സങ്കീ. 71:5 “യഹോവയായ കർത്താവേ, നീ എൻ്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ നീ എൻ്റെ ആശ്രയം തന്നേ.”
പുതിയ ഒരു അധ്യയന വർഷം ആരംഭിക്കുന്ന മാസമാണല്ലോ ഇത്. പുതിയ സ്കൂളുകളിലേക്കും പുതിയ ക്ലാസ്സുകളിലേക്കും ഒക്കെ പോകുവാൻ തയ്യാറെടുക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു പ്രചോദന സന്ദേശമായാണ് ഞാൻ ഇത് എഴുതുന്നത്.
രണ്ടു വർഷങ്ങൾക്കുമുമ്പ് ഇതുപോലെ ഒരു ജൂൺമാസാരംഭത്തിൽ ലോകമെങ്ങുമുള്ള കുഞ്ഞുങ്ങൾ വല്ലാതെ
സങ്കടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അതിന്നു കാരണമായത് 2023 മെയ് ഒന്നാം തിയ്യതി ആമസോൺ കാട്ടിനുള്ളിൽ ഉണ്ടായ ഒരു വിമാന അപകടമായിരുന്നു. നമ്മൾ അത് വാർത്തകളിൽ വായിക്കുകയും കാണുകയും ചെയ്തത് ഓർക്കുന്നുണ്ടായിരിക്കുമല്ലോ. ഏഴുപേർ സഞ്ചരിച്ച ഒരു ചെറിയ വിമാനം കൊടും കാട്ടിനുള്ളിൽ തകർന്നുവീണപ്പോൾ ആ വിമാനത്തിൽ ഉണ്ടായിരുന്ന പൈലറ്റടക്കം മൂന്നുപേർ മരണപ്പെടുകയും, നാലു കുട്ടികൾ മാത്രം അത്ഭുതകരമായി രക്ഷപ്പെടുകയും ഉണ്ടായി.
മൂത്ത കുട്ടിയുടെ പേർ ലെസ്ലി എന്നായിരുന്നു. അവൾക്ക് വെറും 13 വയസ്സ് മാത്രമാണ് പ്രായമുണ്ടായിരുന്നത്, അനുജത്തിക്ക് 9 വയസ്സ്, ഇളയ കുട്ടിക്ക് 4, ഏറ്റവും ഇളയ കുട്ടിക്ക് കഷ്ടിച്ച് ഒരു വയസ്സുമാത്രം. ലോകത്തിലെ ഏറ്റവും വലിയ ഭയാനകമായ, വന്യമൃഗങ്ങളും അനകോണ്ടപോലുള്ള പാമ്പുകളും ഒക്കെ ഉള്ള കൊടുംകാട്ടിൽ, തകർന്ന വിമാനത്തിൽ അമ്മയുടെ മൃതദേഹത്തിനരികിൽ എന്തുചെയ്യണമെന്നറിയാതെ അവർ കരഞ്ഞുകൊണ്ടുനിന്നു. അൽപനേരം കഴിഞ്ഞ് ലെസ്ലി തൻ്റെ സഹോദരങ്ങളോടു പറഞ്ഞു, ഇനിയും കരയണ്ട, ഞാൻ കൂടെ ഉണ്ടല്ലോ, നമുക്ക് ഇവിടെനിന്നും രക്ഷപെടാം. അവർ ചേച്ചിയെ കെട്ടിപ്പിടിച്ചു. വിമാനത്തിൽ ഉണ്ടായിരുന്ന വെള്ളവും ബിസ്കറ്റുകളും കൊച്ചുബാഗിൽ എടുത്തുകൊണ്ട്, കുഞ്ഞുവാവയെ ഒക്കത്തിരുത്തി അവർ കാട്ടിലൂടെ നടന്നു. എവിടേക്കാണ് പോകുന്നത് എന്നോ, എങ്ങനെ രക്ഷപ്പെടാമെന്നോ അവർക്ക് ഒരു രൂപവുമില്ലായിരുന്നു. കുഞ്ഞുകാലുകൾ തളരുമ്പോൾ അവർ വിശ്രമിക്കും, അൽപം വെള്ളം കുടിക്കും, ബിസ്കറ്റു കഴിക്കും പിന്നെയും നടത്തം തുടരും. അങ്ങനെ ദിവസങ്ങൾ ആഴ്ചകളായി അവർ കാട്ടിലൂടെ അലഞ്ഞുതിരിഞ്ഞു.
