അഗ്നിജ്വാലയില്‍ ദഹിച്ചവരും, അതില്‍ നടന്നവരും

January-2021

ഈ രണ്ടു തിരുവചനഭാഗങ്ങള്‍ നമ്മള്‍ പരിശോധിക്കുമ്പോള്‍, യിസ്രായേല്‍ ജനത്തിലെ യൗവ്വനക്കാരായ 5 പേരുടെ ജീവിതത്തില്‍ നേരിട്ട അഗ്നി പരീക്ഷയും അതിന്‍റെ പരിണിത ഫലങ്ങളുമാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത് എന്നു കാണുവാന്‍ കഴിയും.


വേല്യപുസ്തകം 10:1,2 / ദാനിയേല്‍ 3:23,25
ഈ രണ്ടു തിരുവചനഭാഗങ്ങള്‍ നമ്മള്‍ പരിശോധിക്കുമ്പോള്‍, യിസ്രായേല്‍ ജനത്തിലെ യൗവ്വനക്കാരായ 5 പേരുടെ ജീവിതത്തില്‍ നേരിട്ട അഗ്നി പരീക്ഷയും അതിന്‍റെ പരിണിത ഫലങ്ങളുമാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത് എന്നു കാണുവാന്‍ കഴിയും. ഇവരുടെ പേരുകള്‍ യഥാ ക്രമം; നാദാബ്, അബിഹൂ, ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നിങ്ങനെയാണ്. ഇവരില്‍ ആദ്യത്തെ രണ്ടുപേര്‍ മഹാ പുരോഹിതനായ അഹരോന്‍റെ മക്കളും, മറ്റു മൂന്നുപേര്‍ ബാബേല്‍ രാജാവായ നെബുഖദ്നേസറിന്‍റെ കൊട്ടാരത്തില്‍ അടിമകളായി ജീവിച്ച യെഹൂദ ബാലന്മാരുമായിരുന്നു.

ഈ അഞ്ചുപേരുടെയും ജീവിതത്തില്‍ തീയ്യുടെ അനുഭവം ഉണ്ടായപ്പോള്‍ ഇവരില്‍ മഹാപുരോഹിതന്‍റെ മക്കള്‍ മാത്രം ആ തീയ്യില്‍ ദഹിച്ചുപോകയും, അടിമകളായ യെഹൂദ ബാലന്മാര്‍ ഒരു ദോഷവും തട്ടാതെ, തീയ്യില്‍ വെന്തുപോകാതെ രക്ഷപ്പെടുകയും ചെയ്തു. *ഒരു കൂട്ടരെ അഗ്നി വിഴുങ്ങിയപ്പോള്‍ മറ്റൊരു കൂട്ടര്‍ തീയുടെ മണംപോലും തട്ടാതെ രക്ഷപ്പെട്ടതിന്നു കാരണമെന്താണ് ?*


ഈ ചോദ്യത്തിനുള്ള ഉത്തരം തിരുവചനത്തില്‍ വ്യക്തമാണ്; നാദാബും അബിഹൂവും മഹാപുരോഹിതന്‍റെ മക്കളായിരുന്നിട്ടും, അന്യദൈവത്തെ ആരാധിക്കുകയോ, വിഗ്രഹത്തെ വണങ്ങുകയോ ചെയ്യരുത് എന്നുള്ള ദൈവകല്‍പ്പനയുടെ അടിസ്ഥാന പ്രമാണംപോലും അനുസരിക്കാത്തവരായിരുന്നു. എന്നാല്‍ സര്‍വ്വശക്തനായ ദൈവത്തെ മാത്രമേ തങ്ങള്‍ ആരാധിക്കുകയും വണങ്ങുകയും ചെയ്യുകയുള്ളൂ എന്ന് ബാബേല്‍ രാജകൊട്ടാരത്തില്‍ അടിമകളായി ജീവിക്കുമ്പോഴും ഉറച്ച തീരുമാനം എടുത്തവരായിരുന്നു ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്ന ബാലന്മാര്‍.

