ഈ ഭൂമിയിൽ ദൈവം നമുക്കു അനുവദിച്ചുതരുന്ന നാളുകളത്രയും ഒരു നല്ല മനുഷ്യനായി ജീവിക്കണമെന്നാണല്ലോ നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത്. പല മാതാപിതാക്കളും അവരുടെ മക്കൾക്ക് ഇപ്രകാരം ഒരു ഉപദേശം നൽകുന്നതും നമ്മൾ കേൾക്കാറുണ്ട്;
'
കുഞ്ഞേ, ജീവിതത്തിൽ നീ വലുതായി ഒന്നും സമ്പാദിച്ചില്ലെങ്കിലും, വലിയ നിലയിലൊന്നും എത്തിയില്ലെങ്കിലും, അത്ര പ്രശസ്തനൊന്നും ആയില്ലെങ്കിലും സാരമില്ല, ഒരു നല്ല മനുഷ്യനായി നീ ജീവിച്ചു കണ്ടാൽ മതി എനിക്ക്'.
വാസ്തവത്തിൽ ഇതു തന്നെയല്ലേ വേണ്ടത്? ആയുസ്സിൽ എന്തൊക്കെ നേടിയിട്ടും ഒരു നല്ല മനുഷ്യനായി ജീവിക്കാന് കഴിഞ്ഞില്ലെങ്കിൽ ആ നേട്ടങ്ങൾ കൊണ്ടൊന്നും ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല.
ഒരു ഗുണവുമില്ലാത്തവൻ, അറുത്തകൈക്ക് ഉപ്പു തേക്കാത്തവൻ, ഒരു കാലത്തും ഗതിപിടിക്കാത്തവൻ, ആർക്കും ഉപകാരമില്ലാത്തവൾ, കണ്ണിൽ ചോരയില്ലാത്തവൻ, അറു പിശുക്കൻ, ...
അവസാനം മനുഷ്യരുടെ നാവിൽനിന്ന് ഇതുപോലുള്ള വിളി കേൾക്കാനാകും ഇക്കൂട്ടർക്ക് യോഗം.
സമൂഹത്തിൽ, '*ഒരു നല്ല മനുഷ്യൻ*' എന്ന പേരു സമ്പാദിക്കുക അത്ര എളുപ്പമൊന്നുമല്ല, അതിന് വലിയ വില കൊടുക്കേണ്ടി വരും.
വിശുദ്ധ വേദപുസ്തകം ആദിയോടന്തം പരിശോധിച്ചാൽ ചുരുക്കം ചില വ്യക്തികളെ മാത്രമേ നല്ല മനുഷ്യൻ' എന്ന് പരിശുദ്ധാത്മാവ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നതായി കാണുവാൻ കഴിയുന്നുള്ളൂ; യോഹന്നാൻ 7:12 ല് യേശുവിനെക്കുറിച്ച് 'നല്ല മനുഷ്യൻ' എന്ന് പുരുഷാരത്തിൽ ചിലര് പറയുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.
അപൂര്വ്വമായ ഈ പദവി തിരുവചനത്തില് നൽകിയിരിക്കുന്ന മറ്റൊരു വ്യക്തിയാണ് ബർന്നബാസ്. അപ്പൊ.പ്രവ. 11:24
"*അവൻ നല്ല മനുഷ്യനും* പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷന്മാരും കർത്താവിനോടു ചേർന്നു"
പരിശുദ്ധാത്മാവില് നിന്ന് ഇതുപോലെ ഒരു അംഗീകാരം ലഭിക്കാനുള്ള എന്തു യോഗ്യതയാണ് ബർന്നബാസിന് ഉണ്ടായിരുന്നത് ?
ചില ബൈബിള് ജ്ഞാനികളുടെ വീക്ഷണത്തിൽ ബർന്നബാസ് ഒരു വഴക്കാളിയും തന്നിഷ്ടക്കാരനുമാണ് എന്നാണ് പറയുന്നത്. അപ്പൊ.പ്രവ. 15:38 ൽ ബർന്നബാസും അപ്പൊസ്തലനായ പൌലൊസും തമ്മിൽ ഒരു ഉഗ്രവാദമുണ്ടായതായി രേഖപ്പെടുത്തിയിരിക്കുന്നതും, ഗലാത്യർ 2:13 ല് ബർന്നബാസ് തെറ്റിപ്പോവാൻ ഇടവന്നു എന്നും എഴുതിയിരിക്കുന്നു എന്ന കാരണങ്ങളാണ് ഇക്കൂട്ടർ മുമ്പോട്ടുവെക്കുന്നത്.
