പുഷ്ടിയുള്ള കാലം

December-2024

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.


പുതുവർഷ സന്ദേശം
 (അപ്പൊ.പ്ര. 14:17)   “അവൻ നന്മചെയ്കയും ആകാശത്തുനിന്നു മഴയും ഫല *പുഷ്ടിയുള്ള കാലങ്ങളും* നിങ്ങൾക്കു തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തു..”
      വചനമാരിയുടെ സുവിശേഷസഹകാരികൾക്ക് നൽകേണ്ട പുതുവർഷ അനുഗ്രഹ സന്ദേശം എന്തായിരിക്കണമെന്ന് ദൈവാലോചന ചോദിച്ചുകൊണ്ട് ഉപവസിച്ചു പ്രാർത്ഥിച്ചപ്പോൾ ദൈവാത്മാവ് എൻ്റെ ഹൃദയത്തിൽ തന്ന ഒരു സന്ദേശമാണ് ഇത്. വർഷംമുഴുവനും ഈ സന്ദേശം സൂക്ഷിച്ചുവെക്കുവാൻ ഞാൻ അഭ്യർത്ഥിക്കുന്നു.
     വേദപുസ്തകം പഠിക്കുമ്പോൾ മനുഷ്യജീവിതത്തിൽ കടന്നു വരുന്ന രണ്ടു കാലങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നതായി കാണുവാൻ സാധിക്കും. *(1) പുഷ്ടിയുടെ കാലം* അഥവാ നന്മയുടെയും സമൃദ്ധിയുടെയും നാളുകൾ *(2) വരണ്ട കാലം* അഥവാ തോൽവിയുടെയും പരിവട്ടത്തിൻ്റെയും നാളുകൾ.
ഈ രണ്ടുകാലങ്ങളെക്കുറിച്ച് ഒരിക്കൽ ഫറവോ രാജാവ് ഒരു സ്വപ്നം കണ്ടതും, ആ സ്വപ്നത്തിൻ്റെ അർത്ഥം യോസേഫ് ഫറവോന് വ്യാഖ്യാനിച്ചുകൊടുത്തതുമായ സംഭവം ഉൽപ്പത്തി 41 അധ്യായത്തിൽ നമ്മൾ വായിക്കുന്നുണ്ടല്ലോ. നല്ല കതിർ അഥവാ നിറഞ്ഞ കതിർ, ഉണങ്ങിയ കതിർ അഥവാ നേർത്ത കതിർ എന്ന മറ്റൊരു സ്വപ്നവും ഫറവോ രാജാവ് കണ്ടിരുന്നു. ആ രണ്ടു സ്വപ്നങ്ങളുടെയും അർത്ഥം ഒന്നുതന്നെയായിരുന്നു.
     *ദൈവം തൻ്റെ മക്കൾക്കായി കരുതിവെച്ചിരിക്കുന്നത് പുഷ്ടിയുടെ കാലമാണ്.* വേദപുസ്തകം ആദിയോടന്തം പരിശോധിച്ചാൽ പുഷ്ടിയുടെ നിരവധി അനുഭവങ്ങൾ അഥവാ അനുഗ്രഹങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതായി കാണുവാൻ സാധിക്കും. അവയിൽ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട് ദൈവാത്മാവ് ആലോചനതന്ന ചിലതുമാത്രം ഞാൻ ഇവിടെ കുറിക്കുന്നു.
*1) ദേശത്തിൻ്റെ പുഷ്ടി* (ഉൽ. 45:18)
“..നിങ്ങൾ ദേശത്തിൻ്റെ പുഷ്ടി അനുഭവിക്കും”.
