യോശീയാരാജാവ് (Part 2)

April-2026

ദൈവസഭയ്ക്കുവേണ്ടി എരിവോടെ നിൽക്കുന്നതും, സുവിശേഷവേലക്കാരായി ദൈവരാജ്യത്തിൻ്റെ കെട്ടുപണിക്കാരാകുന്നതും, നശിച്ചുപോകുന്ന ആത്മാക്കൾക്കുവേണ്ടിയും ദേശത്തിൻ്റെ സമാധാനത്തിനുവേണ്ടിയും പ്രാർത്ഥിക്കുന്നതും, ദൈവപ്രവർത്തികൾക്കുവേണ്ടി കൈത്താങ്ങൾ നൽകുന്നതും ഒക്കെ ഒരു ഭാഗ്യമാണ്. സ്വർഗ്ഗരാജ്യത്തിൽ നിക്ഷേപിക്കുന്ന നിക്ഷേപങ്ങളാണ് അവ. ഇന്ന് സമയവും സാഹചര്യങ്ങളും, ദൈവം ദാനമായിതന്ന നന്മകളെല്ലാം ഉണ്ടായിട്ടും അവയൊന്നും സുവിശേഷത്തിനുവേണ്ടി പ്രയോജനപ്പെടുത്താതെ, ഒരു ദിവസം ആ വാതിലുകളെല്ലാം കൊട്ടിയടയപ്പെടുമ്പോൾ, എന്തു പ്രയോജനം ?


      എട്ടുവയസ്സുമാത്രം പ്രായമുള്ളപ്പോൾ യെഹൂദാദേശത്തിൻ്റെ രാജാവായി ദൈവം തിരഞ്ഞെടുത്ത യോശീയാവിനെക്കുറിച്ചാണല്ലോ നമ്മൾ തിരുവചനത്തിൽ നിന്ന് ധ്യാനിച്ചുകൊണ്ടിരിക്കുന്നത്. പൂർണ്ണ ഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ യഹോവയിങ്കലേക്കു തിരിഞ്ഞ ഒരു രാജാവു മുമ്പുണ്ടായിട്ടില്ല, പിമ്പു ഒരുത്തൻ എഴുന്നേറ്റിട്ടുമില്ല (2 രാജാ. 23:25) എന്ന് ദൈവത്തിൽനിന്ന് സാക്ഷ്യംപ്രാപിച്ച യോശീയാവ്, ദാവീദിനെപ്പോലെ ദൈവത്തിൻ്റെ ആലയത്തെക്കുറിച്ച് വളരെ എരിവുള്ളവനായിരുന്നു എന്ന് കാണുവാൻ കഴിയും.
     ദൈവഭക്തരായ യിസ്രായേൽ ജനത്തിൻ്റെ ചരിത്രം പരിശോധിച്ചാൽ അവരുടെ ജീവിതത്തിൽ ദൈവാലയത്തിനുണ്ടായിരുന്ന സ്ഥാനവും, ദൈവഭവനത്തെക്കുറിച്ച് അവർക്കുണ്ടായിരുന്ന സ്നേഹവും കരുതലും എത്രമാത്രം തീക്ഷ്ണമായിരുന്നു എന്ന് മനസ്സിലാക്കുവാൻ കഴിയും, അതുകൊണ്ടാണ് അവരുടെ എല്ലാമെല്ലാമായ ദൈവാലയം നശിപ്പിക്കപ്പെട്ട് അവരെ അടിമകളായി പിടിച്ചുകൊണ്ടുപോയപ്പോൾ അവർ ബാബേൽ നദികളുടെ തീരത്തിരുന്നുകൊണ്ട് കരഞ്ഞത് (സങ്കീ. 137:1). ശത്രുക്കൾ പിടിച്ച് പാറയിൽ അടിച്ചുകൊന്ന അവരുടെ കുഞ്ഞുങ്ങളെ ഓർത്തോ, ശത്രുസൈന്യത്തിൻ്റെ വാളിന്നിരയായ അവരുടെ പ്രിയപ്പെട്ടവരെ ഓർത്തോ, ശത്രുക്കൾ അപഹരിച്ചുകൊണ്ടുപോയ അവരുടെ സമ്പത്തുകളെ ഓർത്തോ, ശത്രുക്കൾ തീവെച്ച് നശിപ്പിച്ച അവരുടെ ആടുമാടുകളെയും കൃഷിയിടങ്ങളെയുമൊന്നും ഓർത്തായിരുന്നില്ല.. അവർ കരഞ്ഞത് സീയോനെ ഓർത്തായിരുന്നു, ദൈവത്തിൻ്റെ വാസസ്ഥലമായ ദൈവാലയത്തെ ഓർത്തായിരുന്നു അവരുടെ ചങ്ക് തകർന്നത്. ആ ജനത്തിന് ദൈവാലയത്തോടുള്ള ആത്മബന്ധം അത്രമാത്രം ദൃഢമായിരുന്നു.
