ന്യായാധിപന്മാര്‍ 3:31 “അനാത്തിന്‍റെ മകനായ ശംഗര്‍ എഴുന്നേറ്റു; അവന്‍ ഒരു മുടിങ്കോല്‍കൊണ്ടു ഫെലിസ്ത്യരില്‍ അറുന്നൂറു പേരെ കൊന്നു; അവനും യിസ്രായേലിനെ രക്ഷിച്ചു.”
ഈ തിരുവചനം വായിക്കുന്ന പലരും അല്‍പ്പം അതിശയത്തോടുകൂടി കാണുന്ന ഒരു പേരാണ്, ‘*ശംഗര്‍*’; ഇതുപോലെ പേരുള്ള ഒരു വ്യക്തി ബൈബിളിലുണ്ടോ ? എന്ന് സംശയിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടത്; ശംഗര്‍ എന്ന പേര് വിശുദ്ധ ബൈബിളില്‍ രണ്ടുതവണ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രമല്ല, ഈ വ്യക്തിയെ ദൈവം യിസ്രായേലിന്‍റെ രക്ഷയ്ക്കായി എഴുന്നേല്‍പ്പിച്ചു എന്നും അറിഞ്ഞിരിക്കണം.’അനാത്തിന്‍റെ മകനായ ശംഗര്‍’ എന്നാണ് ഇദ്ദേഹത്തെ ദൈവാത്മാവ് തിരുവചനത്തില്‍ പരിചയപ്പെടുത്തുന്നതായി കാണുന്നത്. എന്നാല്‍ യോശുവ 19:38, ന്യായാധിപന്മാര്‍ 1:33 മുതലായ വചനഭാഗങ്ങള്‍ പരിശോധിക്കുമ്പോള്‍ അനാത്ത് ഒരു വ്യക്തിയല്ല, ഒരു ദേശത്തിന്‍റെ പേരാണ് എന്നും ആ ദേശത്ത് വസിക്കുന്ന നിവാസികളെയാണ് അനാത്തിന്‍റെ മക്കള്‍ എന്നു വിളിക്കുന്നത് എന്നും കാണുവാന്‍ കഴിയും.
വചനമാരി WhatsApp ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
*ഈ ദേശത്തിന്‍റെ ചരിത്ര പശ്ചാത്തലം ഇപ്രകാരമാണ്*; ദൈവജനമായ യിസ്രായേല്‍ മക്കള്‍ തങ്ങളുടെ വാഗ്ദത്ത ദേശമായ കനാനില്‍ പ്രവേശിക്കുകയും, ആ ദേശനിവാസികളെ ജയിച്ച് കനാന്‍ ദേശം അവരുടെ സ്വന്തമാക്കുകയും ചെയ്തു. തുടര്‍ന്ന് യഹോവയായ ദൈവം ആ ദേശം യിസ്രായേലിലെ ഓരോ ഗോത്രങ്ങള്‍ക്കുമായി പങ്കിട്ട് നല്‍കി. അങ്ങനെ പകുത്തു നല്‍കിയപ്പോള്‍, നഫ്താലി ഗോത്രത്തിനാണ് കനാനിലെ അനാത്ത് ദേശം അവകാശമായി ലഭിച്ചത്. എന്നാല്‍ പിന്നീട് ലേവ്യകുടുംബക്കാര്‍ യോശുവയുടെയും യിസ്രായേല്‍ ഗോത്രത്തലവന്മാരുടെയും അടുക്കല്‍ച്ചെന്ന് തങ്ങള്‍ക്കും കനാന്‍ദേശത്ത് പാര്‍പ്പാന്‍ പട്ടണങ്ങളും തങ്ങളുടെ കന്നുകാലികള്‍ക്ക് പുല്‍പ്പുറങ്ങളും തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, യിസ്രായേല്‍ മക്കള്‍ അവര്‍ക്കു ലഭിച്ച അവകാശങ്ങളില്‍ നിന്ന് ചില പട്ടണങ്ങളും പുല്‍പ്പുറങ്ങളും ലേവ്യര്‍ക്കും കൊടുത്തു. അങ്ങനെ അനാത്ത് പ്രദേശം നഫ്താലി ഗോത്രത്തില്‍നിന്ന് ലേവ്യര്‍ക്ക് പോയി എന്നാണ് ചരിത്രം. (യോശുവ 21:1 മുതല്‍ വായിക്കുക)