     ഇതു ദൈവം തൻ്റെ മക്കൾക്കു നൽകിയിരിക്കുന്ന അനുഗ്രഹമാണ്. എന്നാൽ ചിലരുടെ ജീവിതത്തിൽ ഈ പുഷ്ടിയുടെ അനുഭവം കാണാതെ കഷ്ടപ്പെടുന്നവരുണ്ട്. വിദേശ രാജ്യങ്ങളിൽ പഠനത്തിനും ജോലിക്കുമായി പോകുന്ന നിരവധി ആളുകളുണ്ട്, അവരിൽ യൗവ്വനക്കാരായ കുട്ടികളുടെ എണ്ണം ഞാൻ പറയേണ്ടതില്ലല്ലോ. അവരുടെ മാതാപിതാക്കൾ ഫോൺ നമ്പർ നൽകി അവർ വചനമാരിയിലേക്ക് പ്രാർത്ഥനക്കായി വിളിക്കാറുണ്ട്. മാതാപിതാക്കളോട് പറയാൻ കഴിയാത്ത വിഷയങ്ങൾ അവർ പ്രാർത്ഥനക്കായി ഞങ്ങളോട് പങ്കുവെക്കുന്നു. അവയിൽ പ്രധാനപ്പെട്ട ഒരു വിഷയം അവരുടെ ജോലിയുടെയും സാമ്പത്തികവുമായ വിഷയമാണ്. അവർ എത്തപ്പെട്ട ദേശം നല്ല ദേശമാണ്. ജീവിക്കാൻ നല്ല സാഹചര്യങ്ങളും സാധ്യതകളുമുണ്ട്. പക്ഷേ എനിക്ക് ഒന്നും ശരിയാകുന്നില്ല, എന്നേക്കാൾ പ്രിയം കുറഞ്ഞവർക്കും യോഗ്യത കുറഞ്ഞവർക്കും എളുപ്പത്തിൽ ജോലി കിട്ടുന്നു. എനിക്ക് ഇത്രയും പരിചയവും അനുഭവസമ്പത്തുണ്ടായിട്ടും ഒരു പ്രയോജനവുമില്ല. ദേശത്തിൻ്റെ പുഷ്ടി അനുഭവിക്കാൻ കഴിയാതെയിരിക്കുന്നവരാണ് ഇവർ. ശത്രു അതു തടഞ്ഞുവെച്ചിരിക്കയാണ്. ഗൾഫ് നാടുകൾ സമ്പന്നമാണ് നിരവധി വിദേശികൾ ആ പുഷ്ടി അനുഭവിക്കുന്നു. എന്നാൽ ചിലർക്ക് മാത്രം അതു തടയപ്പെട്ടിരിക്കുന്ന അനുഭവം. ഈ വർഷാരംഭത്തിൽ തന്നെ അതു മാറും. വിശ്വസിക്കുന്നവർ ദേശത്തിന്റെ പുഷ്ടി അനുഭവിക്കും. ആമേൻ
*2) മുന്തിരിവള്ളിയുടെ പുഷ്ടി* (യോവേ. 2:22, യെശ. 32:12)
“..മുന്തിരിവള്ളിയും അനുഭവപുഷ്ടി നൽകുന്നു”.
   യോവേൽ പ്രവചനം 1:6 മുതലുള്ള വാക്യങ്ങൾ വായിക്കുമ്പോൾ ദൈവജനത്തിനെതിരെ ശക്തിയുള്ളതും സംഖ്യയില്ലാത്തതുമായ ഒരു കൂട്ടർ എഴുന്നേൽക്കുമെന്നും അവർ എതിരായി വരികയും മുന്തിരിവള്ളി ശൂന്യമാക്കുകയും ചെയ്യുമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അതായത്, വിരോധികളായ ഒരു കൂട്ടർ, നമ്മെക്കാൾ ശക്തരായ ഒരു കൂട്ടർ നമ്മുടെ സമാധാനത്തെ കെടുത്തുന്ന പ്രവർത്തികളുമായി ജീവിതത്തിൽ പോരാടുന്നുണ്ട്. നമ്മുടെ സാഹചര്യങ്ങൾകൊണ്ട് അവരെ ജയിക്കുവാൻ കഴിയുന്നില്ല. നമ്മൾ താമസിക്കുന്ന ഇടത്തുള്ളവരാകാം അവർ. നമ്മൾ ജോലിചെയ്യുന്നിടത്തുള്ളവരാകാം അവർ, ഒരു പക്ഷേ സ്വന്ത കുടുംബത്തിൽ നിന്നുതന്നെയാകാം ഈ പോരാട്ടം. നാമാകുന്ന മുന്തിരിവള്ളിയെ ശൂന്യമാക്കാൻ കച്ചകെട്ടിയിരിക്കുന്ന ഇക്കൂട്ടരെ സ്വർഗ്ഗം കൈകാര്യം ചെയ്യും. നമ്മുടെ പുഷ്ടിയെ തകർക്കാൻ ദൈവം ആരെയും അനുവദിക്കില്ല. സ്തോത്രം !
രണ്ടാമതായി മുന്തിരിവള്ളിയുടെ പുഷ്ടി എന്നു പറഞ്ഞാൽ, സാക്ഷാൽ മുന്തിരിവള്ളിയായവൻ (യോഹ. 15:1) നമ്മുടെ രക്ഷിതാവും കർത്താവുമായ യേശു നാഥൻ ജീവിതത്തിൽ കർത്താവായി ഉള്ള അനുഭവമാണ്. യേശുവിനോട് ചേർന്നിരുന്നാൽ പുഷ്ടിയുള്ളവരായിരിക്കും.