     ദൈവം കൊടുത്ത മാതൃകയിൽ തിരുനിവാസമുണ്ടാക്കണമെന്ന് ഒരിക്കൽ ദൈവം മോശെയോട് കൽപ്പിച്ചപ്പോൾ, അതിനുവേണ്ട വഴിപാടുകൾ കൊണ്ടുവരുവാൻ മോശെ യിസ്രായേൽ മക്കളോട് പറഞ്ഞു.
(എനിക്കു വഴിപാടു കൊണ്ടു വരുവാൻ യിസ്രായേൽമക്കളോടു പറക; നല്ല മനസ്സാേടെ തരുന്ന ഏവനോടും നിങ്ങൾ എനിക്കുവേണ്ടി വഴിപാടു വാങ്ങേണം. പുറപ്പാട്. 25:2)
(ഞാൻ അവരുടെ നടുവിൽ വസിപ്പാൻ അവർ എനിക്കു ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കേണം. പുറ. 25:8)
യഹോവയായ ദൈവത്തിന് ഒരു വാസസ്ഥലമുണ്ടാക്കേണ്ടതിന് അവർ സന്തോഷത്തോടെ / നല്ല മനസ്സോടെ തങ്ങളാൽ ആവുന്നത് വഴിപാടായി കൊണ്ടുവന്നു. അങ്ങനെ അവർ ദൈവാലയത്തിനായി കൊണ്ടുവന്ന വസ്തുവകകളുടെ ആധിക്യംനിമിത്തം എന്തു സംഭവിച്ചു എന്ന് പുറപ്പാട് പുസ്തകം 36 അധ്യായത്തിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്. 36:4..
     “അപ്പോൾ വിശുദ്ധമന്ദിരത്തിൻ്റെ സകല പ്രവൃത്തിയും ചെയ്യുന്ന ജ്ഞാനികൾ ഒക്കെയും താന്താൻ ചെയ്തുവന്ന പണി നിർത്തി വന്നു മോശെയോടു: യഹോവ ചെയ്വാൻ കല്പിച്ച ശുശ്രൂഷയുടെ പ്രവൃത്തിക്കു വേണ്ടതിലധികമായി ജനം കൊണ്ടുവരുന്നു എന്നു പറഞ്ഞു. അതിന്നു മോശെ: പുരുഷന്മാരാകട്ടെ സ്ത്രീകളാകട്ടെ വിശുദ്ധമന്ദിരത്തിൻ്റെ വഴിപാടു വകെക്കു മേലാൽ പ്രവൃത്തി ചെയ്യേണ്ട എന്നു കല്പിച്ചു; അവർ അതു പാളയത്തിൽ പ്രസിദ്ധമാക്കി. അങ്ങനെ ജനം കൊണ്ടുവരുന്നതു നിർത്തലായി. കിട്ടിയ സാമാനങ്ങളോ സകല പ്രവൃത്തിയും ചെയ്വാൻ വേണ്ടുവോളവും അധികവും ഉണ്ടായിരുന്നു.”