അങ്ങനെയെങ്കിൽ ഒരു 'നല്ല മനുഷ്യൻ' എന്ന് ബർന്നബാസിനെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തുവാൻ കാരണമെന്താണ്?
ന്യായമായ ഈ സംശയത്തിനുള്ള മറുപടി ദൈവവചനത്തിൽ തന്നെ നമുക്കു കണ്ടെത്തുവാൻ കഴിയും.
ബർന്നബാസിനെക്കുറിച്ച് ആദ്യമായി പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത് അപ്പൊ. പ്രവ. 4:36 വാക്യത്തിലാണ്,
"പ്രബോധനപുത്രൻ എന്നു അർത്ഥമുള്ള ബർന്നബാസ് എന്നു അപ്പൊസ്തലന്മാർ മറുപേർ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ് എന്നൊരു ലേവ്യൻ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു"
അപ്പൊസ്തലരായ യോഹന്നാൻ്റെയും പത്രൊസിൻ്റെയും സുവിശേഷ പ്രസംഗം കേട്ട് വിശ്വാസത്തിൽ വന്ന വ്യക്തിയായിരുന്നു ബർന്നബാസ്. യേശുവിനോടുള്ള സ്നേഹം നിമിത്തം അവിടുത്തെ സാക്ഷിയാകുവാൻ ഇറങ്ങിത്തിരിക്കുന്നതിനുമുമ്പ്, തന്റെ പാരമ്പര്യവും സ്ഥാനമാനങ്ങളും ഉപേക്ഷിച്ച്, ധനവും സമ്പത്തുമെല്ലാം അപ്പൊസ്തലന്മാരുടെ കാൽക്കൽ കൊണ്ടുവെയ്ക്കുവാൻ ബർന്നബാസിന് ഒരു മടിയും ഉണ്ടായിരുന്നില്ല.
ബർന്നബാസ് എന്ന സാധാരണ വിശ്വാസിയില് നിന്ന് *അപ്പൊസ്തലനായ ബർന്നബാസ്* എന്ന ആത്മീയ ഉന്നതിയിലേക്കുള്ള തന്റെ യാത്രയാണ് പിന്നീട് നമ്മൾ കാണുന്നത്.
ഒരുവേള അപ്പൊ. പൌലൊസിനെ മറ്റുള്ള അപ്പൊസ്തലന്മാർ വിശ്വസിക്കാതിരുന്നപ്പോള്, അവരോട് സംസാരിച്ച് പൌലൊസിനെ അവര്ക്ക് പരിചയപ്പെടുത്തിയ വ്യക്തിയായിരുന്നു ബർന്നബാസ് (അപ്പൊ. പ്രവ. 9:27)
തുടർന്ന് അപ്പൊ. പൌലൊസും ബർന്നബാസും ഏറ്റവും അടുത്ത സഹോദരങ്ങളായി മാറി. പട്ടണങ്ങൾ തോറും, ഗ്രാമങ്ങൾ തോറും, സഞ്ചരിച്ച് സകലജാതികളോടും അവർ സുവിശേഷം പ്രസംഗിച്ചു.
മറ്റ് അപ്പൊസ്തലന്മാർക്കും സഭയിലെ മൂപ്പന്മാർക്കും എല്ലാം ഏറ്റവും പ്രിയനായ ഒരു വ്യക്തിയായിരുന്നു ബർന്നബാസ് എന്ന് തിരുവചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് (അപ്പൊ. പ്രവ. 15:26).
മാത്രമല്ല, ഒരിക്കൽ അന്തൊക്യയിലെ സഭയിൽ നിന്ന് മറ്റുള്ള സഭയിലേക്ക് പണശേഖരണം നടത്തിയപ്പോൾ, ആ പണം കൊണ്ടുപോയി ഏൽപ്പിക്കുവാന് ചുമത നല്കപ്പെട്ട വിശ്വസ്തനായ ഒരു വ്യക്തിയായിരുന്നു ബർന്നബാസ് (അപ്പൊ. പ്രവ. 11:30).
ഇതുപോലുള്ള നിരവധി കാര്യങ്ങള്, ബർന്നബാസിന്റെ സവിശേഷതകളെക്കുറിച്ച് വേദപുസ്തകത്തിൽ നമുക്കു കാണുവാൻ കഴിയും.
