യോഹ. 1:26 “..ഒരുത്തൻ നിങ്ങളുടെ ഇടയിൽ നിൽക്കുന്നുണ്ട്”
മത്തായി 18:20 “രണ്ടോ മൂന്നോ പേർ എൻ്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ടു..”
കർത്താവ് തൻ്റെ ജനത്തിൻ്റെ നടുവിലുണ്ട്. അവരുടെ നടുവിൽ എക്കാലവും താൻ ഉണ്ടായിരിക്കണമെന്ന ആഗ്രഹംകൊണ്ടാണ് ഒരിക്കൽ യഹോവയായ ദൈവം മോശെയോട് “ഞാൻ അവരുടെ നടുവിൽ വസിപ്പാൻ അവർ എനിക്കു ഒരു വിശുദ്ധമന്ദിരം ഉണ്ടാക്കേണം” (പുറ. 25:8) എന്നു കൽപ്പിച്ചത്. അങ്ങനെ ദൈവം അവരുടെ നടുവിൽ വാസം ചെയ്തുകൊണ്ട് അത്ഭുതകരമായ രീതിയിൽ യിസ്രായേൽ ജനത്തെ നടത്തുന്ന കാഴ്ചയാണ് പിന്നീട് ചരിത്രത്തിൽ നമ്മൾ കാണുന്നത്.
സ്വർഗ്ഗീയ മഹിമകൾവെടിഞ്ഞ് താണലോകത്തേക്ക് മനുഷ്യസാദൃശ്യത്തിൽ ഇറങ്ങിവന്ന ദൈവപുത്രനായ യേശുക്രിസ്തുവും തൻ്റെ മക്കളുടെ ഇടയിൽ വസിക്കുവാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ്, യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുന്നവരുടെ ജീവിതത്തിൽ നടുവിലായി ഇന്ന് കർത്താവുള്ളത്. സ്തോത്രം !
ഒരു ദൈവപൈതലിന് ജീവിതത്തിൽ ഏറ്റവും പ്രത്യാശയും ധൈര്യവും നൽകുന്നത് കർത്താവ് നടുവിലുണ്ട് എന്ന ബോധ്യവും ഉറപ്പുമാണ്. ലൂക്കൊ. 24:36 ൽ വായിക്കുന്നത്, യേശുകർത്താവ് അവരുടെ നടുവിൽ നിന്നു; (നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു).
നമ്മുടെ ജീവിതത്തിലും സമാധാനത്തെ കെടുത്തുന്ന, സ്വസ്ഥതയെ ഇല്ലാതാക്കുന്ന, ഹൃദയത്തെ വിഷമിപ്പിക്കുന്ന, മനസ്സിനെ അലോസരപ്പെടുത്തുന്ന,… സകല വിഷയത്തിൻ്റെയും നടുവിൽ നിൽക്കുന്ന ഒരുവനുണ്ട്. അവൻ നമുക്കു സമാധാനം നൽകും.
(യേശുകർത്താവ് നമ്മുടെ നടുവിൽ ഉള്ളതുകൊണ്ട്), കർത്താവിനെ താണ്ടിയിട്ടല്ലാതെ ആർക്കും നമ്മുടെ അടുത്തുവരുവാൻ കഴിയില്ല. അവിടുത്തെ അനുവാദമില്ലാതെ ആർക്കും നമ്മെ തൊടുവാൻ സാധിക്കില്ല.
1 ശമുവേൽ 17 അധ്യായത്തിൽ യിസ്രായേൽ ജനത്തെ വെല്ലുവിളിച്ചുകൊണ്ട് യുദ്ധത്തിനുവന്ന ഗഥ്യനായ ഗൊല്യാത്തിനെക്കുറിച്ച് നമ്മൾ വായിക്കുന്നുണ്ടല്ലോ. യിസ്രായേൽ ജനം ഒരു മലഞ്ചെരുവിലും ഫെലിസ്ത്യർ മറ്റെ മലഞ്ചെരുവിലും നിന്നു, ഇതിനു രണ്ടിനും മധ്യത്തിലുള്ള താഴ്വരയിൽ നിന്നുകൊണ്ടാണ് ഗൊല്യാത്ത് ദൈവജനത്തെ വെല്ലുവിളിച്ചത്. അങ്ങനെ ഗൊല്യാത്ത് അവരുടെ നടുവിൽ നിന്നതുകൊണ്ട് അവനെ തോൽപ്പിച്ചിട്ടല്ലാതെ യിസ്രായേലിന് ഫെലിസ്ത്യരെ തൊടുവാൻ സാധ്യമായിരുന്നില്ല.
ഇവിടെ ഗൊല്യാത്തിലും ശക്തനായവൻ, അപ്പൊ. പൌലൊസ് പറയുന്നതുപോലെ, ധന്യനായ ഏകാധിപതിയും, രാജാധിരാജാവും, കർത്താധികർത്താവുമായ (1 തിമൊ. 6:15) യേശുക്രിസ്തു നമ്മുടെ ഇടയിൽ നിൽക്കുന്നതുകൊണ്ട് ഒരു ശത്രുവിനും അവനെ താണ്ടി നമ്മുടെ അടുത്തുവരുവാൻ കഴിയില്ല. ഒരു രോഗത്തിനും നമ്മെ കീഴ്പ്പെടുത്താൻ സാധിക്കില്ല, ഒരു ശക്തിക്കും നമ്മെ അപായപ്പെടുത്താൻ ഒക്കില്ല.
ഈ ദിവസം ദൈവാത്മാവിന് നമ്മോട് പറയാനുള്ള സന്ദേശം ഇതാണ്. കർത്താവ് നടുവിലുണ്ട്. ഏതു വിഷയമായിക്കൊള്ളട്ടെ, ഏതു തടസ്സമായിക്കൊള്ളട്ടെ, എത്ര വലിയ ശത്രുവായിക്കൊള്ളട്ടെ.. ഭയപ്പെടേണ്ട, അതിനും നമുക്കും ഇടയിലായി കർത്താവ് നിൽക്കുന്നുണ്ട്.
യോശുവ 4:3,7 വാക്യങ്ങളിൽ വായിക്കുന്നത്, യോർദ്ദാന്റെ നടുവിൽ, നിയമപെട്ടകത്തിൻ്റെ മുമ്പിൽ വെള്ളം രണ്ടായി പിരിഞ്ഞു എന്നാണ്. കരകവിഞ്ഞൊഴുകുന്ന യോർദ്ദാനെ ചിറപോലെ നിർത്തി ദൈവജനത്തെ അക്കരെ കടത്തിയത് അവരുടെ നടുവിൽനിന്ന നിയമപെട്ടകമായിരുന്നു. ആ നിയമപെട്ടകം ക്രിസ്തുതന്നെയായിരുന്നു.
ഇന്നും യേശു നടുവിൽനിന്നാൽ ഏതു യോർദ്ദാനും വഴിമാറും, ഏതു പ്രശ്നവും പരിഹരിക്കപ്പെടും, വിശ്വാസത്തോടെ ‘ആമേൻ’ പറയാം;
പ്രാർത്ഥനയോടെ,
ഭോപ്പാലിലെ വചനമാരിയിൽനിന്നും
ഷൈജു പാസ്റ്റർ (9424400654)
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7000477047, 9589741414
വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/D80lBfKVcRq73BC2ztuISe
https://chat.whatsapp.com/Hw3TAMCeyp00DLzOdFgNAk
*മദ്ധ്യപ്രദേശിലെ വചനമാരിയുടെ സുവിശേഷ പ്രവർത്തനങ്ങൾക്ക് സ്തോത്രക്കാഴ്ച / Vachanamari Subscription അയക്കുന്നവരുടെമാത്രം അറിവിലേക്ക്;*
VACHANAMARI
A/C No. 13500100172414, Federal Bank, M.P. Nagar, Bhopal
IFSC Code: FDRL0001350
*Googlepay Number*
9424400654


