മാറി ചിന്തിച്ചവർ

December-2025

തങ്ങൾ കുഴിച്ച കിണറുകൾക്ക് അന്യായമായി അവകാശം പറഞ്ഞുവന്ന ഫെലിസ്ത്യരുടെ മുമ്പിൽ നിന്ന് യിസ്ഹാക്ക് മാറിപ്പോയതിനു കാരണം അവരെ എതിർത്തുനിന്ന് തോൽപ്പിക്കാൻ തനിക്ക് കഴിവില്ലാഞ്ഞതുകൊണ്ടായിരുന്നില്ല. ഒരു വാക്യം വായിക്കാം; ഉൽപ്പത്തി 26:16 (“അബീമേലെക് യിസ്ഹാക്കിനോട്: നീ ഞങ്ങളെക്കാൾ ഏറ്റവും ബലവാനാകകൊണ്ട് ഞങ്ങളെ വിട്ടുപോക എന്നു പറഞ്ഞു”) സത്യത്തിൽ അവരെക്കാൾ ബലവാനും, മഹാസമ്പന്നനുമായിരുന്നു യിസ്ഹാക്. എന്നിട്ടും അവരെ മാറിപ്പോകാൻ തീരുമാനിച്ച യിസ്ഹാക് എത്ര മഹാനായിരുന്നു. അതുകൊണ്ട് സ്വർഗ്ഗത്തിലെ ദൈവം എക്കാലവും യിസ്ഹാകിൻ്റെയും ദൈവമെന്ന് അറിയപ്പെടാൻ ഇഷ്ടപ്പെട്ടു (മത്തായി 22:32,...


       ഈ ധ്യാനവിഷയത്തോടുള്ള ബന്ധത്തിൽ കഴിഞ്ഞ ദിവസം നമ്മൾ ചിന്തിച്ചത്, യേശു കർത്താവിനെയും ശിഷ്യന്മാരെയും ശമര്യക്കാർ അവരുടെ ഗ്രാമത്തിൽ സ്വീകരിക്കാതിരിക്കുന്നതുകണ്ട് രോഷാകുലരായ ശിഷ്യന്മാർ കർത്താവിനോട് അവരെ ആകാശത്തുനിന്നു തീ ഇറങ്ങി നശിപ്പിപ്പാൻ അനുവാദം ചോദിച്ചപ്പോൾ, കർത്താവ് അവരെ ശാസിച്ച് തിരുത്തി ശാന്തരാക്കി വേറൊരു ഗ്രാമത്തിലേക്ക് കൊണ്ടുപോയ സംഭവമാണല്ലോ (ലൂക്കൊ. 9:52…). യേശു കർത്താവിനെ അവഗണിച്ച് നന്ദികേട് കാണിച്ച ശമര്യക്കാരോട് വഴക്കുണ്ടാക്കാതെ, അവരോട് തെല്ലും നീരസപ്പെടാതെ തൻ്റെ ശിഷ്യന്മാരെ വേറൊരു ഗ്രാമത്തിലേക്ക് കൊണ്ടുപോയ കർത്താവിന് സ്തോത്രം !
      ഇതുപോലുള്ള സാഹചര്യങ്ങൾ നമ്മുടെ വിശ്വാസ ജീവിതയാത്രയിൽ ഉണ്ടാകുമ്പോൾ, ലോകമനുഷ്യരെപ്പോലെ വഴക്കിനും വയ്യാവേലിക്കും നിൽക്കാതെ കേസിനും കൂട്ടത്തിനും പോകാതെ, കർത്താവ് മാതൃക കാണിച്ചുതന്നതുപോലെ വേറൊരു തീരുമാനം എടുക്കുവാൻ നമുക്കും സാധിക്കണം.
അതുപോലെ വേറിട്ട ഒരു തീരുമാനമെടുത്ത ഒരു ദൈവഭക്തനെക്കുറിച്ച് ഇന്ന് പഴയനിയമത്തിൽനിന്ന് നമുക്കു ധ്യാനിക്കാം. ഉൽപ്പത്തി 26:28 “ *അവൻ അവിടെനിന്നു മാറിപ്പോയി* മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ച് അവർ ശണ്ഠയിട്ടില്ല. യഹോവ ഇപ്പോൾ നമുക്ക് ഇടം ഉണ്ടാക്കി നാം ദേശത്തു വർധിക്കുമെന്നു പറഞ്ഞ് അവൻ അതിനു രെഹോബോത്ത് എന്നു പേരിട്ടു”
     *അവൻ അവിടെനിന്ന് മാറിപ്പോയി* ….. പരിശുദ്ധാത്മാവ് തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ വാക്കുകൾക്ക് വ്യക്തമായ ഒരു അർത്ഥവും, ദൈവമക്കൾക്ക് വേണ്ട ഒരു പാഠവുമുണ്ട്.