ഈ അനാത്തു ദേശത്തു നിന്നാണ് യിസ്രായേലിന്‍റെ രക്ഷയ്ക്കായി ദൈവം ഒരു ശംഗറിനെ എഴുന്നേല്‍പ്പിച്ചത്. ഈ വചനം ധ്യാനിക്കുമ്പോള്‍ ന്യായമായി നമുക്കുണ്ടാകാവുന്ന ഒരു സംശയം, അനാത്ത് ദേശം അവകാശമായി ലഭിച്ച നഫ്താലി ഗോത്രത്തിന്‍റെ പേര് ശംഗറിന്‍റെ പേരിനോടൊപ്പം പറയാതെ, നഫ്താലി ഗോത്രത്തില്‍ നിന്ന് പിന്നീട് അനാത്ത് ദേശം കൈവശമായി ലഭിച്ച ലേവ്യരുടെ പേര് ശംഗറിന്‍റെ പേരിനോടൊപ്പം പറയാതെ, ‘അനാത്തിന്‍റെ മകനായ ശംഗര്‍’ എന്ന് ദേശത്തിന്‍റെ പേരുമാത്രം ശംഗറിന്‍റെ പേരിനോടൊപ്പം എഴുതി ഈ വ്യക്തിയെ പരിശുദ്ധാത്മാവ് വേദപുസ്തകത്തില്‍ പരിചയപ്പെടുത്തിയിരിക്കുന്നതിന് കാരണമെന്താണ് ? അതായത്, *ശംഗര്‍ ഒരു കനാന്യനാണോ ? അതോ യിസ്രായേല്യനോ ?* വേദപണ്ഡിതരുടെ ഇടയില്‍ ഇതിനെ സംബന്ധിച്ച് പല അഭിപ്രായങ്ങളുണ്ട്. *
ചിലര്‍ പറയുന്നത്*, ശംഗര്‍ എന്ന പേര് ഒരു കനാന്യ ദേവന്‍റെ പേരുമായി സാമ്യമുള്ളതുകൊണ്ടും, കനാന്‍ദേശമായ അനാത്തിന്‍റെ മകന്‍ എന്നുമാത്രം എഴുതിയിരിക്കുന്നതുകൊണ്ടും ശംഗര്‍ ഒരു കനാന്യന്‍ ആകാമെന്നാണ്. *മറ്റൊരു കൂട്ടര്‍ പറയുന്നത്*, നഫ്താലി ഗോത്രത്തില്‍പ്പെട്ട ഒരു യിസ്രായേല്യന് കനാന്യ സ്ത്രീയില്‍ ഉണ്ടായ മകനാകാം ശംഗര്‍ എന്നാണ്. എന്നാല്‍ *വലിയൊരു കൂട്ടം ആളുകളും വിശ്വസിക്കുന്നത്*, ശംഗര്‍ ഒരു പൂര്‍ണ്ണ യിസ്രായേല്യന്‍ തന്നെയാണ് എന്നാണ്. കാരണം, യിസ്രായേലിനു രാജാക്കന്മാര്‍ ഇല്ലാതിരുന്ന ഒരുകാലത്ത് അവര്‍ക്ക് ന്യായപാലനം നടത്തുവാന്‍ ദൈവം എഴുന്നേല്‍പ്പിച്ച ന്യായാധിപന്മാരില്‍ ഒരുവനായിരുന്നല്ലോ ശംഗര്‍, ആ ന്യായാധിപന്‍ ഒരു കനാന്യനായിരുന്നെങ്കില്‍ മറ്റു യിസ്രായേല്‍ ഗോത്രങ്ങളൊന്നും അവനെ അംഗീകരിക്കുകയോ അനുസരിക്കുകയോ ചെയ്യുകയില്ലായിരുന്നു. മാത്രമല്ല, ശത്രുക്കളോട് യുദ്ധം ചെയ്ത് അവരുടെ കയ്യില്‍നിന്ന് ദൈവജനത്തെ രക്ഷിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം ഒരു ജാതീയനെ ദൈവം ഏല്‍പ്പിക്കുമെന്ന് വിശ്വസിക്ക വയ്യ.
