ഡിസംബർമാസ സന്ദേശം

December-2025

തകർന്നിരിക്കുന്ന അനുഭവങ്ങളിൽനിന്ന്, വീണുകിടക്കുന്ന ഇടങ്ങളിൽ നിന്ന്, പരാജയപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളിൽ നിന്ന്, തടസ്സപ്പെട്ടുകിടക്കുന്ന അവസ്ഥകളിൽനിന്ന്, മുടങ്ങിക്കിടക്കുന്ന വിഷയങ്ങളിൽ നിന്ന്, … കർത്താവ് നമ്മെ പുറത്തുകൊണ്ടുവരും. എന്നിട്ട് കർത്താവ് തന്നെ നല്ല ഇടയനായി നമുക്കുമുമ്പാകെ നടക്കും. നമ്മെ ഈ ഡിസംബർ മാസത്തിൽ ജയോത്സവമായി നടത്തും.


   യോഹ. 10:4 “തനിക്കുള്ളവയെ ഒക്കെയും പുറത്തുകൊണ്ടു പോയശേഷം അവൻ അവെക്കു മുമ്പായി നടക്കുന്നു; ആടുകൾ അവൻ്റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു.”
     നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുനാഥൻ അരുളിച്ചെയ്തിരിക്കുന്ന ഈ തിരുവചനം അവിടുത്തെ മക്കളായ നമുക്കു നൽകുന്ന ധൈര്യവും പ്രത്യാശയും വാക്കുകൾകൊണ്ട് വിവരിക്കാവുന്നതല്ല. ഒന്നാമതായി കർത്താവിൻ്റെ മടങ്ങിവരവിനോടുള്ള ബന്ധത്തിൽ ഈ വചനം വ്യാഖ്യാനിക്കപ്പെടുന്നു. ഇതിൻ്റെ മൂന്നാം വാക്യത്തിൽ, കർത്താവ് ഓരോരുത്തരെയും പേരുപേരായി വിളിക്കുകയും അവർ അവൻ്റെ ശബ്ദംകേട്ട് പുറത്തുവരികയും ചെയ്യുന്നു. അവൻ അവർക്കുമുമ്പായി നടന്ന് അവൻ ഒരുക്കിയിരിക്കുന്ന ഭവനത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. ഈ വാഗ്ദത്തം വിശ്വസത്താൽ കണ്ട ഭക്തന്മാരാണ് ഇപ്രകാരം പാടിയിരിക്കുന്നത്; (..പാർത്തലേ രക്ഷപെട്ടോരക്കരെക്കൂടി ആകാശേ പേർ വിളിക്കും നേരം കാണുമെൻ പേരും..)
     രണ്ടാമതായി ഈ തിരുവചനം ഇന്ന് നമുക്കുനൽകുന്ന ആശ്വാസവും പ്രത്യാശയും; നമ്മുടെ കർത്താവിന് നമ്മെ പേരുപേരായി അറിയാമെന്നും, നമ്മുടെ തകർന്നിരിക്കുന്ന അനുഭവങ്ങളിൽനിന്ന്, വീണുകിടക്കുന്ന ഇടങ്ങളിൽ നിന്ന്, പരാജയപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളിൽ നിന്ന്, തടസ്സപ്പെട്ടുകിടക്കുന്ന അവസ്ഥകളിൽനിന്ന്, മുടങ്ങിക്കിടക്കുന്ന വിഷയങ്ങളിൽ നിന്ന്, നമ്മെ രക്ഷിച്ച് പുറത്തുകൊണ്ടുവരുമെന്നും, ജയവീരനായ കർത്താവ് നമ്മുടെ മുമ്പിൽ നടന്ന് ജയോത്സവമായി നമ്മെ നടത്തും എന്നുമാണ്. സ്തോത്രം ! Hallelujah !
      ലോകസ്ഥാപനം മുതൽ ഇന്നുവരെ ജനിച്ചുമരിച്ച സകല മാനവരുടേയും, ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന എണ്ണൂറികോടിയിലധികം മനുഷ്യരുടെയും, ഇനിയും ജനിക്കുവാൻപോകുന്ന സകലരുടേയും പേരുകൾ നമ്മുടെ കർത്താവിന് അറിയാം. അവരിൽ നിന്നാണ് കർത്താവ് തനിക്കുള്ളവരെ തിരഞ്ഞെടുത്ത് അവരെ ഓമനപ്പേർ ചൊല്ലി വിളിച്ചിരിക്കുന്നത്. അതുകൊണ്ടാണ് തിരുവചനങ്ങളിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്
