വായനാ ഭാഗം: 1 ശമുവേല്‍ 16:1.., പുറപ്പാട് 3:17.., 5:1
ഒരിക്കല്‍ ദൈവകല്‍പ്പന ധിക്കരിച്ച ശൌല്‍ രാജാവിനെ ആ സ്ഥാനത്തുനിന്ന് തള്ളിക്കളഞ്ഞ് പകരം ദാവീദിനെ യിസ്രായേലിന്‍റെ രാജാവാക്കുവാന്‍ ദൈവം തീരുമാനിച്ചു. ആ തീരുമാനം തന്‍റെ അഭിഷക്തനായ ശമുവേല്‍ പ്രവാചകനെ അറിയിച്ചപ്പോള്‍, പ്രവാചകന്‍ ദൈവത്തോട് പറഞ്ഞ മറുപടിയാണ് 1 ശമുവേല്‍ 16:1 മുതലുള്ള വചനഭാഗത്ത് നമ്മള്‍ കാണുന്നത്. ശൌലിനു പകരം ദാവീദിനെ രാജാവായി അഭിഷേകം ചെയ്യാന്‍ താന്‍ പോകുന്നു എന്ന അറിവു കിട്ടിയാല്‍ ശൌല്‍ തന്നെ കൊല്ലും എന്നാണ് ശമുവേല്‍ പ്രവാചകന്‍ ദൈവത്തോട് പറയുന്നത്.
പ്രവാചകന്‍റെ ഈ ഭയം മനസ്സിലാക്കിയ ദൈവം ന്യായമായി അവനോട് പറയേണ്ടിയിരുന്നത് ഇപ്രകാരമായിരുന്നു, 'ഭയപ്പെടേണ്ട, ഞാന്‍ നിന്നോടു കൂടെയുണ്ട്, നീ ധൈര്യത്തോടെ പോയ്ക്കൊള്‍ക, സൈന്യങ്ങളുടെ യഹോവയായ ഞാന്‍, ശൌല്‍ നിനക്ക് പ്രാണഹാനി വരുത്താതെ നോക്കിക്കൊള്ളാം'
എന്നാല്‍ ഇതുപോലെ ഒരു ഉറപ്പ് കൊടുക്കാതെ, പകരം ശമുവേല്‍ പ്രവാചകന് ഒരു ബുദ്ധി / വഴി (Idea) പറഞ്ഞുകൊടുക്കുകയാണ് ദൈവം ചെയ്തത്. യിശ്ശായിയുടെ മക്കളില്‍ ഒരുവനെ രാജാവായി അഭിഷേകം ചെയ്യേണ്ടതിനായി നീ പുറപ്പെടുമ്പോള്‍ കൂടെ ഒരു പശുക്കിടാവിനെയും കൊണ്ടുപോകുക, ഞാന്‍ യഹോവക്ക് യാഗം കഴിക്കാന്‍ വന്നിരിക്കുന്നു എന്നു അവരോടു പറക. യിശ്ശായിയെയും ആ യാഗത്തിനു ക്ഷണിക്കുക, എന്നിട്ട് അവന്‍റെ മക്കളില്‍ നിന്ന് ദൈവം പറയുന്നവനെ രാജാവായി അഭിഷേകം ചെയ്ക.
ഇങ്ങനെ ചെയ്താല്‍ ശൌലിന് ഒരു സംശയം തോന്നുകയില്ല.
ദൈവം പറഞ്ഞതുപോലെതന്നെ പ്രവാചകന്‍ ചെയ്തു, ബേത്ത്ലഹേമില്‍ ചെന്ന് യിശ്ശായിയുടെ മകനായ ദാവീദിനെ രാജാവായി അഭിഷേകം ചെയ്തു.
എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ബുദ്ധി (വഴി) ദൈവം ശമുവേല്‍ പ്രവാചകന് പറഞ്ഞുകൊടുത്തത്? ദാവീദിനെ രാജാവായി അഭിഷേകം ചെയ്യിക്കാന്‍ ദൈവത്തിന് ശൌലിനെ ഭയക്കേണ്ട കാര്യമുണ്ടോ? അഥവാ ദാവീദിനെ അഭിഷേകം ചെയ്യാന്‍ പുറപ്പെടുന്ന ശമുവേല്‍ പ്രവാചകനെ കൊല്ലാന്‍ ശൌല്‍ തന്‍റെ സൈന്യമായി വന്നാല്‍പോലും ദൈവത്തിന് തടയാന്‍ കഴിയുമായിരുന്നില്ലേ?