*3) സന്താന പുഷ്ടി* (ഉൽ. 1:28)
    ഭൂമിയിൽ ദൈവം മനുഷ്യനെ ആണും പെണ്ണുമായി സൃഷ്ടിച്ച് അവർക്കു നൽകിയ ആദ്യത്തെ അനുഗ്രഹമാണ് ‘നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുക’ എന്ന അനുഗ്രഹം. പിന്നീട് ദൈവഭക്തന്മാരുടെ ജീവിതങ്ങളെ സ്വർഗ്ഗം ഇപ്രകാരം അനുഗ്രഹിച്ച നിരവധി സംഭവങ്ങൾ തിരുവചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് (ഉൽ. 9:1, 47:27, 28:3, 35:11…). ദൈവവാഗ്ദത്തമായ ഈ പുഷ്ടിയുടെ അനുഗ്രഹം ചില ജീവിതങ്ങളിൽ ശത്രു തടഞ്ഞുവെച്ചിരിക്കുന്ന അനുഭവങ്ങളുണ്ട്. എന്നാൽ വിശ്വസിക്കുന്നവർ ഈ വർഷം സന്താന പുഷ്ടിയുടെ അനുഗ്രഹം ജീവിതത്തിൽ പ്രാപിക്കും.
*4) ഭൂമിയുടെ പുഷ്ടി* (ഉൽ. 27:28, സങ്കീ. 65:9)
“ദൈവം ആകാശത്തിൻ്റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും അനവധി ധാന്യവും വീഞ്ഞും നിനക്കു തരുമാറാകട്ടെ”.
തൻ്റെ പിതാവായ യിസ്ഹാക്കിൽ നിന്ന് നേടിയ ഈ അനുഗ്രഹമാണ് പിന്നീട് യാക്കോബിനെ വലിയവനാക്കിയത്. ജീവിതത്തിലെ വരണ്ട അനുഭവങ്ങൾ മാറി, ഈ വർഷം സമൃദ്ധിയുടെ നാളുകളായിരിക്കട്ടെ.
5) ആലയത്തിൻ്റെ പുഷ്ടി (സങ്കീ. 36:8)
“നിൻ്റെ ആലയത്തിലെ പുഷ്ടി അവർ അനുഭവിച്ചു തൃപ്തി പ്രാപിക്കുന്നു; നിൻ്റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു.”
     ആലയത്തിൻ്റെ പുഷ്ടി അനുഭവിക്കണമെങ്കിൽ ആലയത്തിൽ വസിക്കണം. ് (സങ്കീ. 65:4) “ഞാനോ, നിൻ്റെ കൃപയുടെ ബഹുത്വത്താൽ നിൻ്റെ ആലയത്തിലേക്കു ചെന്നു നിൻ്റെ വിശുദ്ധമന്ദിരത്തിന്നു നേരെ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും. (സങ്കീ. 5:7) ആലയത്തിലെ പുഷ്ടി എന്നു പറഞ്ഞാൽ ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുമ്പോൾ ലഭിക്കുന്ന അഭിഷേകത്തിന്റെ ശക്തിയാണ്. ആ അഭിഷേകം പ്രാപിക്കുന്നവർ തങ്ങളുടെ പുഷ്ടികൊണ്ട് സകല നുകങ്ങളും തകർത്തുകളയും (യെശ. 10:27). പുതിയവർഷം ദൈവത്തെ ആരാധിക്കുന്നതിൽ വർദ്ധനവുള്ള വർഷമായിരിക്കട്ടെ.
*6) വാർദ്ധക്യത്തിലും പുഷ്ടി* (സങ്കീ. 92:14)
“വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും.”.
     പ്രായം കൂടുന്തോറും ഒന്നിനും കൊള്ളാത്തവരാകുമെന്നാണ് ചിലരുടെ ധാരണ. എനിക്കു വയ്യ, എനിക്കു കഴിയില്ല, എന്നേക്കൊണ്ട് ഒക്കില്ല, എനിക്കതു സാധിക്കില്ല… പുറത്തു പറഞ്ഞില്ലെങ്കിലും ചിലർ ഈ മുദ്രാവാക്യങ്ങൾ മനസ്സിൽ മുഴക്കിക്കൊണ്ടിരിക്കുകയാണ് എന്നു തോന്നിപ്പോകും അവരുടെ മട്ടും ഭാവവും ഇരുപ്പും കണ്ടാൽ. ശരീരം രോഗബാധിതമായെന്നു വരാം, ക്ഷീണിച്ചിരിക്കയാണ് എന്നു വരാം. പക്ഷേ അപ്പോഴും ഒരു ദൈവപൈതൽ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും. അവരുടെ വാക്കുകളിലും, പ്രാർത്ഥനയിലും, നോട്ടത്തിൽപോലും ആ പുഷ്ടിയും പച്ചപ്പും പ്രകടമായിരിക്കും. സാഹചര്യങ്ങളും അവസ്ഥകളുമല്ല ഒരു ദൈവപൈതലിനെ ശക്തനും മതിയാകുന്നവനുമാക്കുന്നത്, ഫിലി. 4:13 എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു. ഹാലേലൂയ്യ !