ദൈവാലയത്തോട് അവർക്കുണ്ടായിരുന്ന ഈ കരുതലും സ്നേഹവുമാണ് അവർ തങ്ങളുടെ തലമുറകൾക്കും പകർന്നുകൊടുത്തത്. യോശീയാരാജാവും ആ പാത പിന്തുടർന്നു. ദൈവാലയത്തിൻ്റെ അറ്റകുറ്റ പണികൾ നടത്തി ആലയം മനോഹരമാക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിച്ചു.
ജാതികളിൽനിന്നും വംശങ്ങളിൽനിന്നും യേശുക്രിസ്തുവിൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട പുതിയ നിയമസഭയ്ക്ക് യിസ്രായേൽ മക്കളെപ്പോലെ ആക്ഷരീകമായ ഒരു ദേവാലയമല്ല, ദൈവസഭയാണ് ദൈവത്തിൻ്റെ ആലയം. ആ ദൈവസഭയെക്കുറിച്ചുള്ള എരിവും തീക്ഷ്ണതയും, ദൈവസഭയുമായുള്ള നമ്മുടെ ആത്മബന്ധവും ദൃഢമായിരിക്കണം, അതു തലമുറകൾക്ക് പകർന്നുനൽകുകയും വേണം.
     അന്ന് ദൈവാലയത്തിൻ്റെ നിർമ്മിതിക്കുവേണ്ടി ദൈവജനം വസ്തുവകകൾ നൽകിയതുപോലെ, ഇന്ന് ദൈവരാജ്യത്തിൻ്റെ കെട്ടുപണിക്കുവേണ്ടി, സുവിശേഷപ്രവർത്തനങ്ങൾക്കുവേണ്ടി ദൈവമക്കൾ നല്ലമനസ്സോടെ നൽകുന്നു. അന്ന് കൊടുക്കുവാൻ മനസ്സുണ്ടായവർ തക്ക സമയത്ത് കൊടുത്തപ്പോൾ; പിന്നീട്കൊടുക്കാം എന്നു മാറ്റിവെച്ചവർ കേൾക്കേണ്ടിവന്നത് 'ഇനി നിങ്ങളുടെ വഴിപാട് വേണ്ട' എന്ന ദൈവകൽപ്പനയായിരുന്നു. ഇന്നും കൊടുക്കാൻ മനസ്സുള്ളവർ ദൈവവേലയ്ക്കുവേണ്ടി കൊടുത്തുകൊണ്ടിരിക്കുമ്പോൾ പിന്നെ കൊടുക്കാം എന്ന് കരുതുന്നവർക്ക് അവസരം നഷ്ടപ്പെടുന്ന നാളുകൾ അധിവിദൂരമല്ല.
    ദൈവസഭയ്ക്കുവേണ്ടി എരിവോടെ നിൽക്കുന്നതും, സുവിശേഷവേലക്കാരായി ദൈവരാജ്യത്തിൻ്റെ കെട്ടുപണിക്കാരാകുന്നതും, നശിച്ചുപോകുന്ന ആത്മാക്കൾക്കുവേണ്ടിയും ദേശത്തിൻ്റെ സമാധാനത്തിനുവേണ്ടിയും പ്രാർത്ഥിക്കുന്നതും, ദൈവപ്രവർത്തികൾക്കുവേണ്ടി കൈത്താങ്ങൾ നൽകുന്നതും ഒക്കെ ഒരു ഭാഗ്യമാണ്. സ്വർഗ്ഗരാജ്യത്തിൽ നിക്ഷേപിക്കുന്ന നിക്ഷേപങ്ങളാണ് അവ. ഇന്ന് സമയവും സാഹചര്യങ്ങളും, ദൈവം ദാനമായിതന്ന നന്മകളെല്ലാം ഉണ്ടായിട്ടും അവയൊന്നും സുവിശേഷത്തിനുവേണ്ടി പ്രയോജനപ്പെടുത്താതെ, ഒരു ദിവസം ആ വാതിലുകളെല്ലാം കൊട്ടിയടയപ്പെടുമ്പോൾ, എന്തു പ്രയോജനം ?
