"..നിൻ്റെ ദൈവം എൻ്റെ ദൈവം" രൂത്ത് 1:16
നമ്മുടെ വാക്കുകളിലും സംസാരങ്ങളിലും സാധാരണയായി ഉപയോഗിക്കാറുള്ള ചില പദങ്ങൾ, അതു കേൾക്കുന്നവരുടെ ഉള്ളിൽ ഉണ്ടാക്കുന്ന ചില പ്രത്യാഘാതങ്ങൾ അതിശയിപ്പിക്കുന്നതായിരിക്കും.
ഒരു
മകൻ തന്
റെ പിതാവിനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുമ്പോൾ 'ഇത് അപ്പനാണ്' എന്നു പറയുന്നതും '*ഇത് എൻ്റെ അപ്പനാണ്*' എന്നു പറയുന്നതും തമ്മിൽ കേൾവിക്കാര്
ക്ക് വലിയ വ്യത്യാസമൊന്നും തോന്നില്ലെങ്കിലും, ആ അപ്പൻ്റെ മനസ്സിൽ അതു ആഴത്തില്
ചലനങ്ങൾ സൃഷ്ടിക്കും. *എൻ്റെ* എന്ന വാക്കു ചേർക്കുമ്പോൾ ഉണ്ടാകുന്ന ദൃഢത ഒന്നു വേറെതന്നെയാണ്.
സ്വർഗ്ഗീയ പിതാവിൻ്റെ ഹൃദയത്തെപോലും സ്പർശിക്കാൻ ഈ വാക്കുകൾക്കു കഴിയും എന്നുള്ളതിന് നിരവധി ഉദാഹരണങ്ങൾ വിശുദ്ധ വേദപുസ്തകത്തിൽ നമുക്കു കാണുവാൻ കഴിയും. അതിൽ ഒരു ഉദാഹരണമാണ് മുകളിലെ കുറിവാക്യത്തില് നമ്മൾ വായിക്കുന്നത്. രൂത്ത് എന്ന മോവാബ്യ സ്ത്രീ യിസ്രായേലിൻ്റെ പരിശുദ്ധനെ *എൻ്റെ ദൈവം* എന്നു വിളിച്ചപ്പോൾ അവളുടെ ചരിത്രം മാറി. ആ ഒരു വിളി അവളുടെ കുടുംബത്തിൻ്റെ തലവരതന്നെ മാറ്റി. സത്യദൈവത്തെ 'എൻ്റെ ദൈവം' എന്നു വിളിച്ചുകൊണ്ട് ഒരു പുതിയ ജീവിതം ആരംഭിച്ച രൂത്തിൻ്റെ ജീവിതത്തിൽ പിന്നീട് സംഭവിച്ചത് അത്ഭുതങ്ങളാണ്. മത്തായി 1:5 വാക്യത്തിൽ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ വംശാവലി പട്ടികയിൽ വരെ പേരു ചാർത്തപ്പെടുവാൻ 'എൻ്റെ ദൈവം' എന്ന അവളുടെ വിളിക്കു കഴിഞ്ഞു എന്നുള്ളതാണ് വാസ്തവം.
