"*നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു*; ദൈവത്തില് വിശ്വസിപ്പിന്, എന്നിലും വിശ്വസിപ്പിന്" (യോഹന്നാന് 14:1)
നമ്മുടെ ജീവിതത്തില് ഏതെങ്കിലും പ്രതിസന്ധികള് വരുമ്പോള്, വളരെ ഹൃദയഭാരത്തോടിരിക്കുന്ന ഒരു സമയത്ത് ആരെങ്കിലും നമ്മുടെ അടുക്കല് വന്ന്, 'സാരമില്ല, വിഷമിക്കണ്ട, എല്ലാം ശരിയാകും' എന്നൊക്കെ പറയുമ്പോള് നമ്മുടെ ഹൃദയത്തിന് നല്ല ആശ്വാസം ലഭിക്കാറുണ്ടല്ലോ !
എന്നാല് ആശ്വസിപ്പിക്കാന് വരുന്നവരോട് ചില ആളുകള് ഇപ്രകാരം പറയുന്നതും കേള്ക്കാറുണ്ട്; 'നിങ്ങള്ക്ക് ഇങ്ങനെഒക്കെ പറയാന് എളുപ്പമാണ്, ഈ കഷ്ടത അനുഭവിക്കുന്ന ഞങ്ങള്ക്കാണ് ഇതിന്റെ വേദന മനസ്സിലാകുകയുള്ളൂ' ഇതു കേട്ടാല് ആശ്വസിപ്പിക്കാന് വരുന്നവര് അവരുടെ വഴിക്കുപോകും.
"നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തില് വിശ്വസിപ്പിന്, എന്നിലും വിശ്വസിപ്പിന്" എന്ന യേശുവിന്റെ ആശ്വാസ വാക്കുകള് കേട്ട് ഇന്ന് ആരെങ്കിലും കര്ത്താവിനോട് ഇതേ ചോദ്യം ചോദിച്ചാല്, അവിടുന്ന് ശാന്തമായി നമ്മോട് ഇപ്രകാരം ഒരു മറുപടി പറയും;
'കുഞ്ഞേ, യോഹന്നാന്റെ സുവിശേഷം 14 അദ്ധ്യായം ഒന്നാം വാക്യത്തില് ഈ വചനം ഞാന് പറയുന്നതിനുമുമ്പ്, ഇതേ സുവിശേഷം 11 ാം അദ്ധ്യായം 33 ാം വാക്യത്തില് എന്റെ ഉള്ളം നൊന്തു കലങ്ങിയ സമയത്ത് ഞാന് സ്വര്ഗ്ഗത്തിലെ പിതാവിനോട് പ്രാര്ത്ഥിച്ചപ്പോള് അവിടുന്ന് പ്രശ്നം പരിഹരിച്ച് എന്റെ ഹൃദയം ഉറപ്പിച്ച അനുഭവം എനിക്കുണ്ടായിട്ടുണ്ട്.
മാത്രമല്ല 12 ാം അദ്ധ്യായം 27 ാം വാക്യത്തില് എന്റെ ഉള്ളം കലങ്ങി ഞാന് പ്രാണവേദനയോടെ പിതാവിനെ വിളിച്ച് കരഞ്ഞപ്പോള് പിതാവ് സ്വര്ഗ്ഗത്തില് നിന്ന് എന്നെ മഹത്വപ്പെടുത്തുകയുണ്ടായിട്ടുണ്ട്.
ഇത്രയുമല്ല 13 ാം അദ്ധ്യായം 21 ാം വാക്യത്തില് ഞാന് സ്നേഹിച്ച എന്റെ ഒരു ശിഷ്യന് ശത്രുക്കള്ക്ക് എന്നെ ഒറ്റിക്കൊടുക്കുന്നതറിഞ്ഞപ്പോള് എന്റെ ഉള്ളം നൊന്തു കലങ്ങിയ സമയത്ത് സ്വര്ഗ്ഗത്തിലെ പിതാവ് ദൂതന്മാരെ അയച്ച് എന്നെ ആശ്വസിപ്പിച്ച അനുഭവവും ഉണ്ട്.
ഇതുപോലെ ജീവിതത്തില് ഹൃദയം കലങ്ങിയ അനുഭവങ്ങള് ഉണ്ടായപ്പോള് എനിക്ക് ആശ്വാസവും വിടുതലും നല്കിയ സ്വര്ഗ്ഗീയ പിതാവില് വിശ്വസിപ്പിന്'
യേശു കര്ത്താവിന്റെ ഈ വാക്കുകള് പോരെ, ഇന്നത്തെ നമ്മുടെ സങ്കടം മാറ്റുവാന്, നമ്മുടെ കണ്ണു നീര് തുടയ്ക്കുവാന് ? അവിടുന്ന് ദൈവമായിട്ടല്ല, ദാസരൂപമെടുത്ത് മനുഷ്യനായിട്ടാണ് ഭൂമിയില് ജീവിച്ചത്, പാപം ഒഴികെ സര്വ്വത്തിലും നമുക്കു തുല്ല്യമായി പരീക്ഷിക്കപ്പെട്ടു എന്നാണ് എബ്രായര് 4:15 വചനത്തില് എഴുതിയിരിക്കുന്നത്.
അതായത്, ഇന്ന് പല പ്രശ്നങ്ങളില്പെട്ട് നമ്മുടെ ഹൃദയം നൊന്തു കലങ്ങുന്നതുപോലെ, യേശുവിന്റെ ഹൃദയം നുറുങ്ങിയ അനുഭവങ്ങള് അവിടുത്തെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം അവിടുന്ന് പിതാവിനെ വിളിച്ച് കണ്ണുനീരോടെ അപേക്ഷിക്കുകയും വിടുതല് നേടുകയും ചെയ്തു.
എബ്രായര് 5:7,8
"ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു. പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി"
ആകയാല് യേശുവിന്റെ വാക്കുകള് നമുക്കു പൂര്ണ്ണമായും വിശ്വസിക്കാം അവിടുന്ന് വെറും വാക്ക് പറയുന്നതല്ല / ചുമ്മാ പറയുന്നതല്ല. ജീവിത അനുഭവത്തില് നിന്നാണ് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നത്; "നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തില് വിശ്വസിപ്പിന്, എന്നിലും വിശ്വസിപ്പിന്"
*ഇന്ന് നമ്മുടെ ഹൃദയത്തിന് വേദനയായിരിക്കുന്ന വിഷയം എന്തുമായിക്കൊള്ളട്ടെ, വിശ്വാസത്തോടെ പിതാവിന്റെ സന്നിധിയില് സമര്പ്പിക്കാം. സ്വര്ഗ്ഗത്തില് നിന്ന് ഒരു തീരുമാനം ഉണ്ടാകും നിശ്ചയം*
വിശ്വസിക്കുന്നവര്ക്ക് 'ആമേന്' പറയാം
പ്രാര്ത്ഥനയോടെ,
ക്രിസ്തുവില് നിങ്ങളുടെ സഹോദരന്
ഷൈജു ജോണ്
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തില് പ്രത്യാശനല്കുന്ന അനുദിന ധ്യാനചിന്തകള് വചനമാരിയില് നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാന് ഞങ്ങളുടെ വാട്സ് ഗ്രൂപ്പില് അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കില് മറ്റുള്ളവര്ക്കും അയച്ചുകൊടുക്കുക.
പ്രാര്ത്ഥനാ വിഷയങ്ങള് അറിയിക്കുവാന്, വചനമാരി പ്രാര്ത്ഥനാ കെയര് ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9589741414, 7000477047, 7898211849