എന്തായാലും തല്‍ക്കാലം ഇവിടെ നമുക്കിതൊരു തര്‍ക്ക വിഷയമാക്കണ്ട. നമ്മുടെ ന്യായമായ ചോദ്യം അഥവാ സംശയം ഇതാണ്; ശംഗര്‍ ഒരു യിസ്രായേല്യനായിരിക്കെ, അവന്‍റെ പേരിനൊപ്പം യിസ്രായേല്‍ ഗോത്രത്തിലൊന്നിന്‍റെ പേരുപറയാതെ കനാന്‍ പ്രദേശങ്ങളിലൊന്നായ അനാത്തിന്‍റെ പേരു പറയാനുണ്ടായ കാരണമെന്താണ് ?ഇതിനു സമമായ മറ്റൊരു ചോദ്യവും അതിന്‍റെ ഉത്തരവും നമ്മള്‍ പരിശോധിച്ചാല്‍ അതില്‍ നിന്നും ഈ ചോദ്യത്തിനുള്ള ഉത്തരവും നമുക്കു ലഭിയ്ക്കും.ആ ചോദ്യം ഇതാണ്; നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ജനനം ബേത്ത്ലേഹമില്‍ ആയിരുന്നിട്ടും, റോമന്‍ ഭരണകാലത്ത് ആയിരുന്നിട്ടും; വിശുദ്ധ വേദപുസ്തകത്തിലോ, ലോകചരിത്രത്തിലോ എങ്ങും യേശുനാഥന്‍റെ പേര്‍ ബേത്ത്ലേഹമ്യനായ യേശു എന്നോ റോമക്കാരനായ യേശു എന്നോ രേഖപ്പെടുത്താതെ, *നസറായനായ യേശു* എന്നു രേഖപ്പെടുത്തിയിരിക്കുന്നതിന്‍റെ കാരണമെന്താണ് ?
പഴയ നിയമത്തില്‍ ശംഗറിന്‍റെ പേരിനൊപ്പം ചേര്‍ത്തെഴുതിയിരിക്കുന്ന അനാത്തും, പുതിയ നിയമത്തില്‍ യേശുവിന്‍റെ പേരിനൊപ്പം എഴുതിയിരിക്കുന്ന നസറെത്തും തമ്മില്‍ ഒരു വലിയ സാമ്യം നമുക്കു കാണുവാന്‍ കഴിയും. ഈ രണ്ടു ദേശങ്ങളിലും ജനങ്ങള്‍ ഇടകലര്‍ന്നാണ് പാര്‍ത്തിരുന്നത്. ശംഗറിന്‍റെ അനാത്ത് ദേശത്ത് യിസ്രായേല്യരും കനാന്യരും ഇടകലര്‍ന്ന് പാര്‍ത്തപ്പോള്‍, യേശുവിന്‍റെ നസറെത്തില്‍ യെഹൂദന്മാരും ജാതികളും ഇടകലര്‍ന്ന് പാര്‍ത്തിരുന്നു. ഇത്ര വലിയ ഒരു സാമ്യം അവിചാരിതമായി ഉണ്ടായതാണ് എന്നു കരുതരുത്, ഇത് ദൈവപദ്ധതിയുടെ ഭാഗമായിരുന്നു എന്ന് തിരുവചനം വെളിപ്പെടുത്തിയിരിക്കുന്നു.
മത്തായി 2:23″അവന്‍ നസറായന്‍ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാര്‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാന്‍ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തില്‍ ചെന്നു പാര്‍ത്തു” (യോഹന്നാന്‍ 1:46 “..നസറെത്തില്‍ നിന്നു വല്ല നന്മയും വരുമോ..”) വചനപ്രകാരം, ആരും ഒരു നന്മയും പ്രതീക്ഷിക്കാതിരുന്ന നസറത്തിനെ യേശു നാഥന്‍ തന്‍റെ പേരിനോട് ചേര്‍ത്തുവെച്ച് ഉയര്‍ത്തി, ക്രൂശോളം ഉയര്‍ത്തി (യോഹന്നാന്‍ 19:19 “പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശില്‍ പതിപ്പിച്ചു; അതില്‍: നസറായനായ യേശു യെഹൂദന്മാരുടെ രാജാവു എന്നു എഴുതിയിരുന്നു”)
കനാന്‍നാട്ടില്‍ നഫ്താലി ഗോത്രത്തിന് അവകാശമായി ലഭിച്ച അനാത്ത് പ്രദേശത്തിന്‍റെ അവസ്ഥ എന്തായിരുന്നു എന്ന് ന്യായാധിപന്മാര്‍ 1:33 ല്‍ വായിക്കുന്നുണ്ട്;”നഫ്താലി ബേത്ത്–ശേമെശിലും ബേത്ത്–അനാത്തിലും പാര്‍ത്തിരുന്നവരെ നീക്കിക്കളയാതെ ദേശനിവാസികളായ കനാന്യരുടെ ഇടയില്‍ പാര്‍ത്തു; എന്നാല്‍ ബേത്ത്–ശേമെശിലെയും ബേത്ത്–അനാത്തിലെയും നിവാസികള്‍ അവര്‍ക്കും ഊഴിയവേലക്കാരായിത്തിര്‍ന്നു” ഊഴിയവേല അഥവാ അടിമകളായി കിടന്ന ഒരു ദേശനിവാസികളെക്കുറിച്ച് ദൈവത്തിന് ഒരു രക്ഷാപദ്ധതി ഉണ്ടായിരുന്നു എന്ന മര്‍മ്മമാണ്, ‘അനാത്തിന്‍റെ മകനായ ശംഗര്‍’ എന്ന് തിരുവചനത്തില്‍ രേഖപ്പെടുത്തിക്കൊണ്ട് ദൈവാത്മാവ് ലോകത്തിന് വെളിപ്പെടുത്തിയത്.