ശപിക്കപ്പെട്ട ഒരു കുടുംബപാരമ്പര്യമായിരുന്നു രൂത്തിൻ്റെത് എന്ന് വേദപുസ്തകം പഠിക്കുമ്പോൾ നമുക്കു കാണുവാൻ കഴിയും. രണ്ടു സഹോദരിമാർ ചെയ്ത അവിവേകത്തിൻ്റെ ഫലമായി സ്വന്ത പിതാവില് നിന്ന് ഗര്ഭം ധരിച്ച്, മൂത്ത സഹോദരി പ്രസവിച്ച മകനായിരുന്നു രൂത്തിൻ്റെ പിതാമഹനായ മോവാബ് (ഉല്പ്പത്തി 19:37 "മൂത്തവൾ ഒരു മകനെ പ്രസവിച്ചു അവന്നു മോവാബ് എന്നു പേരിട്ടു; അവൻ ഇന്നുള്ള മോവാബ്യർക്കു പിതാവു")
ദൈവം വെറുത്ത അന്തസ്സില്ലാത്ത ഒരു തലമുറ, ദൈവജനവുമായി ശത്രുതയില് കഴിഞ്ഞിരുന്നവർ (സംഖ്യ 3:28), അന്യദൈവാരാധികളായ മോവാബ്യരെ ദൈവവചനത്തിൽ ഒരിടത്ത് വിളിച്ചിരിക്കുന്നത് 'മുടിഞ്ഞവരെ' എന്നാണ് (സംഖ്യ. 21:29 "മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിൻ്റെ ജനമേ, നീ മുടിഞ്ഞിരിക്കുന്നു. അവൻ തൻ്റെ പുത്രന്മാരെ പലായനത്തിന്നും പുത്രിമാരെ അമോർയ്യരാജാവായ സീഹോന്നു അടിമയായും കൊടുത്തു")
മാത്രമല്ല പത്തു തലമുറവരെ യഹോവയുടെ സഭയില് പ്രവേശിക്കരുത് എന്ന് ശാസിക്കപ്പെട്ടവരായിരുന്നു മോവാബ്യര്. ആവർ. 23:3 "ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു; അവരുടെ പത്താം തലമുറപോലും ഒരു നാളും യഹോവയുടെ സഭയിൽ പ്രവേശിക്കരുതു")
ഈ ചരിത്ര / കുടുംബ പശ്ചാത്തലമുള്ള രൂത്താണ് യിസ്രായേലിൻ്റെ ദൈവത്തെ *എൻ്റെ ദൈവം* എന്നു വിളിച്ചത്. ആ വിളി ദൈവത്തിനങ്ങ് ഇഷ്ടപ്പെട്ടു, അവളോട് പ്രസാദം തോന്നി, അവളിൽ കനിഞ്ഞു. അവളുടെ ശാപം മാറ്റി, അവളുടെ തലമുറയുടെ മുടക്കു മാറ്റി, അന്തസ്സും അഭിമാനവും നല്കി. ലോക പ്രശസ്തയാക്കി, യേശുക്രിസ്തുവിൻ്റെ വല്ല്യമ്മച്ചിയാക്കി.
ഒരു യോഗ്യതയുമില്ലാതിരുന്ന രൂത്തിന് അതു സാധിച്ചു എങ്കില്, ഈ സന്ദേശം വായിക്കുന്ന പ്രിയരേ, ഇനിയും എന്തിനു താമസിക്കുന്നു, സ്വർഗ്ഗത്തിലേക്ക് കണ്ണുകളും കരങ്ങളും ഉയര്ത്തി, നുറുങ്ങിയ ഹൃദയത്തോടെ കർത്താവിനെ, 'എൻ്റെ ദൈവമേ' എന്ന് വിളിച്ച് സ്വന്തമാക്കിക്കൂടെ?
(യോഹന്നാൻ 20:28 "..എൻ്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ..")
ആത്മാർത്ഥതയോടെയാണ് അതു വിളിക്കുന്നതെങ്കിൽ ദൈവം നമ്മില് പ്രസാദിക്കും. നമ്മുടെ ചരിത്രവം ഭൂമിശാസ്ത്രവും എന്തുമായാലും അതു ദൈവത്തിന് ഒരു പ്രശ്നമല്ല, യേശുവിനെ സ്വന്തമാക്കുന്ന നാൾ മുതല് നമ്മുടെ ചരിത്രവും തലവരയും മാറും, അവന് മാറ്റും.
*ചില ഉദാഹരണങ്ങൾ തിരുവചനത്തില് നിന്ന് ഞാൻ ഓർമ്മിപ്പിക്കാം;*
1) സ്വർഗ്ഗത്തിലെ ദൈവത്തെ *എൻ്റെ ദൈവം* എന്ന് വിളിച്ച ഒരു ജനതയെ ദൈവം അവരുടെ അടിമത്വത്തിൽ നിന്ന് വിടുവിച്ച്, അവരുടെ ശത്രുക്കളെ കടലില് മുക്കിക്കളഞ്ഞ്, അവരെ പാലും തേനും ഒഴുകുന്ന ദേശത്ത് എത്തിച്ചു. പുറപ്പാട് 15:2
"എൻ്റെ ബലവും എൻ്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായ്തീർന്നു. അവൻ *എൻ്റെ ദൈവം*; ഞാൻ അവനെ സ്തുതിക്കും; അവൻ എൻ്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും"
2) സ്വർഗ്ഗത്തിലെ ദൈവത്തെ *എൻ്റെ ദൈവം* എന്ന് വിളിച്ച് ആ ദൈവത്തോട് പറ്റിനിന്ന കാലേബ് എന്ന ഭക്തന് വാഗ്ദത്ത നിവർത്തി ലഭിച്ചു. (വാഗ്ദത്ത നാട്ടില് അവകാശം ലഭിച്ചു).