*ദൈവത്തെ നിന്ദിക്കുന്നവര്‍ ആരായാലും അവര്‍ മഹാപുരോഹിതന്‍റെ മക്കളായാല്‍പോലും ഒരു ദയയുമില്ലാതെ ദൈവകോപത്തിന്‍റെ തീച്ചൂളയില്‍ വെന്തുപോകുമെന്നും, സത്യ ദൈവത്തെ മാത്രമേ ഞങ്ങള്‍ ആരാധിക്കുകയുള്ളൂ എന്ന് ദൃഢ തീരുമാനമെടുക്കുന്നവര്‍ അടിമവീട്ടില്‍ കിടന്നാലും സ്വര്‍ഗ്ഗത്തിലെ ദൈവം അവരെ മാനിക്കുമെന്നും അവരുടെ തീച്ചൂളയില്‍ അവരുടെ കരംപിടിച്ച് കൂടെ നടക്കുമെന്നും ഉള്ള ശക്തമായ സന്ദേശമാണ് (പാഠമാണ്) ഈ അഞ്ചു യൗവ്വനക്കാരുടെ ജീവിതം നമുക്ക് നല്‍കുന്നത്.*
നമ്മള്‍ ആരാണ് എന്നോ എവിടെയാണ് എന്നോ, നമ്മുടെ ജീവിത സാഹചര്യം എന്താണ് എന്നോ പാരമ്പര്യം എങ്ങനെയാണ് എന്നോ, ദൈവത്തിന് ഒരു വിഷയമല്ല; സര്‍വ്വശക്തനായ യഹോവയായ ദൈവത്തിന്‍റെ മുമ്പില്‍ മാത്രമേ ഞാന്‍ വണങ്ങുകയുള്ളൂ എന്നും എന്‍റെ കര്‍ത്താവിനെ മാത്രമേ ഞാന്‍ ആരാധിക്കുകയുള്ളൂ എന്നും തീരുമാനമെടുക്കുന്നവരുടെ അടുക്കല്‍ അവിടുന്ന് സ്വര്‍ഗ്ഗം ചാഞ്ഞിറങ്ങി വരികയും, ലോകം കാണ്‍കെ അവരുടെ കരംപിടിച്ച് നടക്കുകയും ചെയ്യുന്ന ദൈവം ഇന്നും ജീവിക്കുന്നു.

ദൈവകോപത്തിന്‍റെ തീയ്യില്‍ വെന്തുപോയ ഒരു ദേശത്തെയും അതിലെ നിവാസികളെയുംകുറിച്ച് പരിശുദ്ധാവ് രേഖപ്പെടുത്തിയിരിക്കുന്നത് ഉല്‍പ്പത്തി 19:24,25 വചനഭാഗങ്ങളില്‍ നമുക്കു വായിക്കുവാന്‍ കഴിയും.

"യഹോവ സൊദോമിന്‍റെയും ഗൊമോരയുടെയും മേല്‍ യഹോവയുടെ സന്നിധിയില്‍നിന്നു, ആകാശത്തു നിന്നു തന്നെ, ഗന്ധകവും തീയും വര്‍ഷിപ്പിച്ചു.ആ പട്ടണങ്ങള്‍ക്കും പ്രദേശത്തിന്നും മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികള്‍ക്കും നിലത്തെ സസ്യങ്ങള്‍ക്കും ഉന്മൂലനാശം വരുത്തി"
സൊദോം ഗൊമോര ദേശങ്ങളെയും ഇതിലെ നിവാസികളെയും ദൈവം നശിപ്പിക്കാനുണ്ടായ ചില കാരണങ്ങള്‍, പിന്നീട് കാലങ്ങള്‍ക്കുശേഷം ദൈവം തന്‍റെ ദാസനായ യെഹെസ്ക്കേല്‍ പ്രവാചകനില്‍ക്കൂടി യിസ്രായേല്‍ ജനത്തോട് വെളിപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്; യെഹെസ്ക്കേല്‍ 16:49,50
"നിന്‍റെ സഹോദരിയായ സൊദോമിന്‍റെ അകൃത്യമോ: ഗര്‍വ്വവും തീന്‍ പുളെപ്പും നിര്‍ഭയസ്വൈരവും അവള്‍ക്കും അവളുടെ പുത്രിമാര്‍ക്കും ഉണ്ടായിരുന്നു; എളിയവനെയും ദരിദ്രനെയും അവള്‍ സഹായിച്ചതുമില്ല. അവര്‍ അഹങ്കാരികളായി എന്‍റെ മുമ്പില്‍ മ്ളേച്ഛത ചെയ്തു; അതുകൊണ്ടു എനിക്കു ബോധിച്ചതുപോലെ ഞാന്‍ അവരെ നീക്കിക്കളഞ്ഞു"

അഹങ്കാരവും, ഗര്‍വ്വവും, തീന്‍പുളെപ്പും, മ്ലേച്ഛതയും, എളിയവരെയും ദരിദ്രരെയും കരുതാതിരിക്കയും ചെയ്ത സൊദോമിന്‍റെ അകൃത്യങ്ങള്‍ അവര്‍ കത്തിചാമ്പലാകുവാന്‍ കാരണമായെങ്കില്‍, ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്ന യെഹൂദബാലന്മാരെ നെബുഖദ്നേസര്‍ എന്ന ബാബേല്‍ രാജാവ് ഒരു എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളഞ്ഞിട്ടും, സത്യദൈവത്തെ മാത്രം ആരാധിച്ച യോഗ്യതയാണ് അവരുടെ കര്‍ത്താവ് ആ തീച്ചൂളയില്‍ ഇറങ്ങിച്ചെന്ന് തീയുടെ മണംപോലും തട്ടാതെ അവരെ രക്ഷിച്ചതിന്നു കാരണം.