*7) ഓഹരിയുടെ പുഷ്ടി* (ഹബ. 1:16)
“..അവൻ്റെ ഓഹരി പുഷ്ടിയുള്ളതും അവൻ്റെ ആഹാരം പൂർത്തിയുള്ളതുമായ്തീരുന്നതു.”.
     ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.
*8) ആഹാരത്തിൻ്റെ പുഷ്ടി* (ഉൽപ്പ. 49:20)
“അവൻ്റെ ആഹാരം പുഷ്ടിയുള്ളത്; അവൻ രാജകീയസ്വാദുഭോജനം നല്കും”.
    പോഷകാഹാരത്തിൻ്റെ മാത്രം പുഷ്ടിയല്ല, ആഹാരത്തിന് വകയായി ദൈവം തന്നിരിക്കുന്ന മാർഗ്ഗങ്ങൾ പുഷ്ടിപ്പെടുമെന്നുമാണ് ഈ വാക്യം നൽകുന്ന വാഗ്ദത്തം. വടക്കെ ഇൻഡ്യയിലെ പല സംസ്ഥാനങ്ങളും നമ്മുടെ കേരളത്തിലേപ്പോലെ സമ്പന്നമല്ല. പട്ടിണിയുടെ സാഹചര്യങ്ങളിൽ കിടക്കുന്നവർ വിശ്വാസത്തിൽ വരികയും ദൈവം അവരെ പോഷിപ്പിച്ച് ഇന്ന് പുഷ്ടിയുടെ അനുഭവത്തിൽക്കൂടെ നടത്തുകയും ചെയ്യുന്നതിന് വടക്കെ ഇൻഡ്യയിൽ ഞങ്ങൾ സാക്ഷികളാണ്. ജോലി, കൃഷി, ബിസിനസ്സ്,.. വരുമാനമാർഗ്ഗങ്ങളിൽ എല്ലാം ഈ വർഷം പുഷ്ടിയുണ്ടാകും.
*9) പുഷ്ടിയുള്ള മേച്ചൽ* (1 ദിനവൃത്താ. 4:40, യെഹ. 34:14)
നല്ല മേച്ചൽപുറത്തു ഞാൻ അവയെ മേയിക്കും; യിസ്രായേലിൻ്റെ ഉയർന്ന മലകൾ അവെക്കു കിടപ്പിടം ആയിരിക്കും; അവിടെ അവ നല്ല കിടപ്പിടത്തു കിടക്കുകയും യിസ്രായേൽമലകളിലെ പുഷ്ടിയുള്ള മേച്ചൽപുറത്തു മേയുകയും ചെയ്യും. (അവർ പുഷ്ടിയുള്ളതും നല്ലതുമായ മേച്ചൽ കണ്ടെത്തി;..)
*10) പാതയുടെ പുഷ്ടി* (സങ്കീ. 65:11)
“നീ സംവത്സരത്തെ നിൻ്റെ നന്മകൊണ്ടു അലങ്കരിക്കുന്നു; നിൻ്റെ പാതകൾ പുഷ്ടിപൊഴിക്കുന്നു.”
