വേറൊരു സ്വഭാവം

December-2025

കാലേബിൻ്റെത് വേറൊരു സ്വഭാവമായിരുന്നു അതുകൊണ്ട് സ്വർഗ്ഗത്തിലെ ദൈവം അവനെ, എൻ്റെ ദാസൻ എന്നു വിളിച്ച് വാഗ്ദത്തങ്ങൾ നൽകി. സഹോദരന്മാർ പ്രതീക്ഷിക്കാത്ത വേറൊരു ഹൃദയമായിരുന്നു യോസേഫിൻ്റെത് ദൈവം അതു നീതിയായി കണക്കിട്ട് യോസേഫിനെ അനുഗ്രഹിച്ചു. ആകയാൽ പ്രിയരേ, ഇനിയും വൈകരുത്, ഇനിയും വെച്ച്താമസിപ്പിക്കരുത്, ഈ ദിവസം നിങ്ങൾ വ്യത്യസ്തമായി ചെയ്യുന്ന ആ കാര്യം 2026 ൽ നിങ്ങളുടെ വലിയ അനുഗ്രഹങ്ങൾക്കു കാരണമാകും. ക്ഷമിക്കുക, പൊറുക്കുക, മറക്കുക, അവസരം നൽകുക...ചേർത്തുനിർത്തുക… യോസേഫിൻ്റെ ദൈവം ഇന്നും ജീവിക്കുന്നു.


     ഉൽപ്പത്തി 45:5 “എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷയ്ക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പേ അയച്ചതാകുന്നു.”
     ദീർഘവർഷങ്ങൾക്കുശേഷം യോസേഫിനെ കണ്ടപ്പോൾ അവൻ്റെ സഹോദരന്മാർക്കുണ്ടായ പ്രതികരണം എന്തായിരുന്നുവെന്ന് ഈ അധ്യായത്തിൻ്റെ മൂന്നാം വാക്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (“..അവൻ്റെ സഹോദരന്മാർ അവൻ്റെ സന്നിധിയിൽ ഭ്രമിച്ചുപോയതുകൊണ്ട് അവനോട് ഉത്തരം പറവാൻ അവർക്കു കഴിഞ്ഞില്ല”)
     അപ്രതീക്ഷിതമായി യോസേഫിനെ കണ്ടപ്പോൾ ഉത്തരംമുട്ടിനിന്ന തൻ്റെ സഹോദരന്മാരോട് യോസേഫ് പറഞ്ഞ ആശ്വാസവാക്കുകളാണ് മുകളിൽ കുറിച്ചിരിക്കുന്നത്. ‘എന്നെ വിറ്റതുകൊണ്ട് നിങ്ങൾ സങ്കടപ്പെടേണ്ട, ദൈവം എന്നെ നിങ്ങൾക്കുമുമ്പായി അയച്ചതാണ്’’. തന്നോട് അനീതി കാട്ടിയവരോട് ഇപ്രകാരം പറയാൻ ഒരു ദൈവഭക്തനുമാത്രമേ സാധിക്കുകയുള്ളൂ. തൻ്റെ സഹോദരന്മാർക്ക് നന്മയല്ലാതെ ഒരു തെറ്റും ചെയ്യാത്ത, ഉപകാരമല്ലാതെ ദോഷവും ചെയ്യാത്ത യോസഫിനോട് അവർ ചെയ്തത് വലിയ അന്യായമായിരുന്നു. അവനെ കൊന്നുകളയാൻ തീരുമാനിച്ചവർ, അവനെ കാശിന് വിറ്റുകളഞ്ഞവർ അവസാനംവന്ന് അവൻ്റെനേരെ ആഹാരത്തിന്കൈനീട്ടിയപ്പോൾ അവരോട് പകരംവീട്ടാൻ ശ്രമിക്കാതെ, വാക്കുകൾകൊണ്ടുപോലും വേദനിപ്പിക്കാതെ അവരെ ചേർത്തുനിറുത്തുവാൻ യോസേഫ് എടുത്ത തീരുമാനം ഗംഭീരമാണ്. തങ്ങളെ ദ്രോഹിച്ചവരോടുള്ള പക മനസ്സിൽ കൊണ്ടുനടന്ന് വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം അവസരം കിട്ടിയപ്പോൾ അവരോട് പകരം വീട്ടിയവരുടെ ധാരാളം വാർത്തകൾ നമ്മൾ ദിനപത്രങ്ങളിൽ വായിക്കാറുണ്ടല്ലോ. എന്നാൽ യോസേഫ് അങ്ങനെയായിരുന്നില്ല;
