*നമ്മുടെ കര്‍ത്താവിന് നമ്മെക്കുറിച്ച് ഒരു മുന്‍കരുതലുണ്ട് എന്നും അത് ഏറ്റവും നല്ലതും ഉത്തമവുമായിരിക്കും എന്നുമുള്ള പ്രത്യാശയാണ് ഈ തിരുവചനം നമുക്കു നല്‍കുന്നത്*. സ്തോത്രം! മാതാപിതാക്കള്‍ അവരുടെ മക്കള്‍ക്കുവേണ്ടി എത്രയോ മുന്‍കരുതലുള്ളവരാണ് എന്ന് ഈ ലോകത്തില്‍ നമ്മള്‍ കാണുന്നുണ്ട്. പ്രത്യേകിച്ചും പെണ്‍മക്കളുടെ ഭാവിക്കും അവരുടെ വിവാഹത്തിനും ഒക്കെ വേണ്ടി ചിലര്‍ അവര്‍ ജനിച്ചനാള്‍ മുതല്‍ മുന്‍കരുതാറുണ്ട്. വര്‍ഷങ്ങളുടെ മുന്‍കരുതലുകൊണ്ടാണ് ചിലര്‍ ഒരു വീട് പണിയുന്നത്. കുടുംബത്തിനുവേണ്ടിയും നല്ല ഭാവിക്കുവേണ്ടിയും തലമുറക്കുവേണ്ടിയും കേവലം മനുഷ്യര്‍ക്ക് ഇത്രമാത്രം മുന്‍കരുതലുകള്‍ ഉണ്ട് എങ്കില്‍, നമ്മുടെ സ്വര്‍ഗ്ഗീയ പിതാവിന്, അവിടുത്തെ പ്രിയ മക്കളായ നമ്മെക്കുറിച്ചും മുന്‍കരുതല്‍ ഇല്ലാതിരിക്കുമോ ? തീര്‍ച്ചയായും ഉണ്ട്. കാരണം, സ്വര്‍ഗ്ഗീയ പിതാവിന് നമ്മള്‍ എത്ര വിശേഷതയുള്ളവരാണ് എന്ന് നമ്മുടെ കര്‍ത്താവ് പല ആവര്‍ത്തി പറഞ്ഞിട്ടുണ്ട്;മത്തായി 6:26 / ലൂക്കൊസ് 12:24″ആകാശത്തിലെ പറവകളെ നോക്കുവിന്‍; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ കൂട്ടിവെക്കുന്നതുമില്ല; എങ്കിലും സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലര്‍ത്തുന്നു; അവയെക്കാള്‍ നിങ്ങള്‍ ഏറ്റവും വിശേഷതയുള്ളവരല്ലയോ?” മത്തായി 10:31 / ലൂക്കൊസ് 12:7″ആകയാല്‍ ഭയപ്പെടേണ്ട; ഏറിയ കുരികിലുകളെക്കാളും നിങ്ങള്‍ വിശേഷതയുള്ളവരല്ലയോ”
*ദൈവം തന്‍റെ മക്കള്‍ക്കുവേണ്ടി 2021 ല്‍ ഏറ്റവും നല്ലതൊന്നു മുന്‍ കരുതിയിട്ടുണ്ട്*. നമുക്കുവേണ്ടിയുള്ള ദൈവത്തിന്‍റെ ആ മുന്‍കരുതല്‍ എന്താണ് എന്ന് തിരുവചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്; ഗലാത്യര്‍ 3:8″ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുന്‍ കണ്ടിട്ടു: “നിന്നാല്‍ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു”ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍, സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് സ്വര്‍ഗ്ഗത്തിലെ ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്ത, “നിന്നില്‍ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്ന ഉടമ്പടി ദൈവതിരു ഹൃദയത്തില്‍ നമ്മെയും മുന്‍കൂട്ടി കണ്ടുകൊണ്ടായിരുന്നു. അഥവാ നമുക്കുവേണ്ടിയുള്ള ദൈവത്തിന്‍റെ മുന്‍കരുതലായിരുന്നു അത്. ഒന്നുകൂടി തെളിച്ചുപറഞ്ഞാല്‍, *2021 ലേക്ക് സ്വര്‍ഗ്ഗത്തിലെ ദൈവം നമുക്കുവേണ്ടി മുന്‍കരുതിയിരിക്കുന്നത് അബ്രാഹാമിന്‍റെ അനുഗ്രഹങ്ങളാണ്*. ഉല്‍പ്പത്തി 12:2,3 വാക്യങ്ങളില്‍ ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്ത ആ വാഗ്ദത്ത ഉടമ്പടികള്‍ എന്തെല്ലാമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.”ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്‍റെ പേര്‍ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കുംനിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും; നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും”
1) ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും (I will make you into a great nation)
2) ഞാന്‍ നിന്‍റെ പേര്‍ വലുതാക്കും; (I will make your name great)
3) ഞാന്‍ നിന്നെ ഒരു അനുഗ്രഹമാക്കും (I will make you a blessing)
ദൈവത്തില്‍ മാത്രം വിശ്വസിച്ച് ഇറങ്ങിത്തിരിച്ച അബ്രാമിനെ വിശ്വാസികളുടെ പിതാവായ അബ്രാഹാമാക്കി മാറ്റുകയും, ദൈവംതാന്‍ അബ്രാഹാമിന്‍റെ ദൈവം എന്ന് അഭിമാനത്തോടെ ആവര്‍ത്തിച്ച് പറയുവാന്‍ തയ്യാറാവുകയും ചെയ്തതുപോലെ,അന്നുവരെ *അപ്പനായ തേരഹിന്‍റെ പേരിലും വിലാസത്തിലും മാത്രം അറിയപ്പെട്ടിരുന്ന അബ്രാമിനെ ദൈവം ഒരു വലിയ ജാതിയാക്കിയതുപോലെ*,കല്‍ദയരുടെ പട്ടണമായ ഊരില്‍ പാര്‍ത്തിരുന്ന, സ്വന്തമായി ഒരുപിടിമണ്ണ് അവകാശപ്പെടാനില്ലാതിരുന്ന അബ്രാമിന്‍റെ സന്തതികളെ ലോകത്തിന്‍റെ നെറുകയില്‍ എത്തിക്കുമെന്ന ദൈവവാഗ്ദത്തം നിറവേറിയതുപോലെ, *അബ്രാം (ഉല്‍പ്പത്തി 12:1) എന്ന രണ്ടക്ഷരമുള്ള പേരില്‍ നിന്ന് ‘ദൈവത്തിന്‍റെ സ്നേഹിതന്‍’ (യാക്കോബ് 2:23) എന്ന ഭാഗ്യാവസ്ഥയില്‍ അബ്രാഹാമിനെ ദൈവം എത്തിച്ചതുപോലെ*,
വാഗ്ദത്തങ്ങളില്‍ വിശ്വസ്തനായ ദൈവം നമുക്കുവേണ്ടിയും 2021 ലേക്ക് ഏറ്റവും നല്ലതായവ മുന്‍കരുതിയിട്ടുണ്ട്. *ഏറ്റവും* എന്നുപറഞ്ഞാല്‍, ദൈവവചനപ്രകാരം;
1) *ഏറ്റവും വിശേഷതയുള്ള* (ലൂക്കൊസ് 12:24)
2) *ഏറ്റവും വലുതായ* (മത്തായി 13:32)
3) *ഏറ്റവും വിസ്മയിപ്പിക്കുന്ന* (മത്തായി 19:25,26)
4) *ഏറ്റവും ഉയര്‍ത്തുന്ന* (ഫിലി. 2:9)
5) *ഏറ്റവും വിലയേറിയ* (വെളിപ്പാട് 21:11)
6) *ഏറ്റവും കവിഞ്ഞൊഴുകുന്ന* (റോമര്‍ 5:15)
7) *ഏറ്റവും പെരുകുന്ന* (അപ്പൊ.പ്ര. 6:7)
(ഈ വാക്യങ്ങള്‍ ഓരോന്നും വായിച്ചുനോക്കുക) ഈ സന്ദേശം വായിക്കുന്ന പ്രിയപ്പെട്ടവരേ, ദൈവാത്മാവില്‍ ഞാന്‍ ആവര്‍ത്തിച്ചു പറയട്ടെ, അബ്രാഹാമിനോട് ഉടമ്പടി ചെയ്യുമ്പോള്‍ തിരുഹൃദയത്തില്‍ നമ്മെയും മുന്‍കൂട്ടി കണ്ട്, നമുക്കുവേണ്ടി മുന്‍കരുതിയിരിക്കുന്ന ഈ അനുഗ്രഹങ്ങള്‍ 2021 ല്‍ നമ്മുടെ ജീവിതത്തില്‍ നിറവേറാന്‍ പോകുകയാണ്. വിശ്വസിക്കുക, ദൈവത്തിന്‍റെ മഹത്വം നമ്മള്‍ ദര്‍ശിക്കും,
എന്നും നിങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട്,
ക്രിസ്തുവില്‍ സ്നേഹപൂര്‍വ്വം…
നിങ്ങളുടെ സഹോദരന്‍ ഷൈജു ജോണ്‍*
കുറിപ്പ്*: നിങ്ങളുടെ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഏതു സമയത്തും വചനമാരി പ്രാര്‍ത്ഥനാഗ്രൂപ്പിലേക്ക് വിളിച്ചു പറയുകയോ എഴുതി അറിയിക്കുകയോ ചെയ്യാവുന്നതാണ്: