“ഞാൻ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു”
റോമർ 9:13, മലാഖി 1:2,3
അബ്രാഹാമിൻ്റെ മകനായ യിസ്ഹാക്കിന് ജനിച്ച രണ്ടു മക്കളാണ് ഏശാവും യാക്കോബും. ഇവരിൽ യാക്കോബിനെ ദൈവം സ്നേഹിക്കയും ഏശാവിനെ വെറുക്കുകയും (hated) ചെയ്തു. എന്തുകൊണ്ടാണ് ദൈവം ഏശാവിനെ വെറുക്കുന്നത് എന്ന ചോദ്യം ചോദിച്ചുകൊണ്ട്, ദൈവനീതിക്കു നേരെ വിരൽ ചൂണ്ടുന്ന അനേക അഭക്തർ ലോകത്തിലുണ്ട്. എന്നാൽ നമ്മുടെ ദൈവം അനീതി ചെയ്യുന്ന ദൈവമല്ല എന്നും അവിടുത്തേക്ക് തെറ്റുപറ്റുകയില്ല എന്നതിൻ്റെയും ഉത്തമ തെളിവായാണ് (ഉദാഹരണമായാണ്) ഒരു ദൈവപൈതൽ ഈ വചനത്തെ കാണുന്നത്.
ദാവീദ് തൻ്റെ ദൈവമായ യഹോവയെക്കുറിച്ച് 139 ാം സങ്കീര്‍ത്തനത്തിൽ പാടുന്ന കീര്‍ത്തനം എത്ര വാസ്തവമാണ്, ദൈവം നമ്മെ ശോധന ചെയ്ത് അറിഞ്ഞിരിക്കുന്നു. ദൂരത്തു നിന്ന് നമ്മുടെ നിരൂപണങ്ങള്‍ അവിടുന്ന് ഗ്രഹിക്കുന്നു. നമ്മുടെ നടപ്പും കിടപ്പും വഴികളൊക്കെയും അവിടുന്ന് മനസ്സിലാക്കുന്നു. ശരിയാണ്, ദൈവം മാത്രമാണ് മനുഷ്യനെ മുഴുവനായും അറിയുന്നത്. ആകയാൽ അവിടുത്തെ നിലപാടുകള്‍ ഉറച്ചതുമായിരിക്കും ആ തീരുമാനങ്ങള്‍ തെറ്റുകയുമില്ല. ഏശാവിനെ ദൈവം വെറുത്തതിനും തക്ക കാരണങ്ങള്‍ ഉണ്ടായിരുന്നു.
ഏശാവ് ഒരു സാധുവായ മനുഷ്യനല്ലായിരുന്നോ, അദ്ദേഹത്തെ ചുവന്ന പായസം നല്‍കി പ്രലോഭിപ്പിച്ചിട്ടല്ലേ ജ്യേഷ്ഠാവകാശം തട്ടിയെടുത്തത്, അപ്പന്‍റെ അനുഗ്രഹം കവര്‍ന്നെടുത്തത്,... ഉല്‍പ്പത്തി 25:25 മുതലുള്ള വചനഭാഗങ്ങള്‍ വായിക്കുമ്പോള്‍ ഇതുപോലുള്ള പല സംശയങ്ങള്‍ ഒറ്റ നോട്ടത്തില്‍ നമുക്കു തോന്നാമെങ്കിലും, ആത്മീയമായി ഈ കാര്യങ്ങള്‍ പരിശോധിച്ചാല്‍ ദൈവം ഏശാവിനെ വെറുത്തതിന് തക്ക കാരണങ്ങള്‍ ഉണ്ട് എന്ന് നമുക്കു ബോധ്യമാകും. ലോകത്തിന്‍റെ ദൃഷ്ടിയിലൂടെ ആത്മീയ വിഷയങ്ങള്‍ കാണുവാന്‍ ശ്രമിച്ചാല്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ആയിരിക്കും ഫലം. എന്നാല്‍ ഒരു ദൈവപൈതലിന് അവന്‍റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം പരിശുദ്ധാത്മാവ് തിരുവചനത്തില്‍ വെളിപ്പെടുത്തും.
*ദൈവം ഏശാവിനെ വെറുക്കുവാനുള്ള നിരവധി കാരണങ്ങളുണ്ട് അവയില്‍ നിന്ന് പ്രധാനപ്പെട്ട 10 കാരണങ്ങള്‍ വേദപുസ്തകത്തില്‍ നിന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കാം*;
*1)* ദൈവത്തിന്‍റെ പ്രമാണങ്ങളെ ധിക്കരിച്ച് തന്നിഷ്ടപ്രകാരം (താന്തോന്നിയായി) ജീവിച്ചവനായിരുന്നു ഏശാവ്.