ആലിംഗനം ചെയ്യാൻ നീട്ടിയ കരങ്ങളെ തട്ടിമാറ്റി, പൊട്ടക്കുഴിയിലേക്ക് തള്ളിയിട്ടതും,
ചങ്ങലയാൽ ബന്ധിക്കപ്പെട്ട ഒരു അടിമയായി അന്യദേശത്തേക്ക് വലിച്ചിഴക്കപ്പെട്ടതും,
അപ്പൻ്റെ ലാളനയേറ്റ് മടിയിൽ കിടക്കേണ്ട താൻ കാരാഗ്രഹത്തിൻ്റെ ഇരുട്ടറയിൽ കിടന്നതും,
ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെട്ട്, ദിനരാത്രങ്ങളറിയാതെ പതിന്നാലു വർഷങ്ങളോളം തടവറയിൽ കിടന്നതും..
     എല്ലാം എല്ലാം, അവരോട് പൊറുക്കാനും ക്ഷമിക്കാനും യോസേഫ് എടുത്ത ആ തീരുമാനം ഒരു അസാധാരണ തീരുമാനമായിരുന്നു. വേറൊരു തീരുമാനമായിരുന്നു. അതുകൊണ്ടുതന്നെ വേദപുസ്തക ചരിത്രത്തിൽ യോസേഫ് ഒരു നക്ഷത്രമായി, ദൈവപുത്രനായ യേശുക്രിസ്തുവിന് നിഴലായി കാണപ്പെടുന്നു.
ജീവിതത്തിൽ പലവിധമായ പരീക്ഷകളും പ്രതികൂലങ്ങളും ഉണ്ടാകുമ്പോൾ എല്ലാവരും ചെയ്യുന്നതുപോലെ ചെയ്യുവാനല്ല, എല്ലാവരും പ്രതികരിക്കുന്നതുപോലെ പ്രതികരിക്കുവാനല്ല നമ്മൾ ശ്രമിക്കേണ്ടത്. തക്ക അവസരം ലഭിച്ചിട്ടും തന്നെ ദ്രോഹിച്ചവരോട് പ്രതികാരത്തിനു മുതിരാതെ അവർക്ക് തണലായി മാറുവാൻ യോസേഫിനു സാധിച്ചതുപോലെ നമുക്കും സാധിക്കണം.
     വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുന്നവരല്ല, കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യുന്നവരായിരിക്കണം നമ്മൾ. ഒരു പുതിയ വർഷത്തിലേക്ക് പ്രവേശിക്കുവാൻ നമ്മൾ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണല്ലോ. ചിലതെല്ലാം ക്ഷമിക്കുവാനും പൊറുക്കുവാനും മറക്കുവാനും നമുക്കു സാധിക്കുമെങ്കിൽ, യോസേഫിൻ്റെ ദൈവം നമ്മോടും നീതികാണിക്കും.
     സംഖ്യപുസ്തകം 14:24 ഒരു വാഗ്ദത്തവാക്യമായി ഏറ്റെടുത്തുകൊൾക “എൻ്റെ ദാസനായ കാലേബോ, അവന്നു വേറൊരു സ്വഭാവമുള്ളതുകൊണ്ടും എന്നെ പൂർണ്ണമായി അനുസരിച്ചതുകൊണ്ടും അവൻ പോയിരുന്ന ദേശത്തേക്കു ഞാൻ അവനെ എത്തിക്കും; അവൻ്റെ സന്തതി അതു കൈവശമാക്കും.”
