അനന്യാസ്

March-2026

എന്തുകൊണ്ടാണ് മറ്റ് അപ്പൊസ്തലന്മാരോട് ആരോടും പറയാതെ, കഴിവും പ്രാപ്തിയും ഉള്ള മറ്റാരേയും അയക്കാതെ ശൌലിൻ്റെ അടുക്കലേക്ക് അനന്യാസിനെ തന്നെ അയക്കുവാൻ കർത്താവ് തീരുമാനിച്ചത് ? പുതിയനിയമ സഭയ്ക്ക് ഏറ്റവും വിലപ്പെട്ട പൌലൊസ് എന്ന വിശുദ്ധനെ ലഭിക്കുവാൻ കാരണമാകേണ്ടത് അനന്യാസ് എന്ന ശിഷ്യൻ ആയിരിക്കണമെന്ന് കർത്താവിൻ്റെ തീരുമാനമായിരുന്നു. അനന്യാസ് എന്ന ശിഷ്യനെക്കുറിച്ച് അധികമൊന്നും വേദപുസ്തകത്തിൽ കാണുന്നില്ല എങ്കിലും, അനന്യാസ് കൈവെച്ച് സൌഖ്യമാക്കി ശുശ്രൂഷക്കയച്ച പൌലൊസാണ് പുതിയ നിയമം ബൈബിളിലെ 27 പുസ്തകങ്ങളിൽ 14 എണ്ണവും എഴുതിയത് എന്നോർക്കുമ്പോൾ, കർത്താവിൻ്റെ പ്രസാദം എത്രമാത്രം അനന്യാസിനുണ്ടായിരുന്നു എന്നു മനസ്സിലാക്കാം


