നിൻ്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല

▴ നിൻ്റെ ദയ എന്നെ താങ്ങി
April-2024

കണ്ണിലെ കൃഷ്ണമണിപോലെ ഉറങ്ങാതെയും മയങ്ങാതെയും തന്നെ കാക്കുന്ന ഒരു ദൈവം ഉണ്ട് എന്നും ആ ദൈവം തൻ്റെ കാലുകൾ വഴുതുവാൻ സമ്മതിക്കില്ല എന്നും ദാവീദിന് ഉറപ്പുണ്ടായിരുന്നു.            കർത്താവിൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട് ദൈവമക്കളായിത്തീർന്ന നമുക്കും ഈ ഉറപ്പുണ്ടായിരിക്കണം. മത്തായി 10:29,30 വചനപ്രകാരം നമ്മുടെ തലയിലെ ഒരോ മുടിക്കുപോലും എണ്ണമുണ്ട് അവയിൽ ഒന്നുപോലും കൊഴിഞ്ഞുവീഴണമെങ്കിൽ അത് കർത്താവിൻ്റെ അറിവോടും സമ്മതത്തോടുംകൂടെ മാത്രമായിരിക്കും. 1 കൊരി. 10:13 വചനപ്രകാരം കർത്താവ് വിശ്വസ്തനും നമ്മുടെ കഴിവിനുമീതെ പരീക്ഷനേരിടുവാൻ സമ്മതിക്കാത്തവനും നമുക്കുവേണ്ടി പോക്കുവഴികൾ ഉണ്ടാക്കുന്നവനുമാണ്.


             2 ശമുവേൽ 22:37, സങ്കീർ. 18:36 “ഞാൻ കാലടി വെക്കേണ്ടതിന്നു നീ വിശാലത വരുത്തി; എൻ്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.
       സർവ്വശക്തനായ ദൈവം ദാവീദിനെ സകലശത്രുക്കളുടെ കയ്യിൽനിന്നും വിടുവിച്ചശേഷം അവൻ യഹോവെക്കു പാടിയ ഗീതത്തിലെ വരികളാണ് മുകളിൽ കുറിച്ചിരിക്കുന്ന വേദവാക്യം. ഈ വരികൾ രണ്ടു പ്രാവശ്യം തിരുവചനത്തിൽ ആവർത്തിച്ചു പാടുവാനുള്ള കാരണം, അത്രമാത്രം പ്രാധാന്യം ആ വരികൾക്ക് ഉള്ളതുകൊണ്ടാണ്.
           ദാവീദിൻ്റെ കാലടികൾ വഴുതുവാനുള്ള നിരവധി സാധ്യതകൾ അവൻ്റെ ജീവിതത്തിൽ ഉണ്ടായി എങ്കിലും അതു സംഭവിക്കാതിരുന്നതിന് ചില കാരണങ്ങൾ ഉണ്ട്. ഇന്നും ദൈവമക്കളുടെ ജീവിതത്തിൽ പോരാട്ടങ്ങളും പ്രതികൂലങ്ങളും ഉണ്ടാകുമ്പോൾ, പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ടാകുമ്പോൾ അവരുടെ കാലുകൾ വഴുതാതിരിക്കുന്നതിനുള്ള കാരണങ്ങളും അതു തന്നെയാണ്. അവ എന്തെല്ലാമാണ് എന്ന് തിരുവചനവെളിച്ചത്തിൽ നമുക്കു പരിശോധിക്കാം.

*1) സങ്കീർ. 94:18 “എൻ്റെ കാൽ വഴുതുന്നു എന്നു ഞാൻ പറഞ്ഞപ്പോൾ യഹോവേ, നിൻ്റെ ദയ എന്നെ താങ്ങി.”*
        ഈ സങ്കീർത്തനത്തിൻ്റെ രചയിതാവ് ആരാണ് എന്ന് തലക്കെട്ടിൽ രേഖപ്പെടുത്തിയിട്ടില്ല എങ്കിലും ദാവീദാണ് 94 ാം സങ്കീർത്തനം രചിച്ചത് എന്നാണ് മിക്ക വേദപണ്ഡിതരും അഭിപ്രായപ്പെടുന്നത്. ശത്രുക്കൾ തൻ്റെ പ്രാണനെടുക്കുവാൻ തക്കംനോക്കി നടന്നപ്പോൾ അവരുടെ കയ്യിൽ വീഴാതെ സൂക്ഷിച്ചതും. തൻ്റെ കാലുകൾ ഓടി ക്ഷീണിച്ചപ്പോൾ, ‘ദൈവമേ എൻ്റെ കാൽ വഴുതുന്നു’ എന്നു പറഞ്ഞ് പ്രാർത്ഥിച്ചപ്പോഴും ദാവീദിനെ താങ്ങി സൂക്ഷിച്ചത്, ദൈവത്തിൻ്റെ മഹാദയയാണ്.
         ജീവിതയാത്രയിൽ നമ്മുടെ കാലുകൾ ഇടറുന്നു എന്നു തോന്നുമ്പോൾ, സഹിക്കാൻ കഴിയാത്ത ജീവിതഭാരങ്ങളാൽ നമ്മുടെ കാലുകൾ വേച്ചുപോകുമ്പോൾ, ‘കർത്താവേ എൻ്റെ കാൽ വഴുതുന്നു എന്നെ സഹായിക്കണമേ’ എന്നു പ്രാർത്ഥിച്ചാൽ നിശ്ചയമായും അവിടുത്തെ മഹാദയ നമ്മെയും താങ്ങിക്കൊള്ളും.
ദൈവത്തിൻ്റെ ദയക്കുവേണ്ടി അപേക്ഷിക്കാത്തവരും, കാലുകളിടറുമ്പോൾ ദൈവത്തോടു പ്രാർത്ഥിക്കാതെ ലോകത്തിൽ ആശ്രയിക്കുന്നവരും വീണുപോകും. അതുകൊണ്ടാണ് 20 ാം സങ്കീർത്തനത്തിൽ ദാവീദ് ഇപ്രകാരം പറയുന്നത്, “ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീർത്തിക്കും. അവർ കുനിഞ്ഞു വീണുപോയി; എന്നാൽ ഞങ്ങൾ എഴുന്നേറ്റു നിവിർന്നു നില്ക്കുന്നു.”
        ആകയാൽ നമ്മുടെ കാലുകൾ വഴുതുന്നു എന്നു തോന്നുന്നുവെങ്കിൽ ദൈവത്തിൻ്റെ മഹാദയക്കായി പ്രാർത്ഥിക്കുക.