     കുറച്ചുനാളുകൾക്കുമുമ്പ് ഒരു സഹോദരി എന്നെ ഫോണിൽ വിളിച്ച് വളരെ സങ്കടത്തോടെ ഒരു കാര്യം എന്നോടു പറഞ്ഞു, വാസ്തവത്തിൽ അവർ കരയുകയായിരുന്നു. അവൾ ആരാധനയ്ക്കുപോകുന്ന സഭയിലെ ദൈവദാസൻ അവൾ കൊടുക്കുന്ന ദശാംശവും സ്തോത്രക്കാഴ്ചയുമൊന്നും സ്വീകരിക്കുന്നില്ല, എന്ന വിഷയത്തിലാണ് അവൾ കരയുന്നത്. ഞാൻ അമ്പരന്നുപോയി, ഇതുപോലെ ഒരു കാര്യത്തിൽ ആരെങ്കിലും ഇത്രയും സങ്കടപ്പെടുമോ ? ഇത്ര കരയുമോ ?. ഒരു കാരണവുമില്ലാതെ ഒരു സഭയിലെ ദൈവദാസനും ഇങ്ങനെ ചെയ്യില്ലല്ലോ. അതുകൊണ്ട് ഞാൻ ആ സഹോദരിയോട് കാരണം തിരക്കി. വലിയ കുറ്റബോധത്തോടെയാണ് ആ സഹോദരി എന്നോട് വിഷയം പറഞ്ഞത്. അവൾ കൂടിവരുന്ന സഭയിൽ ഒരിക്കൽ സുവിശേഷവേലക്കുവേണ്ടി സമർപ്പിക്കയും, ചില വർഷങ്ങൾ വേല ചെയ്യുകയും, പിന്നീട് ഒരു പ്രത്യേക സാഹചര്യത്തിൽ വേലവിട്ടുപോകുകയും, പിന്നീട് വിവാഹം കഴിച്ച് ജീവിക്കുകയുമാണ് ആ സഹോദരി. ആ സഭയിൽതന്നെയാണ് അവൾ ഇപ്പോൾ ആരാധനയ്ക്കു കൂടിവരുന്നതും. പക്ഷേ ഒരിക്കൽ സുവിശേഷവേലക്കുവേണ്ടി സമർപ്പിച്ചിട്ട്, പിന്നീട് വേലവിട്ട് മടങ്ങിപ്പോയവരുടെ കയ്യിൽനിന്ന് ദശാംശമോ സ്തോത്രക്കാഴ്ചകളോ ആ സഭ വാങ്ങിക്കുകയില്ല. അവർക്ക് സഭയിൽ വരുവാനും ആരാധിക്കുവാനും ഒക്കെയുള്ള സ്വാതന്ത്രമുണ്ട്, പക്ഷേ അവരിൽ നിന്ന് ഒന്നും വാങ്ങിക്കില്ല. അതു ആ സഭയുടെ തീരുമാനമാണ്. അതു ശരിയാണോ, തെറ്റാണോ, അവരെ വിധിക്കുവാനോ ഒന്നും ഞാനളല്ല. തിരുവചനത്തെക്കുറിച്ച് നല്ല ബോധ്യവും ജ്ഞാനവും നടത്തിപ്പുമുള്ളവരുമാണ് ആ സഭയെ നയിക്കുന്നത്, എന്നിട്ടും അവർ അങ്ങനെ ചെയ്യുന്നു എങ്കിൽ അവർ ദൈവസന്നിധിയിൽ ബോധിപ്പിച്ചുകൊള്ളും. എന്നെ അസ്വസ്ഥനാക്കിയതും ചിന്തിപ്പിച്ചതും ആ സഹോദരിയിൽ ഞാൻ കണ്ട സങ്കടമായിരുന്നു. ദശാംശം കൊടുക്കുവാൻ സാധിക്കാതെവന്നാൽ ഒരു വിശ്വാസിക്ക് ഇത്ര സങ്കടമുണ്ടാകുമോ ? ഇത്രമാത്രം അവർ കരയുമോ ?.