സ്വർഗ്ഗ നാട്ടിലെ നിത്യഭവനത്തിൽ അവകാശവും പ്രതിഫലവും ലഭിക്കേണ്ടതിന് 'എൻ്റെ ദൈവം' എന്നു വിളിച്ച് ദൈവത്തോട് പറ്റി നിന്നുകൊൾക. യോശുവ 14:8
"എന്നോടുകൂടെ പോന്നിരുന്ന സഹോദരന്മാർ ജനത്തിൻ്റെ ഹൃദയം ഉരുകുമാറാക്കി; ഞാനോ *എൻ്റെ ദൈവമായ* യഹോവയോടു പൂർണ്ണമായി പറ്റിനിന്നു"
3) സ്വർഗ്ഗത്തിലെ ദൈവത്തെ *എൻ്റെ ദൈവം* എന്ന് വിളിച്ച ദാവീദിനെ അവന്റെ ശത്രുക്കളുടെ കയ്യില്നിന്ന് വിടുവിച്ച് ശൗലിന്റെ കുന്തമുനയില് നിന്ന് രക്ഷിച്ചപ്പോൾ അവൻ ഇപ്രകാരം ദൈവത്തെ പാടിസ്തുതിച്ചു. 2 ശമുവേല് 22:30
"നിന്നാൽ ഞാൻ പടക്കൂട്ടത്തിൻ്റെ നേരെ പാഞ്ഞുചെല്ലും; *എൻ്റെ ദൈവത്താൽ* ഞാൻ മതിൽ ചാടിക്കടക്കും"
4) സ്വർഗ്ഗത്തിലെ ദൈവത്തെ *എൻ്റെ ദൈവം* എന്ന് വിളിച്ച മോശെയെ ദൈവം മാനിച്ചു, ലോക നേതാവാക്കി, ദൈവത്തിൻ്റെ പ്രതിപുരുഷനാക്കി, സീനായി പര്വ്വതത്തിൽ ദൈവത്തോടൊപ്പം 40 ദിവസങ്ങൾ വസിക്കാൻ അനുഗഹം ലഭിച്ചു, അവൻ യഹോവയെ അഭിമുഖമായി അറിഞ്ഞു,... സങ്കീർ. 91:2
"യഹോവയെക്കുറിച്ചു: അവൻ എൻ്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന *എൻ്റെ ദൈവവും* എന്നു പറയുന്നു"
5) സ്വർഗ്ഗത്തിലെ ദൈവത്തെ *എൻ്റെ ദൈവം* എന്ന് വിളിച്ച കോരഹ് പുത്രന്മാരെ ദൈവം കൈവിട്ടില്ല, മാതാപിതാക്കളും സ്വന്തക്കാരും പ്രിയപ്പെട്ടവരും നഷ്ടപ്പെട്ട അവരുടെ സങ്കടത്തിൻ്റെ നാളുകളിൽ ദൈവം അവരോടെ കൂടെ ഇരുന്നു. അവർ ദൈവത്തെ 'എൻ്റെ ദൈവം' എന്നുവിളിച്ച് ദൈവത്തിൻ്റെ പക്ഷത്ത് നിന്നില്ലായിരുന്നു എങ്കിൽ, അവർ ജീവനോടെ ഉണ്ടാകുമായിരുന്നില്ല. ആ നല്ല ബോധ്യം ഉണ്ടായിരുന്നതുകൊണ്ടാണ് അവർ യഹോവയായ കർത്താവിനെ 'എൻ്റെ ദൈവം' 'എൻ്റെ ദൈവം' എന്ന് ആവര്ത്തിച്ചാവർത്തിച്ച് വിളിക്കുന്നതായി നമ്മൾ തിരുവചനത്തിൽ വായിക്കുന്നത്. സങ്കീർ. 42: 5, 11, 43:5..
