ആരാണ് നമ്മുടെ ഹൃദയങ്ങളില്‍ വാഴുന്നത് ?

November-2022

ക്രിസ്തുവുവിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളില്‍ വാഴട്ടെ.." കൊലൊ. 3:15 വാഴുക എന്ന് പറഞ്ഞാല്‍ ഭരിക്കുക എന്നാണ് അര്‍ത്ഥം. നമ്മുടെ ഹൃദയങ്ങളില്‍ വാഴേണ്ടതും, വാഴാന്‍ പാടില്ലാത്തതുമായ ധാരാളം കാര്യങ്ങള്‍ പരിശുദ്ധാത്മാവ് തിരുവചനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്, അവയില്‍ ചിലത് നമുക്കു ധ്യാനിക്കാം


"ക്രിസ്തുവുവിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളില്‍ വാഴട്ടെ.." കൊലൊ. 3:15
    വാഴുക എന്ന് പറഞ്ഞാല്‍ ഭരിക്കുക എന്നാണ് അര്‍ത്ഥം. നമ്മുടെ ഹൃദയങ്ങളില്‍ വാഴേണ്ടതും, വാഴാന്‍ പാടില്ലാത്തതുമായ ധാരാളം കാര്യങ്ങള്‍ പരിശുദ്ധാത്മാവ് തിരുവചനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്, അവയില്‍ ചിലത് നമുക്കു ധ്യാനിക്കാം;
*നമ്മുടെ ഹൃദയങ്ങളെ വാഴാന്‍ പാടില്ലാത്തതായ ഏഴു കാര്യങ്ങള്‍*

*1) ഭയം*. യെശ. 21:4 (എന്‍റെ ഹൃദയം പതറുന്നു; ഭീതി എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു;)
ചിലരുടെ ജീവിതങ്ങളെ ഭരിക്കുന്നത് ഭീതിയാണ്. ഇയ്യോബ് 3:25 വായിക്കുന്നത് ഇപ്രകാരമാണ്; "ഞാന്‍ പേടിച്ചത് തന്നെ എനിക്കു നേരിട്ടു; ഞാന്‍ ഭയപ്പെട്ടിരുന്നത് എനിക്കു ഭവിച്ചു". നമ്മുടെ ഹൃദയങ്ങളില്‍ നിന്നും ഭയത്തെ പുറത്താക്കുക. എന്തിനാണ് നമ്മള്‍ ഭയപ്പെടുന്നത്? ആരെയാണ് നമ്മള്‍ ഭയപ്പെടുന്നത്? ലൂക്കോസ് 12:7,32, യോഹന്നാന്‍ 14:27 മുതലായ വചനങ്ങളില്‍ കര്‍ത്താവു അരുളിച്ചെയ്തിരിക്കുന്നത്; അവിടുന്ന് നമ്മുടെ കൂടെ ഉണ്ട് അതുകൊണ്ട് നമ്മള്‍ ഭയപ്പെടേണ്ട എന്നാണ്.

*2) നിരാശ*. സഭാപ്ര. 2:20 "ഞാന്‍ എന്‍റെ ഹൃദയത്തെ നിരാശപ്പെടുത്തുവാന്‍ തുടങ്ങി"
മനുഷ്യ ഹൃദയങ്ങളെ ഭരിക്കുന്ന മറ്റൊരു അധികാരമാണ് ഇത്. ഇതിന്‍റെ അധീനതയില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെടുത്തിയ നിരവധി ആളുകളുടെ ചരിത്രം നമുക്കറിയാമല്ലോ !
ഈ ലോക ജീവിതത്തില്‍ നമുക്കു കഷ്ടങ്ങളും പ്രയാസങ്ങളും ങ്ങളും ഒക്കെ ഉണ്ടായെന്നു വരാം. അപ്പോള്‍ നമ്മള്‍ നിരാശരായി ജീവിതം അവസാനിപ്പിക്കുകയല്ല വേണ്ടത്. 2 കൊരി. 4:8 ല്‍ നമ്മള്‍ ഇപ്രകാരമാണ് വായിക്കുന്നത് "ഞങ്ങള്‍ സകവിധത്തിലും കഷ്ടം സഹിക്കുന്നവര്‍ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവര്‍ എങ്കിലും നിരാശപ്പെടുന്നില്ല"
ആകയാല്‍ ഇന്നത്തെ നമ്മുടെ നിരാശകളെ ഒക്കെ മാറ്റിവെച്ചിട്ട് കര്‍ത്താവില്‍ പ്രത്യാശ ഉള്ളവരായി വസിക്കാം.

