വസ്ത്രങ്ങളിലും ശരീരത്തിലും പറ്റിപ്പിടിച്ചിരിക്കുന്ന പൊടിയല്ല, പ്രത്യുത ജീവിതങ്ങളിൽ പറ്റിയിരിക്കുന്ന പൂഴിയും പൊടിയുമാണ് നമ്മൾ കുടഞ്ഞുകളയേണ്ടത് എന്ന് തിരുവചനവെളിച്ചത്തിൽ കഴിഞ്ഞദിവസം നമ്മൾ ചിന്തിച്ചുവല്ലോ. അപ്രകാരമുള്ള, രണ്ടു സംഭവങ്ങളാണ് (സങ്കീ. 7:5, 2 ശമു. 16:13 അന്തസ്സിന്മേലും അഭിമാനത്തിന്മേലും പൂഴിവാരി എറിഞ്ഞ) നമ്മൾ വചനത്തിൽ വായിച്ചത്.
*3)* മത്തായി 10:14 “ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോൾ നിങ്ങളുടെ *കാലിലെ പൊടി തട്ടിക്കളവിൻ* .”
മർക്കൊ. 6:11, ലൂക്കൊ. 9:5 വചനഭാഗങ്ങളിലും കർത്താവ് അരുളിച്ചെയ്തിരിക്കുന്നത് ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവർക്കു സാക്ഷ്യത്തിന്നായി കുടഞ്ഞുകളവിൻ എന്നാണ്. അങ്ങനെയെങ്കിൽ ആരെങ്കിലും ദൈവമക്കളെ കൈക്കൊള്ളാതെയും സ്വീകരിക്കാതെയുമിരുന്നിട്ട് അവർ അവിടംവിട്ടുവരുമ്പോൾ അവരുടെ കാലിലെ പൊടി തട്ടിക്കളയാൻ മറന്നുപോയാൽ എന്തു സംഭവിക്കും ? അവരുടെ നേരെ പൊടി സാക്ഷ്യം പറഞ്ഞില്ലെങ്കിൽ അവർ ചെയ്ത കാര്യം സ്വർഗ്ഗം അറിയാതെ പോകുമോ ? അഥവാ പൊടി സാക്ഷ്യം പറഞ്ഞിട്ടുവേണോ സ്വർഗ്ഗത്തിന് ആ കാര്യത്തിൽ നടപടി എടുക്കാൻ ?
കഴിഞ്ഞ 33 വർഷമായി ഞാൻ വടക്കെ ഇൻഡ്യയിൽ സുവിശേഷവേല ചെയ്യുന്നു. ഞങ്ങൾ സുവിശേഷവുമായി ചെന്ന എത്രയോ വീടുകളും ഗ്രാമങ്ങളും ഞങ്ങളെ സ്വീകരിക്കാതിരുന്നിട്ടുണ്ട്, എത്രയോ ഇടങ്ങളിൽനിന്ന് ഞങ്ങളെ ഓട്ടിപായിച്ചിട്ടുണ്ട് എന്നതിന് ഒരു കണക്കുമില്ല. ഒരിക്കൽ ഹരിയാനയിലുള്ള ഒരു ഗ്രാമത്തിൽ ഞങ്ങൾ ദയാസാഗർ (മിശിഹാചരിത്രം) എന്ന ഫിലിം കാണിച്ചുകൊണ്ടിരിക്കുമ്പോൾ എതിർപ്പുമായി ഒരു കൂട്ടം ആളുകൾ വന്നു. ഫിലിം നിർത്തി ഞങ്ങളോട് പോകുവാൻ പറഞ്ഞു. എന്നാൽ ഞങ്ങൾക്ക് മടങ്ങിപ്പോകേണ്ടതായ വാഹനം വന്നിരുന്നില്ല. അതുകൊണ്ട് വാഹനം വരുന്നതുവരെ അവിടെ നിൽക്കട്ടെ എന്ന് ഞങ്ങൾ അവരോട് അനുവാദം ചോദിച്ചെങ്കിലും അവർ സമ്മതിച്ചില്ല, മാത്രമല്ല അവർ കൂടുതൽ രോഷാകുലരാകുവാനും തുടങ്ങി. അതുകൊണ്ട് ഭാരമുള്ള ഫിലിം (പോർട്ടബിൾ ഫോട്ടോഫോൺ) പ്രൊജക്ടറും, ചെറിയ ജനറേറ്ററും എടുത്തുകൊണ്ട് ഞങ്ങൾ പതുക്കെ നടക്കുവാൻ തുടങ്ങി. അവർ ഞങ്ങളുടെ പുറകെവന്ന് കൂകാനും മോശം വാക്കുകൾ വിളിക്കാനും തുടങ്ങി. ക്രമേണ ഞങ്ങളുടെ നടപ്പിന് വേഗതകൂടി, അവസാനം ഞങ്ങൾ ഓട്ടം തുടങ്ങി കാരണം അവർ ഞങ്ങളെ കല്ലെറിയുവാനും ആരംഭിച്ചു. വിലകൂടിയ ഫിലിം