അപ്പൊ.പ്ര. 9:10 “അനന്യാസ് എന്നൊരു ശിഷ്യൻ ദമസ്ക്കൊസിൽ ഉണ്ടായിരുന്നു;..”
      അനന്യാസ് എന്നു പേരുള്ള മൂന്നു വ്യക്തികളെ പുതിയനിയമത്തിൽ നമുക്കു കാണുവാൻ കഴിയും. അനന്യാസ് എന്ന പേരിൻ്റെ അർത്ഥം ‘യഹോവ കൃപാലുവാണ്’എന്നാണ്. നല്ല അർത്ഥമുള്ള കേൾക്കാൻ സുന്ദരമായ ഒരു പേരാണ് എങ്കിലും മക്കൾക്ക് ഈ പേരിടാൻ മാതാപിതാക്കൾക്ക് വലിയ മടിയാണ്. കാരണം ഈ പേരു കേൾക്കുമ്പോൾതന്നെ മനസ്സിലേക്ക് ഓടിവരുന്നത്, അപ്പൊ.പ്രവർത്തികളുടെ പുസ്തകം 5 അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അനന്യാസിൻ്റെയും ഭാര്യ സഫീരയുടെയും കാര്യമാണ്. അവർ തങ്ങളുടെ നിലംവിറ്റ് കുറെപണം മറച്ചുവെക്കുകയും ബാക്കി കൊണ്ടുവന്ന് അപ്പൊസ്തലന്മാർക്കു നൽകുകയും, ദൈവസന്നിധിയിൽ കളവുപറയുകയും ചെയ്തു. ദൈവാത്മാവിനോട് കളവുപറഞ്ഞതുകൊണ്ട് അവർ രണ്ടുപേരും മരിക്കുവാൻ ഇടയായി. അതുകൊണ്ട് ഈ പേരു ഒരു ലക്ഷണമില്ലാത്ത പേരാണ് എന്നാണ് ചിലർ കരുതുന്നത്.
     ഈ പേരിൻ്റെ മഹത്വം കളഞ്ഞ മറ്റൊരു വ്യക്തി ഒരു മഹാപുരോഹിതനായിരുന്നു. അവൻ എങ്ങനെയുള്ളവനായിരുന്നു എന്ന് അപ്പൊ.പ്ര. 23 അദ്ധ്യായത്തിൽ വായിക്കുന്നുണ്ട്. പുറമെ വെള്ളതേച്ച ഒരു ക്രൂരനും ദുഷ്ടഹൃദയത്തിന് ഉടമയുമായിരുന്നു അനന്യാസ് എന്ന മഹാപുരോഹിതൻ. (“അപ്പോൾ മഹാപുരോഹിതനായ അനന്യാസ് അരികെ നില്ക്കുന്നവരോടു അവൻ്റെ വായിക്കു അടിപ്പാൻ കല്പിച്ചു. പൌലൊസ് അവനോടു: ദൈവം നിന്നെ അടിക്കും വെള്ള തേച്ച ചുവരേ; നീ ന്യായപ്രമാണപ്രകാരം എന്നെ വിസ്തരിപ്പാൻ ഇരിക്കയും ന്യായപ്രമാണത്തിന്നു വിരോധമായി എന്നെ അടിപ്പാൻ കല്പിക്കയും ചെയ്യുന്നുവോ എന്നു പറഞ്ഞു”)
     ഈ രണ്ടു അനന്യാസുമാരിൽനിന്നും തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിയായിരുന്നു മൂന്നാമത്തെ അനന്യാസ്. ആദ്യ നൂറ്റാണ്ടിലെ ദൈവസഭയിൽ ഏറ്റവും പ്രിയനായ ഒരു ശിഷ്യൻ. കർത്താവിന് ഈ ശിഷ്യൻ എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു എന്നറിയുവാൻ, ഒരു സംഭവം മാത്രം പരിശോധിച്ചാൽ മതിയാകും.
ദൈവസഭയ്ക്ക് വലിയ ഉപദ്രവവും ഭീഷണിയുമായിത്തീർന്ന ശൌലിനെ ഒരു ദിവസം ദമസ്ക്കൊസിൽവെച്ച് കർത്താവ് പിടിക്കയും അവൻ്റെ കാഴ്ച കളയുകയും ചെയ്തു. മൂന്നു ദിവസം അവൻ കണ്ണുകാണാതെയും ഒന്നും ഭക്ഷിക്കാതെയും ഇരുന്നു. കർത്താവ് ദർശനത്തിൽ അനന്യാസിനോട് ശൌലിൻ്റെ അടുക്കൽ ചെല്ലുവാൻ കൽപ്പിച്ചു. (വാക്യം 9:17.. അങ്ങനെ അനന്യാസ് ആ വീട്ടിൽ ചെന്നു അവൻ്റെമേൽ കൈ വെച്ചു: ശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂർണ്ണൻ ആകേണ്ടതിന്നു നീ വന്ന വഴിയിൽ നിനക്കു പ്രത്യക്ഷനായ യേശു എന്ന കർത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവൻ്റെ കണ്ണിൽ നിന്നു ചെതുമ്പൽ പോലെ വീണു; കാഴ്ച ലഭിച്ചു അവൻ എഴുന്നേറ്റു സ്നാനം ഏൽക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു).
     എന്തുകൊണ്ടാണ് മറ്റ് അപ്പൊസ്തലന്മാരോട് ആരോടും പറയാതെ, കഴിവും പ്രാപ്തിയും ഉള്ള മറ്റാരേയും അയക്കാതെ ശൌലിൻ്റെ അടുക്കലേക്ക് അനന്യാസിനെ തന്നെ അയക്കുവാൻ കർത്താവ് തീരുമാനിച്ചത് ? പുതിയനിയമ സഭയ്ക്ക് ഏറ്റവും വിലപ്പെട്ട പൌലൊസ് എന്ന വിശുദ്ധനെ ലഭിക്കുവാൻ കാരണമാകേണ്ടത് അനന്യാസ് എന്ന ശിഷ്യൻ ആയിരിക്കണമെന്ന് കർത്താവിൻ്റെ തീരുമാനമായിരുന്നു.
അനന്യാസ് എന്ന ശിഷ്യനെക്കുറിച്ച് അധികമൊന്നും വേദപുസ്തകത്തിൽ കാണുന്നില്ല എങ്കിലും, അനന്യാസ് കൈവെച്ച് സൌഖ്യമാക്കി ശുശ്രൂഷക്കയച്ച പൌലൊസാണ് പുതിയ നിയമം ബൈബിളിലെ 27 പുസ്തകങ്ങളിൽ 14 എണ്ണവും എഴുതിയത് എന്നോർക്കുമ്പോൾ, കർത്താവിൻ്റെ പ്രസാദം എത്രമാത്രം അനന്യാസിനുണ്ടായിരുന്നു എന്നു മനസ്സിലാക്കാം.
    ആരായിരുന്നു അനന്യാസ് ? രണ്ടു വിശേഷണങ്ങളാണ് വേദപുസ്തകത്തിൽ അനന്യാസിൻ്റെ പേരിനോട് ചേർത്തെഴുതിയിരിക്കുന്നത്.
*ഒന്ന്:* യേശു കർത്താവ് അവന് നൽകിയത്; *ശിഷ്യനായ അനന്യാസ്* (അപ്പൊ.പ്ര. 9:10)
*രണ്ട്:* അവൻ ശുശ്രൂഷക്കയച്ച പൌലൊസ് അവന് നൽകിയത്; *ഭക്തനായ അനന്യാസ്* അപ്പൊ.പ്ര. 22:12 “അവിടെ പാർക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തൻ എൻ്റെ അടുക്കൽ വന്നുനിന്നു;”)