ഉല്‍പ്പത്തി 26:34,35, (36:2), ഉല്‍പ്പത്തി 28:1,2 മുതലായ വചന ഭാഗങ്ങള്‍ വായിക്കുമ്പോള്‍ ഏശാവിന്‍റെ വ്യക്തി ജീവിതത്തില്‍ ഉണ്ടായിരുന്ന ഒരു വലിയ കുറവ് നമുക്കു കാണുവാന്‍ കഴിയും. ഉല്‍പ്പത്തി പുസ്തകം 26 ാം അദ്ധ്യായങ്ങള്‍ വായിക്കുമ്പോള്‍ ഏശാവിന്‍റെ പിതാവായ യിസ്ഹാക്കിനെ ദൈവം അത്ഭുതകരമായി വഴി നടത്തിയ വിധങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ദൈവം യിസ്ഹാക്കിന് പ്രത്യക്ഷനായി തന്‍റെ ആലോചനകള്‍ അറിയിക്കുകയും, യിസ്ഹാക്കിന്‍റെ വിതയും കൊയ്ത്തും അനുഗ്രഹിച്ച് അവന് നൂറുമേനി വിളവു നല്‍കുകയും, അവന്‍ വര്‍ദ്ധിച്ച് വര്‍ദ്ധിച്ച് ദേശത്ത് മഹാധനവാനായി തീര്‍ന്നു എന്നും ഈ അദ്ധ്യായത്തില്‍ എഴുതിയിട്ടുണ്ട്. ഇപ്രകാരം അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും ദൈവമായ യഹോവയെക്കുറിച്ചും അവിടുത്തെ പ്രമാണങ്ങളെക്കുറിച്ചും പൂര്‍ണ്ണ ബോധ്യമുള്ളവനായി വളര്‍ന്നുവന്നവനായിരുന്നു ഏശാവ്. എന്നിട്ടും, ദൈവത്തിന്‍റെ ആ പ്രമാണങ്ങളെ വിട്ട് ദേശത്തെ കനാന്യകന്യകമാരെ അവന്‍ ഭാര്യമാരായി എടുത്തു.
*തന്‍റെ പിതാവായ യിസ്ഹാക്കിന്‍റെ ജീവിതത്തില്‍ ഉണ്ടായ പരീക്ഷകളും അനുഭവങ്ങളും കണ്ടും കേട്ടും വളര്‍ന്നുവന്ന ഏശാവിന് തന്‍റെ മാതാപിതാക്കളുടെ വിവാഹം നടന്നത് എപ്രകാരമായിരുന്നു എന്നും നിശ്ചയമുണ്ടായിരുന്നിരിക്കണം; അബ്രാഹാം തന്‍റെ മകനുവേണ്ടി കനാന്യകന്യകമാരില്‍ നിന്ന് ഭാര്യയെ എടുക്കാതെ തന്‍റെ ദേശത്തും ചാര്‍ച്ചക്കാരില്‍ നിന്നും ഒരു കന്യകയെ എടുത്തു, ആ അമ്മയുടെ (റിബേക്കയുടെ) മകനായി ജനിച്ച ഏശാവിനോട്, കനാന്യകന്യകമാരെ വിവാഹം കഴിക്കരുത് എന്ന് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ലായിരുന്നു*.
(ഉല്‍പ്പത്തി 24:3 "ചുറ്റും പാർക്കുന്ന കനാന്യരുടെ കന്യകമാരിൽനിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ, എന്റെ ദേശത്തും എന്റെ ചാർച്ചക്കാരുടെ അടുക്കലും ചെന്നു എന്റെ മകനായ യിസ്ഹാക്കിന്നു ഭാര്യയെ എടുക്കുമെന്നു സ്വർഗ്ഗത്തിന്നും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തിൽ ഞാൻ നിന്നെക്കൊണ്ടു സത്യം ചെയ്യിക്കും")
തന്‍റെ കുടുംബ പാരമ്പര്യവും, ദൈവത്തിന്‍റെ പ്രമാണങ്ങളും ഒക്കെ നന്നായി അറിഞ്ഞിരിക്കെ, അവ നിസ്സാരമായിക്കണ്ട് കനാന്യകന്യകമാരെ ഭാര്യമാരായി എടുത്ത ഏശാവിന്‍റെ പ്രവര്‍ത്തി ദൈവകോപത്തിന് കാരണമായിത്തീര്‍ന്നു. മാത്രമല്ല ആ കനാന്യ സ്ത്രീകള്‍ യിസ്ഹാക്കിന്‍റെ ഭവനത്തിലെ സ്വസ്ഥത കെടുത്തി കളഞ്ഞു എന്നും ഏശാവിന്‍റെ മാതാപിതാക്കള്‍ക്ക് അവര്‍ വ്യസനകാരണമായിത്തീര്‍ന്നു എന്ന് ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (ഉല്‍പ്പത്തി 26:35)
ഏശാവ് എടുത്ത തെറ്റായ ഒരു തീരുമാനത്തിന്‍റെ പ്രത്യാഘാതം മറ്റുള്ളവര്‍ക്കും അനുഭവിക്കേണ്ടതായി വന്നു എന്നു സാരം. ഗെരാര്‍ ദേശത്ത് മാന്യമായി ജീവിച്ചിരുന്ന ഒരു കുടുംബമായിരുന്നു യിസ്ഹാക്കിന്‍റെ കുടുംബമെന്ന് ആ ദേശക്കാര്‍തന്നെ അവരെക്കുറിച്ച് സാക്ഷ്യം പറഞ്ഞിരുന്നതായി (ഉല്‍പ്പത്തി 26:28) വചനഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഏശാവിന്‍റെ ഭാര്യമാരുടെ വരവ് ഇല്ലാതാക്കിയത് ആ കുടുംബത്തിന്‍റെ യശസ്സും മനസമാധാനവുമാണ്.