ഇതിനകം ആ വിമാനം തകർന്ന വിവരം അധികാരികൾ എല്ലാവരും അറിഞ്ഞു. അതിൽ ഉണ്ടായിരുന്നവരെല്ലാം മരിച്ചിരിക്കാമെന്നാണ് അവർ ആദ്യം കരുതിയത്. എന്നാൽ കുട്ടികൾ ആരും മരിച്ചിട്ടില്ല എന്ന കാര്യം ആ വിമാനത്തിൻ്റെ അരികെയെത്തിയപ്പോഴാണ് രക്ഷാപ്രവർത്തകർക്ക് മനസ്സിലായത്. അതുകൊണ്ട് ആ കുട്ടികളെ കണ്ടെത്തുവാനുള്ള ശ്രമം ഉടനെ അവർ ആരംഭിച്ചു. കുട്ടികൾ നടന്നുപോയ കാൽപ്പാടുകൾ പിന്തുടർന്നും, അവർ ഭക്ഷിച്ച് ഉപേക്ഷിച്ച ബിസ്കറ്റിന്റെ പുറംകവറുകൾ നോക്കിയും പട്ടാളക്കാർ അവരെ കണ്ടെത്തുവാൻ ശ്രമിച്ചെങ്കിലും ആ ശ്രമം ഫലംകണ്ടില്ല. ദിവസങ്ങൾ കഴിയുന്തോറും അവരെ ജീവനോടെ കണ്ടെത്താനാവുമോ എന്ന പ്രതീക്ഷയും കുറഞ്ഞുവന്നു. കാട്ടിലെ ജീവിതം പരിചയമില്ലാത്ത കുട്ടികൾ വല്ല വിഷഫലങ്ങളോ, കായകളോ ഭക്ഷിക്കുവാൻ സാധ്യതയുണ്ട്, വന്യജീവികൾ അവരെ ആക്രമിക്കുവാനും സാധ്യതയുണ്ട്. അതുകൊണ്ട് ആ കുട്ടികൾക്ക് ചില മുന്നറിയിപ്പുകൾ കൊടുക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് രക്ഷാപ്രവർത്തകർ ചിന്തിച്ചു. അവരുടെ ഉള്ളിൽ ഒരു ആശയം ഉദിച്ചു. ആ കുട്ടികൾക്ക് ഒരു കത്ത് (ഉപദേശങ്ങൾ) എഴുതി അവ അച്ചടിച്ച് ആമസോൺ കാടിനുമുകളിൽ വിമാനമാർഗ്ഗത്തിൽ ആകാശത്തുനിന്ന് വിതരണം ചെയ്യുവാൻ അവർ തീരുമാനിച്ചു. 'കുട്ടികളേ, നിങ്ങൾ ഭയപ്പെടേണ്ട, ഞങ്ങൾ നിങ്ങളുടെ തൊട്ടുപുറകിൽതന്നെയുണ്ട്, ഉടനെ നിങ്ങളുടെ അടുത്തെത്തും, നിങ്ങളെ രക്ഷിക്കും, നിങ്ങൾ ഒഴുക്കുള്ള വെള്ളത്തിൽ നിന്ന് മാത്രമേ കുടിക്കാവൂ, തുറസ്സായ പ്രദേശത്തുമാത്രമേ താമസിക്കാവൂ..' എന്നെല്ലാം എഴുതിയ ആ കത്തിൻ്റെ ആയിരക്കണക്കിന് കോപ്പികൾ ആമസോൺ കാട്ടിൽ കുട്ടികൾ സഞ്ചരിക്കുവാൻ സാധ്യതയുള്ള ഇടങ്ങൾനോക്കി ആകാശത്തുനിന്ന് അവർ വിതരണം ചെയ്തു. രക്ഷാപ്രവർത്തകരുടെ ആ ഉദ്യമം ഫലം കണ്ടു.