      കർത്താവിൻ്റെ ശിഷ്യൻ, ദൈവഭക്തൻ ഇതിലും ശ്രേഷ്ഠമായ എന്തു ശീർഷകമാണ് ഒരു ദൈവപൈതലിന് യോജിച്ചത്. തൻ്റെ പേരിനൊപ്പം അനന്യാസിന് ഒന്നും ചേർത്തെഴുതേണ്ടിവന്നില്ല. താൻ ആരാണ് എന്ന് ആരെയും ബോധ്യപ്പെടുത്തേണ്ടിയും വന്നില്ല. സ്തോത്രം !
വേദപുസ്തകത്തിലെ ഏറ്റവും നല്ല പേരാണ് അനന്യാസ്, യേശു കർത്താവിന് ഏറ്റവും പ്രിയനായ അനന്യാസ്. കർത്താവിൻ്റെ സന്നിധിയിൽ താഴ്മയോടിരുന്നാൽ തക്കസമയത്ത് അവൻ നിങ്ങളെ ഉയർത്തും.
ഒരു നല്ല ദിവസം ആശംസിച്ചുകൊണ്ട്,


പ്രാർത്ഥനയോടെ,
മധ്യപ്രദേശിൽനിന്നും
ഷൈജു പാസ്റ്റർ (9424400654)


കുറിപ്പ്: നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Mob: 9589741414, 7000477047, Ph: 0755 4297672

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ക്രൂശിലെ സ്നേഹം

ഒരു മുഷ്യശരീരത്തിൽ ഉള്ള രക്തത്തിൻ്റെ അളവ് ഏകദേശം 6 ലിറ്ററാണ് എന്ന് കണക്കാക്കപ്പെടുന്നു. ഒലിവ് മലയിൽവെച്ച് യേശുകർത്താവ് പ്രാർത്ഥിച്ചപ്പോൾ ലൂക്കൊ. 22:44 വിയർപ്പുതുള്ളിപോലെ ഒഴുകുവാനാരംഭിച്ച നാഥൻ്റെ ശരീരത്തിലെ, അവസാനതുള്ളി രക്തം, യോഹ. 19:34 ൽ ഒഴുകിതീർന്ന് ഇനിയും ഒരുതുള്ളിപോലും ആ ശരീരത്തിൽ അവശേഷിക്കുന്നില്ല എന്നതിൻ്റെ അടയാളമായി വെള്ളവും ഒഴുകിവന്നു. വേല്യപുസ്തകം 17:11 ൽ വായിക്കുന്നതുപോലെയും വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നതും ജീവൻ രക്തത്തിലാണല്ലോ ഇരിക്കുന്നത്; അതായത്, അവസാനതുള്ളി രക്തവും നമുക്കുവേണ്ടി ഊറ്റിതന്ന യേശുനാൻ അവിടുത്തെ ജീവൻതന്നെ നമുക്കുവേണ്ടി യാഗമായി അർപ്പിക്കുകയായിരുന്നു. സ്തോത്രം.