മുകളില്‍ കുറിച്ചിരിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരവും ഇതുതന്നെയാണ്. അടിമകളായി ഊഴിയവേല ചെയ്തുകൊണ്ട് കിടന്നിരുന്ന ഒരു സമൂഹം, ദൈവജനമായ യിസ്രായേല്യരുമായി ഒരു ബന്ധവും ഇല്ലാതിരുന്നവര്‍, പ്രതീക്ഷകള്‍ അസ്തമിച്ച് ജീവിതം വഴിമുട്ടിയവര്‍, സ്വന്തമായി ഉണ്ടായിരുന്നവ എല്ലാം നഷ്ടപ്പെട്ടവര്‍, ആരും രക്ഷിക്കാനില്ലാത്തവര്‍…അനാത്ത് ദേശത്തിന്‍റെ അവസ്ഥ ഇതായിരുന്നു. ഈ ജനത്തിന്‍റെ രക്ഷാപദ്ധതി തിരുഹൃദയത്തില്‍ കുറിച്ചുകൊണ്ടായിരുന്നു സ്വര്‍ഗ്ഗത്തിലെ ദൈവം ശംഗറിനെ, ‘അനാത്തിന്‍റെ മകനായ ശംഗര്‍’ എന്നു വിളിച്ചത്.
ദൈവവചനത്തിലെ ഈ മര്‍മ്മം തിരിച്ചറിയണമെങ്കില്‍ പുതിയ നിയമത്തിലെ ഒരു വചനഭാഗംകൂടി നമ്മള്‍ ഇതിനോട് ചേര്‍ത്ത് വായിക്കണം, മത്തായി 4:14..16″“സെബൂലൂന്‍ ദേശവും നഫ്താലിദേശവും കടല്‍ക്കരയിലും യോര്‍ദ്ദാന്നക്കരെയുമുള്ള നാടും ജാതികളുടെ ഗലീലയും.ഇങ്ങനെ ഇരുട്ടില്‍ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്‍റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവര്‍ക്കും പ്രകാശം ഉദിച്ചു” എന്നു യെശയ്യാപ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന്‍ ഇടവന്നു” നഫ്താലി ദേശത്തെക്കുറിച്ചുള്ള പ്രവചന നിവര്‍ത്തി, അഥവാ യേശുക്രിസ്തുവില്‍ക്കൂടി ജാതികളായ നമുക്കുവേണ്ടി സ്വര്‍ഗ്ഗത്തിലെ ദൈവം ഒരുക്കിയ നിത്യരക്ഷാപദ്ധതിയാണ് ഇവിടെ കാണുന്നത്.
ഒരിക്കല്‍ പാപത്തിന് അടിമകളായികിടന്ന, യിസ്രായേല്യരുമായി ഒരു സംബന്ധവുമില്ലാതിരുന്ന നമ്മെഓരോരുത്തരെയും ദൈവം തന്‍റെ മഹാകരുണയാല്‍ വാഗ്ദത്തപ്രകാരം ആത്മീയയിസ്രായേല്യരായി മാറ്റിയ ദൈവസ്നേഹത്തെ ഓര്‍ത്തും, ദൈവീക പ്ലാനും പദ്ധതികളുമോര്‍ത്ത് നന്ദിയോടെ നാഥനെ സ്തുതിക്കാം !
സങ്കീര്‍ത്തനങ്ങള്‍ 139:14″..നിന്‍റെ പ്രവൃത്തികള്‍ അത്ഭുതകരമാകുന്നു..”
ഈ വചനങ്ങളാല്‍ ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ,
ക്രിസ്തുവില്‍ സ്നേഹപൂര്‍വ്വം…
ദൈവദാസന്‍ ഷൈജു ജോണ്‍ (വചനമാരി ഭോപ്പാല്‍,Mb:7898211849,9424400654)*
കുറിപ്പ്:*പ്രാര്‍ത്ഥനാ വിഷയങ്ങള്‍ അറിയിക്കേണ്ടതിനായി വചനമാരി പ്രയര്‍ ഗ്രൂപ്പിലേക്ക് വിളിക്കാവുന്നതാണ്. Mb:09589741414, Ph:07554297672 (തിങ്കള്‍ മുതല്‍ വെള്ളിവരെ, രാവിലെ 10മുതല്‍ വൈകിട്ട് 6വരെ)