ഇതിനു സമാനമായ മറ്റൊരു സംഭവം പുറപ്പാട് 3 ാം അദ്ധ്യായത്തിലും നമുക്കു കാണുവാന്‍ കഴിയും. വാക്യം 17 ല്‍ വായിക്കുന്നത്, ദൈവം യിസ്രായേല്‍ ജനത്തെ മിസ്രയീമില്‍ നിന്ന് വിടുവിച്ച് പാലും തേനും ഒഴുകുന്ന കനാന്‍ ദേശത്തേക്ക് കൊണ്ടുപോകുവാന്‍ നിശ്ചയിച്ചു എന്നാണ്. ദൈവം തന്‍റെ പദ്ധതി (നിശ്ചയം) മോശെയോടും യിസ്രായേല്‍ മൂപ്പډാരോടും അറിയിച്ചു എങ്കിലും അതു മിസ്രയേമ്യരോട് വെളിപ്പെടുത്താന്‍ ദൈവം ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് ദൈവം മോശെക്ക് ഒരു ബുദ്ധി / വഴി (Idea) പറഞ്ഞുകൊടുത്തു. (പുറപ്പാട് 3:18, 5:1)
"...നീയും യിസ്രായേൽ മൂപ്പന്മാരും മിസ്രയീംരാജാവിന്‍റെ അടുക്കൽ ചെന്നു അവനോടു: എബ്രായരുടെ ദൈവമായ യഹോവ ഞങ്ങൾക്കു വെളിപ്പെട്ടുവന്നിരിക്കുന്നു. ആകയാൽ ഞങ്ങൾ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ ചെന്നു ഞങ്ങളുടെ ദൈവമായ യഹോവെക്കു യാഗം കഴിക്കട്ടെ എന്നു പറവിൻ"
'ആകാശത്തെയും ഭൂമിയേയും സൃഷ്ടിച്ച സര്‍വ്വശക്തനായ ദൈവം ഇപ്രകാരം കല്‍പ്പിക്കുന്നു, എന്‍റെ ജനത്തെ ഞാന്‍ കനാന്‍ ദേശത്തേക്ക് കൊണ്ടുപോകേണ്ടതിന്നു അവരെ വിട്ടയക്ക'. എന്നു മോശെയെക്കൊണ്ട് ഫറവോന്നോട് പറയിക്കേണ്ടതിനു പകരം, എന്തുകൊണ്ടാണ് ദൈവം ഇതുപോലെ ഒരു ബുദ്ധി അവര്‍ക്ക് പറഞ്ഞുകൊടുത്തത്? ദൈവത്തിന് മിസ്രയേമ്യരെ ഭയമായിരുന്നോ? അതോ, തന്‍റെ ജനത്തെ മിസ്രയേമ്യരില്‍ നിന്ന് ബലമായി വിടുവിച്ചു കൊണ്ടുപോകുവാന്‍ ദൈവത്തിന് കഴിയില്ലായിരുന്നോ?
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നമ്മുടെ ബുദ്ധിയില്‍ ആലോചിച്ചാല്‍ മനസ്സിലാകുന്നതല്ല, നമ്മുടെ ബുദ്ധികൊണ്ട് അത് അളക്കാന്‍ ശ്രമിക്കയുമരുത്. അഗോചരമായ ദൈവത്തിന്‍റെ വഴികളെക്കുറിച്ച് യെശയ്യാവ് 55:8,9 വാക്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്,
"എന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്‍റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്‍റെ വഴികൾ നിങ്ങളുടെ വഴികളിലും എന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു"
നമ്മുടെ ജീവിതത്തിലെ ചില കാര്യങ്ങള്‍ സാധിപ്പിച്ചു തരുവാന്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തിന് കൃത്യമായ ചില വഴികളും രീതികളും ഉണ്ട്, അവ ഒരുപക്ഷേ നമ്മള്‍ പ്രതീക്ഷിക്കുന്നതുപോലെ ആയിരിക്കണമെന്നില്ല. എന്നാല്‍ അതിന്‍റെ സമാപ്തി ഏറ്റവും മഹത്തരമായിരിക്കും.
മുകളില്‍ സൂചിപ്പിച്ച രണ്ടു സംഭവങ്ങളിലും നമ്മള്‍ അതാണ് കാണുന്നത്. യിസ്രായേലിന്‍റെ രാജാവായി ശൌലിന്‍റെ സ്ഥാനത്ത് മറ്റൊരാളെ അഭിഷേകം ചെയ്താല്‍ തന്‍റെ ജീവന്‍ അപകടത്തിലാകുമെന്ന് ശമുവേല്‍ പ്രവാചകന്‍ ഭയപ്പെട്ടപ്പോള്‍, ദൈവം തന്‍റെ മാര്‍ഗ്ഗത്തിലൂടെ അത് ചെയ്തെടുത്തു അതിന്‍റെ സമാപ്തി ഏറ്റവും മഹത്തരമായിരുന്നു. അതിലൂടെ യിസ്രായേലിന് എക്കാലത്തെയും മികച്ച ഒരു ദാവീദ് രാജാവിനെ കിട്ടി.
ദൈവം പറഞ്ഞ രീതിയില്‍ മോശെ കാര്യങ്ങള്‍ ചെയ്തപ്പോള്‍, മിസ്രയീമിലെ അടിമകളായി യാതനയില്‍ ജീവിച്ച ജനത്തിന് മോചനം സാധ്യമായി, പാലും തേനുമൊഴുകുന്ന വാഗ്ദത്ത ദേശം അവര്‍ക്ക് അവകാശമായി ലഭിച്ചു.
ആകയാല്‍, നമ്മുടെ ജീവിതത്തിലെ വിഷയങ്ങള്‍ / പ്രശ്നങ്ങള്‍; കുടുംബ പ്രശ്നം, ജോലി പ്രശ്നം, സാമ്പത്തിക പ്രശ്നം, ആരോഗ്യ പ്രശ്നം.... എല്ലാം ദൈവത്തിന്‍റെ രീതിയില്‍ ചെയ്തെടുക്കുവാന്‍ ഇന്ന് പൂര്‍ണ്ണമായി സമര്‍പ്പിക്കാം, ഏറ്റവും മഹത്തരമായി അവിടുന്ന് അത് നിവര്‍ത്തിക്കും.
(വചനമാരി ഭോപ്പാല്‍ 7898211849)
നിങ്ങളുടെ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ അറിയിക്കുവാന്‍, വചനമാരി പ്രാര്‍ത്ഥനാ കെയര്‍ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob 9589741414