     കാലേബിൻ്റെത് വേറൊരു സ്വഭാവമായിരുന്നു അതുകൊണ്ട് സ്വർഗ്ഗത്തിലെ ദൈവം അവനെ, എൻ്റെ ദാസൻ എന്നു വിളിച്ച് വാഗ്ദത്തങ്ങൾ നൽകി. സഹോദരന്മാർ പ്രതീക്ഷിക്കാത്ത വേറൊരു ഹൃദയമായിരുന്നു യോസേഫിൻ്റെത് ദൈവം അതു നീതിയായി കണക്കിട്ട് യോസേഫിനെ അനുഗ്രഹിച്ചു.
ആകയാൽ പ്രിയരേ, ഇനിയും വൈകരുത്, ഇനിയും വെച്ച്താമസിപ്പിക്കരുത്, ഈ ദിവസം നിങ്ങൾ വ്യത്യസ്തമായി ചെയ്യുന്ന ആ കാര്യം 2026 ൽ നിങ്ങളുടെ വലിയ അനുഗ്രഹങ്ങൾക്കു കാരണമാകും. ക്ഷമിക്കുക, പൊറുക്കുക, മറക്കുക, അവസരം നൽകുക...ചേർത്തുനിർത്തുക…
യോസേഫിൻ്റെ ദൈവം ഇന്നും ജീവിക്കുന്നു.
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ (9424400654)
വചനമാരി (ഭോപ്പാൽ)
കാര്യങ്ങൾ വ്യത്യസ്തമായി കാണുകയും, കൈകാര്യം ചെയ്യുകയും ചെയ്ത അഥവാ വേറെ മാർഗ്ഗം സ്വീകരിച്ച ചില വ്യക്തികളെക്കുറിച്ച് തിരുവചനത്തിൽ നിന്നും തുടർന്നും ധ്യാനിക്കാം. ഈ ധ്യാനചിന്തകളുടെ അടുത്തഭാഗം ഉടനെ വചനമാരി വെബ്സൈറ്റിലും വായിക്കാവുന്നതാണ്.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ വിളിക്കേണ്ട നമ്പർ 7898211849, 07554297672
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ക്രൂശിലെ സ്നേഹം

ഒരു മുഷ്യശരീരത്തിൽ ഉള്ള രക്തത്തിൻ്റെ അളവ് ഏകദേശം 6 ലിറ്ററാണ് എന്ന് കണക്കാക്കപ്പെടുന്നു. ഒലിവ് മലയിൽവെച്ച് യേശുകർത്താവ് പ്രാർത്ഥിച്ചപ്പോൾ ലൂക്കൊ. 22:44 വിയർപ്പുതുള്ളിപോലെ ഒഴുകുവാനാരംഭിച്ച നാഥൻ്റെ ശരീരത്തിലെ, അവസാനതുള്ളി രക്തം, യോഹ. 19:34 ൽ ഒഴുകിതീർന്ന് ഇനിയും ഒരുതുള്ളിപോലും ആ ശരീരത്തിൽ അവശേഷിക്കുന്നില്ല എന്നതിൻ്റെ അടയാളമായി വെള്ളവും ഒഴുകിവന്നു. വേല്യപുസ്തകം 17:11 ൽ വായിക്കുന്നതുപോലെയും വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നതും ജീവൻ രക്തത്തിലാണല്ലോ ഇരിക്കുന്നത്; അതായത്, അവസാനതുള്ളി രക്തവും നമുക്കുവേണ്ടി ഊറ്റിതന്ന യേശുനാൻ അവിടുത്തെ ജീവൻതന്നെ നമുക്കുവേണ്ടി യാഗമായി അർപ്പിക്കുകയായിരുന്നു. സ്തോത്രം.