*2) സങ്കീർ. 66:9, സങ്കീർ. 121:3 “നിൻ്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.”*
         തൻ്റെ കാലുകൾ വഴുതാതിരുന്നതിൻ്റെ മറ്റൊരു കാരണം ഇവിടെ ദാവീദ് പറയുന്നത്, അത് ദൈവം അനുവദിക്കാതിരുന്നതുകൊണ്ടാണ് എന്നാണ്. കണ്ണിലെ കൃഷ്ണമണിപോലെ ഉറങ്ങാതെയും മയങ്ങാതെയും തന്നെ കാക്കുന്ന ഒരു ദൈവം ഉണ്ട് എന്നും ആ ദൈവം തൻ്റെ കാലുകൾ വഴുതുവാൻ സമ്മതിക്കില്ല എന്നും ദാവീദിന് ഉറപ്പുണ്ടായിരുന്നു.
           കർത്താവിൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട് ദൈവമക്കളായിത്തീർന്ന നമുക്കും ഈ ഉറപ്പുണ്ടായിരിക്കണം. മത്തായി 10:29,30 വചനപ്രകാരം നമ്മുടെ തലയിലെ ഒരോ മുടിക്കുപോലും എണ്ണമുണ്ട് അവയിൽ ഒന്നുപോലും കൊഴിഞ്ഞുവീഴണമെങ്കിൽ അത് കർത്താവിൻ്റെ അറിവോടും സമ്മതത്തോടുംകൂടെ മാത്രമായിരിക്കും. 1 കൊരി. 10:13 വചനപ്രകാരം കർത്താവ് വിശ്വസ്തനും നമ്മുടെ കഴിവിനുമീതെ പരീക്ഷനേരിടുവാൻ സമ്മതിക്കാത്തവനും നമുക്കുവേണ്ടി പോക്കുവഴികൾ ഉണ്ടാക്കുന്നവനുമാണ്.

ആകയാൽ പ്രിയരേ, *ദൈവാത്മാവിന് ഇന്ന് നമ്മോടു പറയുവാനുള്ള സന്ദേശം ഇതാണ്; ഉറപ്പും ധൈര്യവുമുള്ളവരായിരിക്ക, കർത്താവ് അനുവദിക്കാതെ ഒന്നും സംഭവിക്കില്ല, കർത്താവ് സമ്മതിക്കാതെ ആരും നമ്മെ തൊടുകപോലുമില്ല*. മത്തായി 10:31 വചനത്തിൽ കർത്താവ് പറഞ്ഞിരിക്കുന്നത് നമ്മൾ വിശേഷതയുള്ളവരാണ് എന്നാണ്. (we are more valuable to God)

ഈ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ,
പ്രാർത്ഥനയോടെ,

ഷൈജു Pr (7898211849)
വചനമാരി Bhopal


*കുറിപ്പ്:*
നമ്മുടെ കാലുകൾ വഴുതാതിരിക്കുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ് എന്ന ഈ ബൈബിൾ സന്ദേശത്തിൻ്റെ അടുത്ത ഭാഗം ഉടനെ അയക്കുന്നതായിരിക്കും.
ഈ ആത്മീയ സന്ദേശങ്ങൾ തുടർന്നും ലഭിക്കേണ്ടതിനും നിങ്ങളുടെ പ്രാർത്ഥനാവിഷയങ്ങൾ പങ്കുവെക്കുന്നതിനും ഞങ്ങളെ വിളിക്കേണ്ട ഫോൺ നമ്പറുകൾ: 9424400654, 9589741414, 7000477047

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