*3) സംശയം*. ലൂക്കൊ. 24:38, മര്‍ക്കൊ. 11:23 ڇഅവന്‍ അവരോടു; നിങ്ങള്‍ കലങ്ങുന്നത് എന്ത് ? നിങ്ങളുടെ ഹൃദയത്തില്‍ സംശയം പൊങ്ങുന്നതും എന്ത് ?ڈ
ചിലരുടെ ഹൃദയം ഭരിക്കുന്നത് സംശയമാണ്. എന്തിലും ഏതിലും സംശയം. ദൈവ വാഗ്ദത്തങ്ങളില്‍ സംശയം. വിശ്വാസം കുറയുമ്പോഴാണ് സംശയം ഉണ്ടാകുന്നത്. ക്രിസ്തീയ ജീവിതത്തില്‍ മാത്രമല്ല, കുടുംബജീവിതത്തിലും അത് തന്നെയാണ് പലരുടേയും പ്രശ്നം. ചിലര്‍ പറയാറുണ്ടല്ലോ സംശയം ഒരു രോഗമാണെന്ന്, ഒരു പരിധിവരെ അത് ശരിയാണ്, പക്ഷേ, ഒരു മാറാരോഗമല്ല, ഒന്ന് ശ്രമിച്ചാല്‍ മാറാകുന്നതേ ഉള്ളൂ.
ഒരിക്കല്‍ യേശു പത്രോസിനോട് ഇപ്രകാരം പറഞ്ഞു 'അല്പവിശ്വാസിയെ നീ എന്തിനു സംശയിച്ചു ?' (മത്തായി 14:31). പത്രോസിന്‍റെ സംശയം അവനെ കടലില്‍ മുക്കി കളയുമായിരുന്നു. എന്നാല്‍ തക്ക സമയത്ത് യേശു കരം നീട്ടിയതുകൊണ്ട് അവന്‍ നശിച്ചുപോയില്ല
റോമ. 4:20 "ദൈവത്തിന്‍റെ വാഗ്ദത്തത്തിങ്കല്‍ അവിശ്വാസത്താല്‍ സംശയിക്കാതെ വിശാസത്തില്‍ ശക്തിപ്പെട്ടു ദൈവത്തിനു മഹത്വം കൊടുത്തു"
ആകയാല്‍ സംശയം നമ്മുടെ ഹൃദയത്തെ ഭരിക്കാതെ സൂക്ഷിച്ചുകൊള്ളുക.

*4) ലോകമോഹം / അത്യാഗ്രഹം*. റോമര്‍ 1:24
ലോക ചിന്തകളാല്‍ ചിലരുടെ ഹൃദയം നിറഞ്ഞിരിക്കുകയാണ്, അതാണ് അവരെ ഭരിക്കുകയും ചെയ്യുന്നത്. അവരെക്കാള്‍ നല്ല കാര്‍ വേണം, വലിയ വീട് വേണം ജീവിത സൗകര്യങ്ങള്‍ വേണം.... അങ്ങനെ എല്ലാം മറ്റുള്ളവരെക്കാള്‍ മെച്ചമാക്കണമെന്ന വിചാരത്തില്‍ നെട്ടോട്ടമാണ്. പൊങ്ങച്ചം വെല്ല്യഭാവം.. മുതലായവ ഹൃദയത്തില്‍ നിറഞ്ഞിരിക്കുമ്പോള്‍, എങ്ങനെയാണു ക്രിസ്തുവിന്‍റെ സമാധാനം അവരുടെ ഹൃദയങ്ങളില്‍ വാഴുന്നത് ?