കാട്ടിൽ വീണുകിടന്ന ആ കത്തിൻ്റെ ഒരു കോപ്പി ലെസ്ലി കണ്ടു. അവൾ അത് എടുത്തു വായിച്ചു, ആ കത്തിലെ വാക്കുകൾ അവളുടെ ഹൃദയത്തിന് ആശ്വാസം നൽകി. തൻ്റെ കൂടെപ്പിറപ്പുകളെ അതു വായിച്ചുകേൾപ്പിച്ചു. പ്രതീക്ഷകൾ അസ്തമിച്ച് മരണത്തെ മുന്നിൽ കണ്ടിരുന്ന അവർക്ക് ആ കത്ത് ഊർജ്ജം പകർന്നു. ആ കത്തിൽ എഴുതിയിരുന്നതുപോലെ അവർ ചെയ്തു. അവസാനം 2023 ജൂൺ മാസം 9 തിയ്യതി, രക്ഷാപ്രവർത്തകർ അവരുടെ അടുത്തെത്തി, അവരെ രക്ഷിച്ചു.
ധൈര്യത്തിൻ്റെയും ദൃഢനിശ്ചയത്തിൻ്റെയും അതിജീവനത്തിൻ്റെയും ഒക്കെ ഉത്തമ ഉദാഹരണങ്ങളായി ഇന്നും ഈ കുട്ടികളുടെ ജീവിതം ലോകമെങ്ങുമുള്ള കുട്ടികൾക്ക് പ്രചോദനം നൽകിക്കൊട്ടിരിക്കുന്നു.
കുഞ്ഞുങ്ങളുടെ ജീവിതത്തിൽ പല പരീക്ഷകളും കടന്നുവരാൻ സാധ്യതയുണ്ട്, തെറ്റായ വഴികളിലേക്ക് മനസ്സ് തിരിയുവാൻ സാധ്യതയുള്ള പല സാഹചര്യങ്ങൾ ഉണ്ടായെന്നും വരാം, പ്രലോഭനത്തിൻ്റെ വാക്കുകളുമായി വഴിതെറ്റിക്കുവാൻ ചിലർ ശ്രമിച്ചെന്നും വരാം. വെല്ലുവിളികൾ എന്തുതന്നെയായാലും അതിൽ പരാജയപ്പെടരുത്. ലെസ്ലിക്ക് ആകാശത്തുനിന്ന് വീണുകിട്ടിയ കത്തുപോലെ, സ്വർഗ്ഗത്തിൽ നിന്ന് യേശുഅപ്പച്ചൻ മക്കൾക്ക് നൽകിയിരിക്കുന്ന സ്നേഹസന്ദേശമാണ് തിരുവചനം, വേദപുസ്തകം ദിവസവും വായിക്കണം, പ്രാർത്ഥിക്കണം, ബലപ്പെടണം, ധൈര്യപ്പെടണം, ധീരരാകണം. എന്നിട്ട് ദാവീദിനെപ്പോലെ പറയണം, ‘കർത്താവേ,..ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നേ’
എല്ലാവരും മക്കളെ ഓർത്ത് അഭിമാനിക്കും. ഈ അധ്യയനവർഷം മക്കൾക്ക് ഏറ്റവും അനുഗ്രഹമാകുവാൻ അങ്കിളും വചനമാരിപ്രയർ ഗ്രൂപ്പും പ്രാർത്ഥിക്കുന്നു.
കർത്താവനുഗ്രഹിക്കട്ടെ,
വചനമാരി ടീം. (ഭോപ്പാൽ)
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കേണ്ടതിന്നു വിളിക്കേണ്ട നമ്പർ: 9589741414, 7000477047, 07554297672, 7898211849
ഈ ആത്മീയ സന്ദേശം മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
വചനമാരിയിൽ നിന്നുള്ള അനുഗ്രഹ സന്ദേശങ്ങൾ കൃത്യമായി ലഭിക്കുവാൻ ഞങ്ങളുടെ ഈ ഫോൺ നമ്പറുകൾ നിങ്ങളുടെ മൊബൈൽ ഫോണിൽ ഇപ്പോൾതന്നെ സേവ് ചെയ്യുക 9424400654, 7898211849
വടക്കെ ഇൻഡ്യയിലെ സുവിശേഷപ്രവർത്തനങ്ങൾക്ക് കൈത്താങ്ങൽ നൽകുവാൻ ആഗ്രഹിക്കുന്നവരുടെ അറിവിലേക്കായി മധ്യപ്രദേശിലെ വചനമാരിയുടെ അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു
1) Bank A/C No. 13500100172414, VACHANAMARI, Federal Bank, M P Ngarag, Bhopal (IFSC : FDRL0001350)
2) Bank A/C No. 10020041096, SHAIJU JOHN, State Bank of India, Nayapura, Bhopal (IFSC : SBIN0010526)
GooglePay (UPI) No. 9424400654
PhonePe No. 7898211849