പ്രൊജക്ടറും, ജനറേറ്ററും വഹിച്ചുകൊണ്ടുള്ള ആ ഓട്ടം അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ട് അവർ എറിയുന്ന കല്ലുകൾ പലതും ഞങ്ങൾക്ക് കൊള്ളുന്നുണ്ടായിരുന്നു, അസഹനീയമായ വേദനയും, ശരീരം മുറിയുന്നുമുണ്ടായിരുന്നു. വല്ലവിധേനയുമാണ് അവരുടെ കയ്യിൽനിന്ന് ജീവനുംകൊണ്ട് രക്ഷപ്പെട്ടത്. ഇതുപോലുള്ള നിരവധി അനുഭവങ്ങൾ വേറെയും ഉണ്ടായിട്ടുണ്ട്. അന്നൊന്നും അവിടെ ഞങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവാനോ, അവർക്കു സാക്ഷ്യത്തിന്നായി ഞങ്ങളുടെ കാലിലെ പൊടി കുടഞ്ഞുകളഞ്ഞിട്ട് വരുവാനോ കഴിഞ്ഞില്ല. അതിനർത്ഥം കർത്താവ് അത് അറിഞ്ഞില്ലന്നാണോ ? അന്ന് ഞങ്ങളുടെ കാലിലെ പൊടി അവിടെ കുടഞ്ഞുകളഞ്ഞിട്ട് വരാഞ്ഞതുകൊണ്ട് അവരോട് കണക്കുചോദിക്കില്ല എന്നാണോ ?
ഒരിക്കലുമല്ല, കാരണം, ആക്ഷരികമായ കാലിലെ പൊടിതട്ടലും കുടയലുമൊന്നുമല്ല വേണ്ടത്. മനസ്സിൽ നിന്ന് ആ പൊടി കുടഞ്ഞുകളയുകയാണ് ചെയ്യേണ്ടത്. ഞങ്ങളെ കല്ലെറിഞ്ഞവർ നശിച്ചുപോകട്ടെ എന്നാഗ്രഹിക്കുകയും, അവർ മുടിഞ്ഞുപോകട്ടെ എന്നു പറയുകയും ചെയ്യുന്നതിനെയാണ് നമ്മുടെ കാലിലെ പൊടി അവിടെ കുടഞ്ഞുകളഞ്ഞില്ല എന്നു പറയുന്നത്. എന്നാൽ ഞങ്ങളെ കല്ലെറിഞ്ഞവരോട് ക്ഷമിച്ച് അവർ മനം തിരിഞ്ഞ് രക്ഷിക്കപ്പെടുവാനായി അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനെയാണ് ഞങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുക എന്നു പറയുന്നത്. അതുകൊണ്ട് ഞങ്ങൾ ഓടുന്നതിനിടയിൽ ഞങ്ങളുടെ കാലിലെ പൊടി അവിടെ തട്ടിക്കളഞ്ഞില്ലെങ്കിലും, അന്നു രാത്രി ഞങ്ങൾ ടീമായി പരസ്പരം കൈകോർത്ത്പിടിച്ച് അവർക്കായി പ്രാർത്ഥിച്ചുകൊണ്ട് ഞങ്ങളുടെ മനസ്സുകളിൽ നിന്നും പൊടി കുടഞ്ഞുകളഞ്ഞിരുന്നു. അതുകൊണ്ട് ഇന്നും എനിക്കവരോട് ദേഷ്യവും വൈരാഗ്യവുമില്ല.
നമ്മെ വേദനിപ്പിക്കുകയും, സങ്കടപ്പെടുത്തുകയും, ദ്രോഹിക്കുകയും, വഞ്ചിക്കുകയും, അവഹേളിക്കുകയും .. ചെയ്യുന്നവർ നമ്മുടെ ഹൃദയങ്ങളിൽ വാരി എറിഞ്ഞിരിക്കുന്ന പൊടികൊണ്ട് മലിനപ്പെടേണ്ടവരല്ല നമ്മൾ ആ പൊടികൾ കുടഞ്ഞുകളയണം, (..അവരുടെ നേരെ സാക്ഷ്യത്തിന്നായി നിങ്ങളുടെ കാലിൽനിന്നു പൊടി തട്ടിക്കളവിൻ. ലൂക്കൊ. 9:5). അവരോടുള്ള കണക്കും കാര്യങ്ങളും കർത്താവ് തീർത്തുകൊള്ളും.
*4)* നെഹെ. 9:1 “..യിസ്രായേൽമക്കൾ ഉപവസിച്ചും രട്ടുടുത്തും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു കൂടിവന്നു.”