പിന്നീട് ഒരു വിഷയത്തിൽ അപ്പൊസ്തലന്മാരായ ബർന്നബാസും പൌലൊസും തമ്മിൽ ഒരു ഉഗ്രവാദമുണ്ടായി എന്നുള്ളത് സത്യമാണ്. എന്നാൽ അതു കഴിഞ്ഞ് ബർന്നബാസ് എന്ന ദൈവഭക്തന് വിശ്വാസത്തില് നിന്ന് പിന്മാറിപ്പോകയല്ല ചെയ്തത്. കൂടുതല് ശോഭയോടെ ദേശങ്ങൾതോറും സഞ്ചരിച്ച് രക്ഷകൻ്റെ വേലചെയ്തു.
ബർന്നബാസും പൌലൊസും തമ്മിലുള്ള അഭിപ്രായ ഭിന്നതയ്ക്ക് ശേഷവും അവർ തമ്മില് നല്ല ആത്മീയബന്ധം കാത്തുസൂക്ഷിച്ചിരുന്നു എന്നാണ് ഗലാത്യർ 2:1, കൊലൊ.4:10 വാക്യങ്ങളില് കാണുന്നത്.
*ചുരുക്കത്തിൽ പറഞ്ഞാൽ, ബർന്നബാസ് ഒരു നല്ല മനുഷ്യനായിരുന്നു*,
*യേശുവിനെ ജീവനുതുല്ല്യം സ്നേഹിച്ച*,
*സുവിശേഷത്തിനുവേണ്ടി എല്ലാം ത്യജിച്ച*,
*രക്ഷാസന്ദേശവുമായി അക്ഷീണം സഞ്ചരിച്ച*,
*ദൈവരാജ്യത്തെ സംബന്ധിച്ച ദർശനമുള്ള*,
*ദൈവസഭയില് വിശ്വസ്തനായ*,
*സഹോദരന്മാർക്കെല്ലാം പ്രിയനായ*
ആരുടെ മുമ്പിലും സ്വന്ത അഭിപ്രിയങ്ങള് തുറന്നു പറയുന്ന,
സുവിശേഷത്തിനുവേണ്ടി കഠിനമായ തീരുമാനങ്ങൾ എടുക്കുന്ന
തൻ്റെ കാഴചപ്പാടുകളിൽ ഉറച്ചു നിന്ന,
ആരുടെ സ്വാധീനത്തിലും പതറിപ്പോകാത്ത,
*വെച്ചുകെട്ടലുകളും ജാഡകളൊന്നുമില്ലാത്ത ഒരു പച്ച മനുഷ്യനായിരുന്നു ബർന്നബാസ്*.
അതുകൊണ്ടാണ് പരിശുദ്ധാത്മാവ് ബർന്നബാസിനെ ഒരു 'നല്ല മനുഷ്യൻ' എന്നു അഭിസംബോധന ചെയ്തത്.
മനുഷ്യർ പറമെ ഉള്ളത് കാണുമ്പോൾ (കണ്ണിനു കാണുന്നതുമാത്രം കാണുമ്പോൾ) ദൈവം ഹൃദയങ്ങളെ നോക്കുന്നു എന്ന കാര്യം നമ്മൾ മറന്നുപോകരുത് (1 ശമുവേല് 16:7). മറ്റുള്ളവര് കണ്ടത് ബർന്നബാസിന്റെ ഒരംശം മാത്രമാണ്; പരിശുദ്ധാത്മാവോ അവന്റെ ജീവിതം മുഴുവനും അറിഞ്ഞു.
ആകയാല് പ്രിയരേ, ബർന്നബാസിന്റെ ചരിത്രം ഇന്നു നമുക്കു നല്കുന്ന ഒരു പാഠം; മനുഷ്യർ നമ്മെക്കുറിച്ച് എന്ത് അഭിപ്രായം പറയുന്നു എന്നതിലല്ല; ദൈവസന്നിധിയില് ഒരു 'നല്ല മനുഷ്യനായി' ജീവിക്കാന് കഴിയുന്നുണ്ടോ എന്ന് ഈ ദിവസം നമ്മെക്കുറിച്ച് വിലയിരുത്തുകയാണ് വേണ്ടത്.
ദൈവം കൃപതരുമാറാകട്ടെ,
പ്രാർത്ഥനയോടെ നിങ്ങളുടെ സഹോദരൻ
ഷൈജു ജോൺ
വചനമാരി, ഭോപ്പാൽ 7898211849
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനല്കുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പില് അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവര്ക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9424400654, 7898211849, 9589741414, 7000477047