*ചെയ്യുന്നത് തെറ്റാണ് എന്നും ദൈവത്തിന്‍റെ പ്രമാണങ്ങള്‍ക്ക് എതിരാണ് എന്നും നല്ല ബോധ്യമുണ്ടായിരുന്നിട്ടും ദൈവത്തെ ധിക്കരിച്ചുകൊണ്ട് ജാതീയ സ്ത്രീകളെ (അന്യ ദൈവാരാധികളെ) തന്നിഷ്ടപ്രകാരം ഭാര്യമായി എടുത്ത ആ ഏശാവിനെയാണ് ദൈവം വെറുത്തു എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്*. മലാഖി 1:2,3.
ഇതുപോലുള്ള തന്നിഷ്ടക്കാരായ ചില ഏശാവുമാര്‍ ഇന്നു ദൈവഭവനങ്ങളിലുമുണ്ട്, അവരെയും ദൈവത്തിന് വെറുപ്പാണ് എന്ന മുന്നറിയിപ്പു തരുന്നതിനായിട്ടാണ് പുതിയനിയമത്തിലും, "ഏശാവിനെ ദൈവം ദ്വേഷിച്ചിരിക്കുന്നു" എന്ന് പ്രത്യേകം എടുത്ത് എഴുതിയിരിക്കുന്നത്, റോമര്‍ 9:13.
2 കൊരി. 6:14 ല്‍ ദൈവാത്മാവ് വ്യക്തമായി ഈ കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്, സത്യ ദൈവ വിശ്വാസികളും അവിശ്വാസികളും തമ്മില്‍ ഇണയില്ലാപ്പിണ കൂടരുത്. അങ്ങനെ ഉണ്ടായാല്‍ അതിന്‍റെ ഭവിഷ്യത്ത് മറ്റുള്ളവരും അനുഭവിക്കേണ്ടി വരും, ജാതികളുടെ ഇടയില്‍ ദൈവനാമം ദുഷിക്കപ്പെടും, ദേശത്ത് സാക്ഷ്യത്തോടെ ജീവിക്കുന്ന കുടുംബത്തിന്‍റെ സല്‍പ്പേര് ഇല്ലാതാകും...
ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കേ, ദൈവകല്‍പ്പനകളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിട്ടും ഏശാവിനെപ്പോലെ തന്നിഷ്ടപ്രകാരം ജീവിക്കുന്ന സഹോദരി / സഹോദരന്മാരെ ദൈവം ദ്വേഷിക്കുന്നു, (Hates / വെറുക്കുന്നു). ആകയാല്‍ ഏശാവുമാരാകാതെ നമ്മെതന്നെ സൂക്ഷിക്കുക, ദൈവവചനത്തിന് കീഴ്പ്പെട്ടിരിക്ക, ദൈവഭവനത്തെക്കുറിച്ച് എരിവുള്ളവരായിരിക്ക, നമ്മള്‍ (യാക്കോബാണ്) അഥവാ വാഗ്ദത്തസന്തതികളാണ് അതിന്‍റെ അഭിമാനത്തില്‍ ജീവിക്കുവാന്‍ ദൈവസന്നിധിയില്‍ സമര്‍പ്പിക്കാം
ഈ വചനത്താല്‍ ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ,
ക്രിസ്തുവില്‍ സ്നേഹപൂര്‍വ്വം...
(ഈ സന്ദേശത്തിന്‍റെ അടുത്ത ഭാഗങ്ങള്‍, ദൈവം ഏശാവിനെ വെറുക്കുവാനുണ്ടായ കാരണങ്ങള്‍ അടുത്ത ദിവസങ്ങളില്‍ അയക്കുന്നതായിരിക്കും)
നിങ്ങളുടെ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ അറിയിക്കുവാന്‍, വചനമാരി പ്രാര്‍ത്ഥനാ കെയര്‍ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob 9589741414, 7898211849