തലയിൽ പൂഴിവാരിയിടുന്ന നിരവധി സംഭവങ്ങൾ നമുക്ക് തിരുവചനത്തിൽ വായിക്കുവാൻ കഴിയും. ജീവിതത്തിൽ ഏറ്റവും വിഷമകരമായ അനുഭവങ്ങളിൽക്കൂടെ കടന്നുപോകുമ്പോഴും, സഹിക്കാൻ കഴിയാത്ത സങ്കടങ്ങൾ ഉണ്ടാകുമ്പോഴുമാണ് ജനം തലയിൽ പൂഴിവാരിയിടുന്നത്. ഉദാഹരണത്തിന് 1 ശമുവേൽ 4:12 വാക്യത്തിൽ ഒരു ബെന്യാമീന്യൻ തലയിൽ പൂഴിവാരിയിട്ടുംകൊണ്ട് ഏലിയുടെ അടുക്കൽവന്ന് ഫെലിസ്ത്യരുമായുണ്ടായ യുദ്ധത്തിൽ യിസ്രായേൽ തോറ്റുപോയെന്നും, ഏലിയുടെ രണ്ടുമക്കളും മരിച്ചുപോയെന്നും യഹോവയുടെ പെട്ടകം ശത്രുക്കൾ കൊണ്ടുപോയെന്നും പറഞ്ഞു. അത്രയും സങ്കടകരമായ ഒരു വാർത്ത അറിയിക്കുവാൻ തൻ്റെ തലയിൽ പൂഴി വാരിയിട്ടുകൊണ്ടാണ് ആ ബെന്യാമീന്യൻ വന്നത്.
യെഹെ. 27:30 “അവർ കൈപ്പോടെ ഉറക്കെ നിലവിളിച്ചു തലയൽ പൂഴി വാരിയിട്ടു..” എന്നാണ് എഴുതിയിരിക്കുന്നത്. മനോവ്യസനത്തിലും വിലാപത്തോടുംകൂടെ ഇരിക്കുമ്പോഴാണ് മനുഷ്യർ തലയിൽ പൂഴിവാരിയിടുന്നത്. ഈ അർത്ഥം വ്യക്തമാക്കുന്ന നിരവധി സംഭവങ്ങൾ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
തലയിൽ വീണിരിക്കുന്ന വിലാപത്തിൻ്റെയും സങ്കടങ്ങളുടെയും പരാജയത്തിൻ്റെയും പൂഴിയും പേറിക്കൊണ്ട് ഇനിയും നടക്കാനല്ല, അവ കുടഞ്ഞുകളയുവാനാണ് ദൈവം തൻ്റെ പ്രവാചകനിൽക്കൂടെ അരുളിച്ചെയ്യുന്നത്. ‘ഈ വർഷം തുടങ്ങിയിട്ട് ഇന്നുവരെ ഒന്നു സന്തോഷിക്കാൻ കഴിഞ്ഞിട്ടില്ല, മനസ്സുതുറന്ന് ഒന്നു ചിരിക്കാനായിട്ടില്ല, ഒരു നല്ലവാർത്ത കേട്ടിട്ടില്ല’, എനിക്ക് അടുത്തു പരിചയമുള്ള ഒരു പിതാവ് കഴിഞ്ഞദിവസം എന്നോട് പറഞ്ഞ വാക്കുകളാണ് ഇത്. തൻ്റെ മകൻ ഒരു കട്ടിലിലും, തൻ്റെ ഭാര്യ മറ്റൊരു കട്ടിലിലും രോഗികളായി കിടക്കുന്നു. പ്രായാധിക്യത്താൽ ക്ഷീണിതനായ ഈ പിതാവ് അവർക്ക് ആഹാരമുണ്ടാക്കിയും അവരെ ശുശ്രൂഷിച്ചും വയ്യാതായിരിക്കുന്നു.
ഇതുപോലെ നിരവധി ആളുകൾ അവരുടെ അനുഭവങ്ങൾ പറയാറുണ്ട്. തലയിൽ പൂഴിയുംപേറി സങ്കടകയത്തിൽ ജീവിക്കാനല്ല, അവ കുടഞ്ഞുകളയുക അഥവാ കർത്താവിന്റെ സന്നിധിയിൽ സമർപ്പിക്ക എന്നാണ് ദൈവം തൻ്റെ പ്രവാചകനിൽക്കൂടെ അരുളിച്ചെയ്യുന്നത് (യെശ. 52:2 “പൊടി കുടഞ്ഞുകളക..”)
പ്രാർത്ഥനയോടെ,
മധ്യപ്രദേശിലെ വചനമാരിയിൽനിന്നും,
ഷൈജു പാസ്റ്റർ (9424400654)
ഈ ആത്മീയ സന്ദേശങ്ങൾ മറ്റുള്ളവർക്കും (ഗ്രൂപ്പുകളിലും) അയച്ചുകൊടുക്കുക. പ്രാർത്ഥനാവിഷയങ്ങൾ അറിയിക്കുവാൻ വിളിക്കേണ്ട നമ്പൾ 8989004829, 9589741414