    ഒരിക്കൽ ഞങ്ങളുടെ മകൾ പത്താംക്ലാസ്സ് കഴിഞ്ഞപ്പോൾ ഇനി ഏതുവിഷയം എടുക്കണമെന്ന് എന്നോടു ചോദിച്ചു. നല്ല മാർക്കുണ്ടായിരുന്ന അവൾക്ക് ഏതു വിഷയവും എടുത്തു പഠിക്കുവാൻ സാധിക്കുമായിരുന്നു. മോൾ പ്രാർത്ഥിച്ചിട്ട് ഇഷ്ടപ്പെട്ട വിഷയം എടുത്ത് പഠിച്ചുകൊള്ളുവാൻ പറഞ്ഞു. അവൾ കൊമേഴ്സ് എടുത്തു പഠിച്ചു. കുറേ നാളുകൾ കഴിഞ്ഞ് അവൾ പ്രതീക്ഷിച്ചതുപോലെ ജോലി സാഹചര്യങ്ങൾ ലഭിക്കാതെ വന്നപ്പോൾ, സങ്കടമായി. കൊമേഴ്സ് വിഷയം എടുത്തത് തെറ്റായ തീരുമാനമായോ എന്ന ശങ്കയായി. എന്നാൽ ഈ തിരുവചനവാക്യം ഓർമ്മിപ്പിച്ചുകൊണ്ട് എന്റെ മകളെ ധൈര്യപ്പെടുത്തുവാനും, അവൾ വിശ്വാസത്തോടെ പ്രാർത്ഥിച്ച് നല്ല ഒരു ജോലി സാഹചര്യത്തിൽ എത്തുവാനും സാധിച്ചു. മോളേ, നീ തിരഞ്ഞെടുത്ത പാതയിൽ പുഷ്ടിപൊഴിക്കുവാൻ കഴിയുന്ന കർത്താവ് മോളോടു കൂടെ ഉണ്ട് അതുകൊണ്ട് വിഷമിക്കേണ്ട എന്നായിരുന്നു ഞാൻ മകളോട് പറഞ്ഞത്.
     എൻ്റെ പാത കല്ലും മുള്ളും നിറഞ്ഞതാണ് എന്ന് സങ്കടപ്പെട്ടിരിക്കയാണോ ?, ഞാൻ തിരഞ്ഞെടുത്തത് അബദ്ധമായോ എന്ന് വിഷമിച്ചിരിക്കുകയാണോ ?, എൻ്റെ മുമ്പിൽ വഴികളെല്ലാം അവസാനിച്ചിരിക്കയാണ് എന്നോർത്ത് തകർന്നിരിക്കുകയാണോ ? ഈ വർഷാരംഭത്തിൽ ദൈവാത്മാവിന് പറയാനുള്ളത് ഈ സന്ദേശമാണ്. വിഷമിക്കേണ്ട, നിൻ്റെ പാതകൾ പുഷ്ടിയുള്ളതാകും. ആമേൻ.
    *ജീവിതത്തിൽ ഈ പുഷ്ടിയുടെ അനുഭവങ്ങൾ പ്രാപിക്കുവാൻ എന്താണ് ചെയ്യേണ്ടത് ? മൂന്നു കാര്യങ്ങൾ തിരുവചനത്തിൽനിന്ന് ഞാൻ ഓർമ്മിപ്പിക്കാം*
1) സദൃശ്യവാ. 11:25 “ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും..”
2) സദൃശ്യവാ. 13:4 “..ഉത്സാഹികളുടെ പ്രാണന്നോ പുഷ്ടിയുണ്ടാകും.”
3) സദൃശ്യവാ. 28:25 “..യഹോവയിൽ ആശ്രയിക്കുന്നവനോ പുഷ്ടി പ്രാപിക്കും.”
         ഔദാര്യമനസ്സുള്ളവരായി മറ്റുള്ളവർക്ക് സഹായമായും, ദൈവപ്രവർത്തികൾക്കു കൈത്താങ്ങലായും ഇരിക്ക. ഒന്നിലും തളർന്നുപോകാതെ ഉത്സാഹത്തോടെ പ്രവർത്തിക്ക. കർത്താവിൽ മാത്രം ആശ്രയംവെച്ചിരിക്ക. ഈ വാഗ്ദത്തങ്ങൾ പുതുവർഷത്തിൽ നിവർത്തിയാകും.
*എല്ലാ പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവർഷ ആശംസകൾ നേരുന്നു.*
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ, നിഷ സിസ്റ്റർ
വചനമാരി ടീം. ഭോപ്പാൽ
*പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ:* 9589741414, 7898211849, 7000477047, 07554297672,
*വടക്കെ ഇൻഡ്യയിലെ സുവിശേഷപ്രവർത്തനങ്ങൾക്ക് കൈത്തങ്ങൽ നൽകിക്കൊണ്ടാകട്ടെ ഈ പുതുവർഷതുടക്കം. ഇതു ദൈവത്തിനു പ്രസാദമായിരിക്കും. മധ്യപ്രദേശിലെ വചനമാരിയുടെ അക്കൗണ്ട് വിവരങ്ങൾ*
UPI No. 9424400654
1) Bank A/C No. 10020041096, SHAIJU JOHN, State Bank of India, Nayapura, Bhopal (IFSC : SBIN0010526)
2) Bank A/C No. 13500100172414, VACHANAMARI, Federal Bank, M P Ngarag, Bhopal (IFSC : FDRL0001350)
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.