"..ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എൻ്റെ മുഖപ്രകാശകരക്ഷയും *എൻ്റെ ദൈവവുമാകുന്നു* എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും"
6) സ്വർഗ്ഗത്തിലെ ദൈവത്തെ *എൻ്റെ ദൈവം* എന്ന് വിളിച്ച ശലോമോനെ ആ ദൈവം മഹാജ്ഞാനിയും ബഹുസമ്പന്നനുമാക്കി. 1 രാജാ. 3:7
"*എൻ്റെ ദൈവമായ* യഹോവേ, നീ അടിയനെ ഇപ്പോൾ എന്റെ അപ്പനായ ദാവീദിന്നു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; കാര്യാദികൾ നടത്തുവാൻ എനിക്കു അറിവില്ല"
7) സ്വർഗ്ഗത്തിലെ ദൈവത്തെ *എൻ്റെ ദൈവം* എന്ന് വിളിച്ച ദാനിയേലിനെ സിംഹങ്ങളുടെ ഗുഹയില് സ്വസ്ഥമായി ഉറങ്ങുമാറാക്കിയ ദൈവം ഇന്നും ജീവിക്കുന്നു. ബലശാലികളായ സിംഹങ്ങൾ കുഞ്ഞാട്ടിൻ കുട്ടികളായ ആ രാത്രിയില്, പക്ഷേ രാജാവിന് തന്റെ അന്ത:പുരത്തിൽ കിടന്നുറങ്ങാൻ കഴിഞ്ഞില്ല. ദാനിയേല് 6:22
"സിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു *എൻ്റെ ദൈവം* തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു; അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ; രാജാവേ, തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല എന്നു ഉണർത്തിച്ചു"
സ്വർഗ്ഗത്തിലെ ദൈവത്തെ 'എൻ്റെ ദൈവം' എന്നു വിളിച്ച് സ്വന്തമാക്കുകയും, തൽഫലമായി ജീവിതത്തിൽ ധാരാളം അനുഗ്രഹങ്ങളും വിടുതലും പ്രാപിക്കയും ചെയ്തിട്ടുള്ള നിരവധി പേരുടെ ചരിത്രം വേദപുസ്തകത്താളുകളില് രേഖപ്പെടുത്തിയിട്ടുണ്ട്. *അവയിൽ നിന്ന് ചിലതുമാത്രം പരിശുദ്ധാത്മാവിൻ്റെ പ്രേരണയാൽ ഞാൻ ഇവിടെ ഓർമ്മിപ്പിച്ചതിനു കാരണം, ഈ സന്ദേശം വായിക്കുന്ന ചിലരോട് ദൈവാത്മാവിന് ചില ആലോചനകൾ അറിയിക്കുവാൻ ഉള്ളതുകൊണ്ടാണ്*.
അവരത് ഏറ്റെടുക്കുമെങ്കിൽ മൂന്നു അനുഗ്രഹങ്ങൾ അവർക്കുണ്ടാകും
*(1) അവരുടെ പ്രാർത്ഥന ദൈവം കേൾക്കും*. മീഖാ 7:7
"ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; *എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും*"
*(2) അവരുടെ ബുദ്ധിമുട്ടുകൾ എല്ലാം ദൈവം മാറ്റും*. ഫിലി. 4:19
"*എൻ്റെ ദൈവമോ* നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തൻ്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും"
*(3) അവർ ജീവനോടിരുന്ന് ദൈവത്തിന്റെ വിശ്വസ്തത വർണ്ണിക്കും*. ഹബക്കൂ. 1:12
"*എൻ്റെ ദൈവമായ* യഹോവേ, നീ പുരാതനമേ എൻ്റെ പരിശുദ്ധനല്ലയോ? ഞങ്ങൾ മരിക്കയില്ല;.."
*ഈ വിശുദ്ധ വചനങ്ങളാൽ ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ*,
പ്രാർത്ഥനയോടെ,
(ബ. ഷൈജു ജോൺ
വചനമാരി, ഭോപ്പാല് 7898211849
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനല്കുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പില് അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവര്ക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9424400654, 7898211849, 9589741414, 7000477047