യെശ. 43:1 ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നേ.
യെശ. 45:3,4 ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്നെ അറിയാതെ ഇരിക്കെ ഞാൻ നിന്നെ ഓമനപ്പേർ ചൊല്ലി വിളിച്ചിരിക്കുന്നു
കർത്താവ് നമ്മെ പേർചൊല്ലി വിളിച്ചിരിക്കുകയാണ്, നമ്മൾ കർത്താവിനുള്ളവരാണ്, കർത്താവിന് വിലയേറിയവരാണ്, ആകയാൽ;
1) *അവൻ നമ്മെ പുറത്തുകൊണ്ടുവരും*
പലവിധ ജീവിത സാഹചര്യങ്ങളാൽ കഷ്ടപ്പെട്ട്, ചതിയിലും വഞ്ചനയിലും കെണികളിലും അകപ്പെട്ട്, നഷ്ടങ്ങളുടെയും പരാജയങ്ങളുടെയും, രോഗങ്ങളുടെയും വേദനകളുടെയും.. സങ്കട കയങ്ങളിൽ നിന്നും നമ്മുടെ കർത്താവ് നമ്മെ പുറത്തുകൊണ്ടുവരും.
ദൈവകോപത്താൽ കത്തിചാമ്പലായി മാറാൻ പോയ സോദോം നഗരത്തിൽനിന്ന് ലോത്തിനെ സ്വർഗ്ഗത്തിലെ ദൈവം തൻ്റെ ദൂതന്മാരെ അയച്ചു പുറത്തുകൊണ്ടുവന്നതുപോലെ.. (ഉൽപ്പ. 19:16 അവൻ താമസിച്ചപ്പോൾ, യഹോവ അവനോടു കരുണ ചെയ്കയാൽ, ആ പുരുഷന്മാർ അവനെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈക്കു പിടിച്ചു പട്ടണത്തിൻ്റെ പുറത്തു കൊണ്ടുപോയി ആക്കി.)
ജനിച്ച നാൾമുതൽ അന്ധകാരത്തിൽ ജീവിച്ചിരുന്ന ആ കുരുടനെ യേശുകർത്താവ് കൈക്കു പിടിച്ച് പുറത്തുകൊണ്ടുവന്നതുപോലെ... (മർക്കൊ. 8:23..25 അവർ ബേത്ത്സയിദയിൽ എത്തിയപ്പോൾ ഒരു കുരുടനെ അവൻ്റെ അടുക്കൽ കൊണ്ടുവന്നു അവനെ തൊടേണമെന്നു അപേക്ഷിച്ചു. അവൻ കുരുടൻ്റെ കൈക്കു പിടിച്ചു അവനെ ഉൗരിന്നു *പുറത്തുകൊണ്ടു പോയി* ..അവൻ്റെ കണ്ണിന്മേൽ കൈ വെച്ചാറെ അവൻ സൗഖ്യെം പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ടു.)
കാരാഗ്രഹത്തിൽ കിടന്ന അപ്പൊസ്തലന്മാരെ കർത്താവ് തൻ്റെ ദൂതനെ അയച്ച് പുറത്തുകൊണ്ടുവന്നതുപോലെ... (അപ്പൊ.പ്ര. 5:19 രാത്രിയിലോ കർത്താവിൻ്റെ ദൂതൻ കാരാഗൃഹവാതിൽ തുറന്നു *അവരെ പുറത്തു കൊണ്ടു വന്നു*:)
തകർന്നിരിക്കുന്ന അനുഭവങ്ങളിൽനിന്ന്, വീണുകിടക്കുന്ന ഇടങ്ങളിൽ നിന്ന്, പരാജയപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളിൽ നിന്ന്, തടസ്സപ്പെട്ടുകിടക്കുന്ന അവസ്ഥകളിൽനിന്ന്, മുടങ്ങിക്കിടക്കുന്ന വിഷയങ്ങളിൽ നിന്ന്, … കർത്താവ് നമ്മെ പുറത്തുകൊണ്ടുവരും. എന്നിട്ട് കർത്താവ് തന്നെ നല്ല ഇടയനായി നമുക്കുമുമ്പാകെ നടക്കും. നമ്മെ ഈ ഡിസംബർ മാസത്തിൽ ജയോത്സവമായി നടത്തും.
വിശ്വസിക്കുന്നവർക്ക് ആമേൻ പറഞ്ഞുകൊണ്ട് ഈ വാഗ്ദത്ത സന്ദേശം ഏറ്റെടുക്കാം.
പ്രാർത്ഥനയോടെ,
ഷൈജു പാസറ്റർ (9424400654)
വചനമാരി ഭോപ്പാൽ
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”