*5) വഞ്ചന*. യോഹ. 13:2
യേശുവിന്‍റെ കൂടെ നടക്കുമ്പോള്‍, അവിടുത്തെ എങ്ങനെ ഒറ്റികൊടുക്കണം എന്ന വിചാരമായിരുന്നു യൂദായുടെ ഹൃദയത്തെ ഭരിച്ചിരുന്നത്.
ഇന്നും ഇതുപോലുള്ള നിരവധി പേരുണ്ട്. കൂടെ നടക്കുന്നവര്‍ ചിരിച്ചു കാട്ടുന്നവര്‍, സ്നേഹം പ്രകടിപ്പിക്കുന്നവര്‍... പക്ഷെ ഉള്ളു മുഴുവന്‍ വഞ്ചന നിറച്ചു വെച്ചിരിക്കുകയാണ്. തക്ക അവസരം വരുമ്പോള്‍ അവര്‍ തനി സ്വഭാവം കാണിക്കും. നമ്മളില്‍ പലരും ഒരുപക്ഷേ അതിന്‍റെ ഇര ആയവരായിരിക്കാം.
ചതിയുടെ വിഷം നിറച്ച ഹൃദയത്തോടെ യേശുവിന്‍റെ കൂടെ അന്ത്യ അത്താഴത്തിനിരുന്ന യൂദായുടെ അവസാനം എന്തായിരുന്നു ? അവസാനം കെട്ടി ഞാന്നു.
ആകയാല്‍ സകല ദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാ നുണയും നീക്കിക്കളക 1 പതൊ. 2:1,2

*6) കളവ് അഥവാ കള്ളത്തരം*. യെഹെ. 13:2
കള്ളത്തരങ്ങള്‍ ഹൃദയത്തില്‍ നിറെച്ചുവെച്ചുകൊണ്ട് കപടമുഖമണിഞ്ഞ് ദൈവജനത്തെ വഴിതെറ്റിക്കുവാന്‍ വരുന്ന സാത്താന്‍റെ ഏജന്‍റുമാര്‍ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ശാപമായിരിക്കുകയാണ്, അവരെ നമ്മള്‍ തിരിച്ചറിയണം. ഇക്കൂട്ടരുടെ വലയില്‍ വീഴരുത്. നമ്മുടെ ഹൃദയങ്ങളില്‍ കള്ളത്തരത്തിന് ഇടം കൊടുക്കരുത്, ഒരു കാലത്തും അതു നമ്മെ വാഴുകയുമരുത്.

*7) ദുശ്ചിന്ത കുലപാതകം വ്യഭിചാരം പരസംഗം മോഷണം കള്ളസാക്ഷ്യം ദൂഷണം*. മത്തായി 15:19
ഇവ എല്ലാമാണ് ചിലരുടെ ഹൃദയങ്ങളില്‍ നിറഞ്ഞിരിക്കുന്നത് / അവരെ ഭരിക്കുന്നത്. ഇവ എല്ലാം മനുഷ്യനെ അശുദ്ധനാക്കുകയും ദൈവസന്നിധിയില്‍ നിന്നും അകറ്റിക്കളയുകയും, അവസാനം കത്തുന്ന തീപ്പൊയ്കയില്‍ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യുന്നു.

സാത്താന്‍ ഭരിക്കുന്ന അഥവാ വാഴുന്ന ഹൃദയങ്ങളുടെ ചില അവസ്ഥകളാണ് ഇവയെല്ലാം. ഒരിക്കല്‍ യേശുവിനു വേണ്ടി തുറന്നു കൊടുത്ത ഹൃദയങ്ങളാകാം നമ്മുടേത്. എന്നാല്‍ ഇന്നത്തെ അവസ്ഥ എന്താണ് ? യേശു വാഴുന്ന ഹൃദയങ്ങളാണോ നമ്മുടേത്? ഈ ദൈവവചനത്തിനു മുമ്പാകെ ആത്മാര്‍ത്ഥമായി ഒന്ന് പരിശോധിക്കാം. ഇവ എല്ലാം നീക്കിക്കളയാം.
യേശു നമ്മുടെ ഹൃദയങ്ങളില്‍ പിന്നെയും വാഴേണ്ടതിനായി, സമര്‍പ്പിക്കാം!
ദൈവം സഹായിക്കട്ടെ
പ്രാര്‍ത്ഥനയോടെ
(ബദര്‍ ഷൈജു ജോണ്‍

കുറിപ്പ്:
ഈ ധ്യാനസന്ദേശത്തിന്‍റെ രണ്ടാം ഭാഗം; ഒരു ദൈവ പൈതലിന്‍റെ ജീവിതത്തെ ഭരിക്കേണ്ടതായ, അഥവാ വാഴേണ്ടതായ ഏഴു കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് അടുത്ത ദിവസം ധ്യാനിക്കാം

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