എതിര്‍പ്പുകളുടെയും പ്രതികൂലങ്ങളുടെയും മദ്ധ്യത്തില്‍ ഒത്തുതീര്‍പ്പുകള്‍ക്കൊന്നിനും വിധേയപ്പെടാതെ, യേശുവിനെ മാത്രം കര്‍ത്താവായി അംഗീകരിച്ച്, യേശു കര്‍ത്താവിനെ മാത്രം ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന ദൈവപൈതല്‍ എത്രവലിയ തീച്ചൂളയില്‍ വീണാലും അവരുടെ ആരാധ്യനായ ക്രിസ്തു ഇന്നും ആ തീച്ചൂളയില്‍ വെളിപ്പെടുകയും തീയുടെ മണംപോലും തട്ടാതെ അവരെ രക്ഷിക്കുകയും ചെയ്യും.

ഈ വിഷയം ഒന്നുകൂടി വ്യക്തമാകുന്നതിനുവേണ്ടി, (നമ്മുടെ ജീവിതങ്ങളിലും ഉണ്ടാകുവാന്‍ സാധ്യതയുള്ള), *ദൈവവചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചില തീച്ചൂളകളെക്കുറിച്ച്കൂടി ഞാന്‍ ഓര്‍മ്മിപ്പിയ്ക്കാം*,
1) വേദനയുടെയും, പീഡയുടെയും തീച്ചൂള. യെശയ്യാവ് 48:10
2) (കഷ്ടതയുടെയും, നിലവിളിയുടെയും, സങ്കടങ്ങളുടെയും) മിസ്രയീം എന്ന തീച്ചൂള. യിരെമ്യാവ്. 11:4, 1 രാജാക്കന്മാര്‍ 8:51, ആവര്‍ത്ത. 4:20 / പുറപ്പാട് 3:7

ഈ സന്ദേശം വായിക്കുന്ന പ്രിയ സ്നേഹിതരേ, ഇന്നു നിങ്ങളെ അറിയിക്കുവാന്‍ ദൈവാത്മാവ് ഏല്‍പ്പിച്ച ആലോചന ഞാന്‍ അറിയിക്കട്ടെ; യേശുവിനെ രക്ഷിതാവും കര്‍ത്താവുമായി അംഗീകരിച്ച്, അവിടുത്തെമാത്രം ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന ആത്മീയ അനുഭവത്തില്‍ ജീവിച്ചാല്‍, ഇന്നു നിങ്ങള്‍ വീണുകിടക്കുന്ന വേദനയുടെയും, പീഡയുടെയും, കഷ്ടതയുടെയും, നിലവിളിയുടെയും, സങ്കടങ്ങളുടെയും തീച്ചൂളയില്‍ നിങ്ങള്‍ വെന്തുപോകാതെ, ആ തീയുടെ മണംപോലും തട്ടാതെ നമ്മെ രക്ഷിക്കുവാന്‍ കര്‍ത്താവ് ഇന്നും വിശ്വസ്തനാണ്. യെശയ്യാവ് 43:2 ("..*നീ തീയില്‍കൂടി നടന്നാല്‍ വെന്തു പോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല*")

*നാദാബിനും അബിഹൂവിനും അഗ്നിജ്വാല മരണം സമ്മാനിച്ചപ്പോള്‍, ശദ്രക്കിനും, മേശക്കിനും, അബേദ്നെഗോവിനും തീച്ചൂള യേശുവിനെ വെളിപ്പെടുത്തി, അഥവാ അവരുടെ തീച്ചൂളയില്‍ കര്‍ത്താവ് വെളിപ്പെടുന്നത് ലോകം അത്ഭുതത്തോടെ നോക്കിനിന്നു*.
ഒന്നുകൂടി വ്യക്തമായി ഞാന്‍ പറയട്ടെ, നമ്മുടെ (വേദനയുടെയും, പീഡയുടെയും കഷ്ടതയുടെയും, നിലവിളിയുടെയും, സങ്കടങ്ങളുടെയും) തീച്ചൂളകളില്‍ യേശു വെളിപ്പെടുന്നത് ഈ ലോകം അത്ഭുതത്തോടെ നോക്കി നില്‍ക്കും.

ഈ വാഗ്ദത്ത സന്ദേശം നിങ്ങള്‍ ഏറ്റെടുക്കുന്നുണ്ടെങ്കില്‍, ഇതില്‍ കരങ്ങള്‍വെച്ചുകൊണ്ട് *'ആമേന്‍'* പറഞ്ഞാട്ടെ,

നിങ്ങളെ അനുഗ്രഹിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട്,
ക്രിസ്തുവില്‍ സ്നേഹപൂര്‍വ്വം...

ദൈവദാസന്‍ ഷൈജു ജോണ്‍
(വചനമാരി,ഭോപ്പാല്‍ 9424400654)

Tags : #motivation
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.