     *ആര് എവിടെനിന്ന് മാറിപ്പോയി ?* ഈ ചോദ്യത്തിനുള്ള ഉത്തരം മുകളിലുള്ള വചനഭാഗങ്ങളിൽ വ്യക്തമായി പറയുന്നുണ്ട്. ഒരിക്കൽ യിസ്ഹാക് കുടുംബത്തോടൊപ്പംവന്ന് ഗെരാർ ദേശത്ത് പാർത്തു. അവിടെ തൻ്റെ പിതാവായ അബ്രാഹാമിൻ്റെ കാലത്തു കുഴിച്ചതും അബ്രാഹാം മരിച്ചശേഷം ഫെലിസ്ത്യർ നികത്തിക്കളഞ്ഞതുമായ കിണറുകൾ യിസ്ഹാക് പിന്നെയും കുഴിച്ച്, തൻ്റെ പിതാവ് അവയ്ക്ക് ഇട്ടിരുന്ന പേർതന്നെ ഇട്ടു. യിസ്ഹാക് കുഴിച്ച കിണറിൽ ധാരാളം നീരുറവ് ഉണ്ട് എന്ന് ഫെലിസ്ത്യർ കണ്ടപ്പോൾ അവർ വന്ന് ഈ വെള്ളം ഞങ്ങൾക്കുള്ളത് എന്നു പറഞ്ഞു യിസ്ഹാക്കിൻ്റെ ഇടയന്മാരോടു ശണ്ഠയിട്ടു. തങ്ങൾ കഷ്ടപ്പെട്ട് കുഴിച്ച കിണറിന് ഫെലിസ്ത്യർവന്ന് അന്യായമായി അവകാശം പറഞ്ഞപ്പോൾ, അവരോട് വഴക്കിനും യുദ്ധത്തിനുമൊന്നും പോകാതെ, *അവൻ അവിടെനിന്ന് മാറിപ്പോയി* .
    യിസ്ഹാക്കും കൂട്ടരും മറ്റൊരു കിണറ് കുഴിച്ചു; ഫെലിസ്ത്യരും കൂട്ടരും അവിടെയും വന്ന് അതിനെക്കുറിച്ചും ശണ്ഠയിട്ടതുകൊണ്ട് അവൻ *അവിടെനിന്നും മാറിപ്പോയി* .
     മൂന്നാമതൊരിടത്ത് അവർ കിണറ് കുഴിച്ചു, ഇപ്രാവശ്യം പക്ഷേ ഫെലിസ്ത്യർ അവിടെ വഴക്കിന് വന്നില്ല. യിസ്ഹാക്കിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിച്ചു.
      മനപൂർവ്വം വഴക്കുണ്ടാക്കാൻ വന്ന ഫെലിസ്ത്യരോടും കൂട്ടരോടും ശണ്ഠക്കു പോകാതെ, അവിടെനിന്ന് മാറിപ്പോയ യിസ്ഹാക്കിന് ഒരു നഷ്ടവും ഉണ്ടാകാൻ ദൈവം അനുവദിച്ചില്ല. വഴക്കിനും ഉപദ്രവത്തിനുംവന്ന ഫെലിസ്ത്യരുടെ മുമ്പിൽ (ഫെലിസ്ത്യർക്ക് അസൂയ തോന്നുമാറ്) യിസ്ഹാക് വർദ്ധിച്ച് വർദ്ധിച്ച് മഹാധനവാനായിത്തീർന്നതിൻ്റെ (ഉൽപ്പ. 26:13) കാരണം യിസ്ഹാക്കിലുണ്ടായിരുന്ന ശാന്ത സ്വഭാവമായിരുന്നു, ആരോടും വഴക്കിന് നിൽക്കാതെ, ഒരു കാരണവുമില്ലാതെ അന്യായമായി ഇങ്ങോട്ട് ശണ്ഠക്ക് വരുന്നവരിൽ നിന്നുപോലും മാറി സഞ്ചരിച്ചതുകൊണ്ടാണ്.
     ചില ആളുകളെ നമ്മൾ കാണാറുണ്ട്, എല്ലാ വിഷയത്തിലും ചെന്ന് ഇടപെടും, അനാവശ്യകാര്യങ്ങളിൽ ചെന്ന് തലവെച്ചുകൊടുക്കും. ആവശ്യമില്ലാത്ത വയ്യാവേലിഎടുത്ത് തലയിൽവെച്ച് വീട്ടിൽകൊണ്ടുവരും. എന്നിട്ട് മറ്റുള്ളവരെയും കുഴിയിൽ വീഴിക്കും. അവസാനം ഉള്ള സമാധാനവും കളഞ്ഞ് നഷ്ടങ്ങൾ വരുത്തിവെക്കാനല്ലാതെ വല്ല പ്രയോജനവുമുണ്ടോ ?
