെയും എതിർപ്പുകൾ കണ്ട് ഭയപ്പെടേണ്ട, ആരുടെയും ശാസനകൾ കേട്ട് നിരാശരാകേണ്ട… നമ്മുടെ കർത്താവ് വിശ്വസ്തനും നീതിമാനുമാണ്. അവൻ അത് നിവർത്തിക്കുകതന്നെ ചെയ്യും.
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ (മൊ. 9424400654)
ഭോപ്പാൽ, മധ്യപ്രദേശ്
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ വിളിക്കേണ്ട നമ്പർ: 9424400654, 7898211849, 8989004829