    ദൈവസഭയെ സ്നേഹിക്കുന്നവർക്കും ദൈവവേലയെ കരുതുന്നവർക്കും ഈ സങ്കടം ഉണ്ടാകും. കൊടുക്കുവാൻ സ്വാതന്ത്രമുള്ള നാളുകളും വാതിലുകളും അടയുന്ന നാളിൽ ആ സഹോദരിയുടെ വേദനയും സങ്കടവും ചിലർക്കു മനസ്സിലാകും. മധ്യപ്രദേശിൽ വചനമാരിയുടെ സുവിശേഷപ്രവർത്തനങ്ങളെ ഓർത്ത് പ്രാർത്ഥിക്കുകയും കരുതുകയും ചെയ്യുന്നവരോട് എനിക്ക് പറയാനുള്ളത്, സമയവും സാഹചര്യങ്ങളും അനുകൂലമായ നാളുകളിൽ സുവിശേഷവേലക്കുവേണ്ടി പ്രാർത്ഥിക്കുക, നല്ല മനസ്സോടെ സുവിശേഷവേലക്ക് കൈത്താങ്ങൽ നൽകുക. വാതിലുകൾ അടയുന്ന നാളുകൾ വരുന്നുണ്ട് എന്ന് ഓർക്കുക.
    യോശീയാരാജാവ് ദൈവാലയത്തെ സ്നേഹിച്ചു, ജനത്തെ ആലയത്തിലേക്ക് കൂട്ടിവരുത്തി. സ്വർഗ്ഗം അതു നീതിയായി കണക്കിട്ടു. ദൈവസഭയെയും ദൈവവേലയെയും കരുതുന്നവൻ്റെ ചരിത്രം അവൻ്റെ ജീവിതംകൊണ്ട് അവസാനിക്കുന്നില്ല, അതിനുള്ള പ്രതിഫലം സ്വർഗ്ഗം നിത്യതയിലും കരുതിവെച്ചിട്ടുണ്ട് എന്ന് ലോകത്തോട് വിളിച്ചുപറയുവാൻ വേണ്ടിയാണ് യേശുക്രിസ്തുവിൻ്റെ വംശാവലിപട്ടികയിലും യോശീയാവിൻ്റെ പേര് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത് (മത്തായി 1:10,11). സ്തോത്രം ! ഹല്ലേലൂയ്യാ !
   
പ്രാർത്ഥനയോടെ,
മധ്യപ്രദേശിൽനിന്നും
ഷൈജു പാസ്റ്റർ (9424400654)
*കുറിപ്പ്:* നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Mob: 7898211849, 9589741414, 7000477047, Ph: 0755 4297672
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ക്രൂശിലെ സ്നേഹം

ഒരു മുഷ്യശരീരത്തിൽ ഉള്ള രക്തത്തിൻ്റെ അളവ് ഏകദേശം 6 ലിറ്ററാണ് എന്ന് കണക്കാക്കപ്പെടുന്നു. ഒലിവ് മലയിൽവെച്ച് യേശുകർത്താവ് പ്രാർത്ഥിച്ചപ്പോൾ ലൂക്കൊ. 22:44 വിയർപ്പുതുള്ളിപോലെ ഒഴുകുവാനാരംഭിച്ച നാഥൻ്റെ ശരീരത്തിലെ, അവസാനതുള്ളി രക്തം, യോഹ. 19:34 ൽ ഒഴുകിതീർന്ന് ഇനിയും ഒരുതുള്ളിപോലും ആ ശരീരത്തിൽ അവശേഷിക്കുന്നില്ല എന്നതിൻ്റെ അടയാളമായി വെള്ളവും ഒഴുകിവന്നു. വേല്യപുസ്തകം 17:11 ൽ വായിക്കുന്നതുപോലെയും വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നതും ജീവൻ രക്തത്തിലാണല്ലോ ഇരിക്കുന്നത്; അതായത്, അവസാനതുള്ളി രക്തവും നമുക്കുവേണ്ടി ഊറ്റിതന്ന യേശുനാൻ അവിടുത്തെ ജീവൻതന്നെ നമുക്കുവേണ്ടി യാഗമായി അർപ്പിക്കുകയായിരുന്നു. സ്തോത്രം.