     ചില ആളുകളിൽ നിന്നോ, ഇടങ്ങളിൽ നിന്നോ നമുക്കു പ്രയാസമുണ്ടാക്കുന്ന വിഷയങ്ങൾ ഉണ്ടായി എന്നുവരാം, അകാരണമായി ചിലർ നമുക്ക് എതിരായി തിരിഞ്ഞു എന്നുവരാം, മനപൂർവ്വമായി നമ്മെ ദ്രോഹിക്കുവാൻ ഒരുങ്ങിഇറങ്ങിയവരുണ്ടാകാം.. പകരത്തിനു പകരം എന്ന കണക്കുവെക്കാതെ, അവരിൽ നിന്ന് മാറിപ്പോകുകയാണ് കർത്താവ് നമുക്കു കാണിച്ചു തന്നിരിക്കുന്ന മാതൃക. അന്യായമായി അവകാശം പറഞ്ഞ് ആൾബലവുമായി വന്ന ഫെലിസ്ത്യരിൽ നിന്ന് മാറിപ്പോയതുകൊണ്ട് യിസ്ഹാക്കിന് ലാഭമല്ലാതെ വല്ല നഷ്ടവും സംഭവിക്കുവാൻ ദൈവം അനുവദിച്ചില്ലല്ലോ.
     തങ്ങൾ കുഴിച്ച കിണറുകൾക്ക് അന്യായമായി അവകാശം പറഞ്ഞുവന്ന ഫെലിസ്ത്യരുടെ മുമ്പിൽ നിന്ന് യിസ്ഹാക്ക് മാറിപ്പോയതിനു കാരണം അവരെ എതിർത്തുനിന്ന് തോൽപ്പിക്കാൻ തനിക്ക് കഴിവില്ലാഞ്ഞതുകൊണ്ടായിരുന്നില്ല. ഒരു വാക്യം വായിക്കാം; ഉൽപ്പത്തി 26:16 (“അബീമേലെക് യിസ്ഹാക്കിനോട്: നീ ഞങ്ങളെക്കാൾ ഏറ്റവും ബലവാനാകകൊണ്ട് ഞങ്ങളെ വിട്ടുപോക എന്നു പറഞ്ഞു”) സത്യത്തിൽ അവരെക്കാൾ ബലവാനും, മഹാസമ്പന്നനുമായിരുന്നു യിസ്ഹാക്. എന്നിട്ടും അവരെ മാറിപ്പോകാൻ തീരുമാനിച്ച യിസ്ഹാക് എത്ര മഹാനായിരുന്നു. അതുകൊണ്ട് സ്വർഗ്ഗത്തിലെ ദൈവം എക്കാലവും യിസ്ഹാകിൻ്റെയും ദൈവമെന്ന് അറിയപ്പെടാൻ ഇഷ്ടപ്പെട്ടു (മത്തായി 22:32, മർക്കൊ. 12:26, ലൂക്കൊ 20:37, അപ്പൊ.പ്ര. 3:13, 7:32). ഹല്ലേലൂയ്യാ !
    അതുകൊണ്ട് എഫെസ്യർ 3:20 വചന പ്രകാരം (“എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്നു”) ദൈവമക്കൾ മാറിപ്പോകുന്നതും, ഒഴിഞ്ഞു നിൽക്കുന്നതും, മിണ്ടാതിരിക്കുന്നതും, പ്രതികരിക്കാതിരിക്കുന്നതും, എതിർക്കാതിരിക്കുന്നതും ഒന്നും ഒരു തോറ്റുകൊടുക്കലായി ആരും ചിന്തിക്കേണ്ട. നമ്മൾ ദൈവത്തിന് അത്രമാത്രം പ്രിയരായതുകൊണ്ടാണ് മാറി സഞ്ചരിക്കുന്നത്, വേർപാടിൽ ജീവിക്കുന്നത്.
     (യോഹ. 15:19 നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽ നിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു.)
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ (9424400654)
വചനമാരി (ഭോപ്പാൽ)
കാര്യങ്ങൾ വ്യത്യസ്തമായി കാണുകയും, കൈകാര്യം ചെയ്യുകയും ചെയ്ത മാറി ചിന്തിച്ച അഥവാ വേറെ മാർഗ്ഗം സ്വീകരിച്ച ചില വ്യക്തികളെക്കുറിച്ച് തിരുവചനത്തിൽ നിന്നും തുടർന്നും ധ്യാനിക്കാം. ഈ ധ്യാനചിന്തകളുടെ അടുത്തഭാഗം ഉടനെ വചനമാരി വെബ്സൈറ്റിലും വായിക്കാവുന്നതാണ്.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ വിളിക്കേണ്ട നമ്പർ 7898211849, 07554297672
You can Join our WhatsApp group    https://chat.whatsapp.com/GfgoK55nnYn7soVPaiKOjV
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”